പോസ്റ്റുകൾ വേണ്ട, യുട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്! ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് വിലക്ക്

പോസ്റ്റുകൾ വേണ്ട, യുട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്! ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് വിലക്ക്

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ മാസം 13നാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്.

പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ ഉദ്യോ​ഗസ്ഥർ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകൾക്കും വിലക്ക് ഏർപ്പെടുത്തുന്നത്.

ആരോ​ഗ്യ വകുപ്പിനു കീഴിലെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റുകളിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരവാകുന്നു എന്നാണ് വകുപ്പിറക്കിയ സർക്കുലറിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ സ്ഥാപന തലത്തിലോ, ജില്ലാ തലത്തിലോ തന്നെ നിരസിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന്; നാട്ടിലില്ലാത്തവരുടെ പട്ടിക തയ്യാറാക്കും

അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന്; നാട്ടിലില്ലാത്തവരുടെ പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍നാലിനു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിച്ചാല്‍ പട്ടികയില്‍ ഇടം നേടാം. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍ പറഞ്ഞു.

ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടു ശേഖരിക്കുമെന്നും സഞ്ജയ് എം കൗള്‍ പറഞ്ഞു. ഈ പട്ടിക വോട്ടെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു കൈമാറും. ഇതില്‍ ഉള്‍പ്പെട്ട ആരെങ്കിലും വോട്ടു ചെയ്യാനെത്തിയാല്‍ സത്യവാങ്മൂലവും വിരലടയാളവും ശേഖരിച്ച ശേഷമേ അനുവദിക്കൂ. പേര് ഒന്നിലധികം തവണ ചേര്‍ത്തവരെയും മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍നിന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നീക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്വര്‍ണവില 49,000 കടന്നു; പുതിയ റെക്കോര്‍ഡ്

സ്വര്‍ണവില 49,000 കടന്നു; പുതിയ റെക്കോര്‍ഡ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാര്‍, 100 വയസ്സ് പിന്നിട്ട 2,999 പേര്‍; മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാര്‍, 100 വയസ്സ് പിന്നിട്ട 2,999 പേര്‍; മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: ലാക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്.

3,70,933 യുവ വോട്ടര്‍മാരും 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കും. വോട്ടെടുപ്പിനായി 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകള്‍ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടാകും.

സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകള്‍, യുവാക്കള്‍ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകള്‍, 2,776 മാതൃക ബൂത്തുകള്‍ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലകളില്‍ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളില്‍ ഇതില്‍ നടപടി ഉണ്ടാകും. സുവിധ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, സക്ഷം, നോ യുവര്‍ കാന്‍ഡിഡേറ്റ് മൊബൈല്‍ ആപ്പ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും.

വോട്ടെടുപ്പ് ദിവസം ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാര്‍ഡുകള്‍ പ്രിന്റിങ്ങിന് അയച്ചു. ഇതില്‍ 17,25,176 കാര്‍ഡുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കി. ഇവ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു . ഈ മാസം അവസാനത്തോടുകൂടി വിതരണം പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചും വോട്ട് ചെയ്യാനാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കാട്ടാക്കടയിൽ ആർഎസ്‌എസ്‌ പ്രവർത്തകന് വെട്ടേറ്റു; നില ​ഗുരുതരം

കാട്ടാക്കടയിൽ ആർഎസ്‌എസ്‌ പ്രവർത്തകന് വെട്ടേറ്റു; നില ​ഗുരുതരം

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചം​ഗ സംഘമാണ് ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം.

വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്.

ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്ന് സൂചന. എന്നാൽ രാഷ്ട്രീയ വിദ്വേഷമാണോ ആക്രമണത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.