by liji HP News | Mar 16, 2024 | Latest News, കേരളം
കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള്‍ മോഷ്ടാവാണെന്നാണ് പൊലീസിന്റെ നിഗമനം. അനുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിരുന്നു. തോട്ടില്‍ അര്‍ധനഗ്നയായിട്ടായി രുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കമ്മല്‍ മാത്രമാണ് അനുവിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതെന്നും സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്‌ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഇരിങ്ങണ്ണൂരില്‍നിന്ന് വാഹനത്തില്‍ എത്തുന്ന ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായി മുളിയങ്ങലിലേക്ക് കാല്‍നടയായാണ് വീട്ടില്‍നിന്ന് അനു പുറപ്പെട്ടത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ആ സമയത്ത് തോട്ടിന് സമീപത്ത് ഒരു ചുവന്ന ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിയിരുന്നതായി നാട്ടുകാരി പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൈക്കുകാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബൈക്കുകാരന്‍ മോഷ്ടാവാണെന്ന നിഗമനത്തിലാണ് പൊലീസ്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുട്ടറ്റം വരെ മാത്രം വെള്ളമുള്ള തോട്ടില്‍ ഒരാള്‍ എങ്ങനെ മുങ്ങിമരിച്ചെന്നതാണ് കേസിലെ ദൂരൂഹത. നടന്നുപോകുന്നയാള്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണ്. മോഷണശ്രമത്തിനിടെ വീണതാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. റോഡിന് സമീപം തോട്ടില്‍ മൊബൈല്‍ ഫോണും പേഴ്‌സും വീണു കിടക്കുന്നുമുണ്ടായിരുന്നു.
by liji HP News | Mar 16, 2024 | Latest News, കേരളം
കേരള സർവകലാശാല കലോത്സവ വിവാദത്തിനെ തുടർന്ന് വിധികർത്താവായിരുന്ന പിഎൻ ഷാജി ആത്മഹത്യ ചെയ്ത് സംഭവം അന്വേഷിക്കാൻ കണ്ണൂരിൽ നിന്ന് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് അന്വേഷണ സംഘം കത്ത് നൽകി. പിഎന്‍ ഷാജിയെയും നൃത്ത പരിശീലകരെയും മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണം.
ഷാജിയെ കണ്ണൂരിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നും എഴുതിവച്ച ശേഷമായിരുന്നു ഷാജിയുടെ ആത്മഹത്യ. പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലുടെ നിർദേശപ്രകാരമാണ് കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചിരുന്നു. കലോത്സവം പൂർത്തീകരിക്കാൻ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം ഉയർന്നു. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം. കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി.
by liji HP News | Mar 16, 2024 | Latest News, കേരളം
ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് ശതാഭിഷേകം. പ്രണയവും വിരഹവും നിറഞ്ഞ ഗാനങ്ങൾക്കൊപ്പം ദാർശനികത തുളുമ്പുന്ന നിരവധി പാട്ടുകളാണ് ശ്രീകുമാരൻതമ്പി നമുക്ക് സമ്മാനിച്ചത്. സുഖത്തിലും ദുഖത്തിലും നമ്മൾ ശ്രീകുമാരൻതമ്പിയുടെ വരികളെ കൂട്ടുപിടിച്ചു. ജീവിതയാഥാർത്ഥ്യങ്ങൾക്കു മുന്നിൽ പകച്ചു നിന്നപ്പോൾ, പ്രിയപ്പെട്ടവർ അകന്നുപോയപ്പോൾ കയ്പ്പേറിയ അനുഭവങ്ങൾക്കുമുന്നിൽ ഇടറിവീണപ്പോൾ ആ വരികൾ കൂട്ടായി.
ആത്മാവിൽ വസന്തം വിടർത്തുന്ന ഭാവനയും ആതിരനക്ഷത്രമായി മാറുന്ന ആശകളും …..ഒറ്റനിമിഷം കൊണ്ട് തകർന്നടിയുന്നതും സുഖവും ദുഖവും നിഴലും നിലാവും പോലെ മാറി മാറി വരുന്നതും പാട്ടിലൂടെ നമ്മൾ അനുഭവിച്ചു.
1940 മാര്‍ച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ജനിച്ച അദ്ദേഹം പില്‍ക്കാലത്ത് ഗാനരചയിതാവ് എന്നതിന് പുറമെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ സീരിയല്‍ നിർമ്മാതാവ് എന്നീ നിലകളിലും ശോഭിച്ചു. മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന എണ്ണമറ്റ ഗാനങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള അദ്ദേഹം മൂവായിരത്തിലേറെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിട്ടുണ്ട്.
പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 1966 ല്‍ പുറത്തെത്തിയ കാട്ടുമല്ലിക എന്ന ചിത്രത്തില്‍ ഗാനരചയിതാവായാണ് അദ്ദേഹത്തിന്‍റെ സിനിമാ അരങ്ങേറ്റം. തൊട്ടു പിറ്റേവര്‍ഷം ഇറങ്ങിയ ചിത്രമേള എന്ന സിനിമയിലെ പാട്ടുകള്‍ മുന്നോട്ടുള്ള സിനിമാജീവിതത്തില്‍ വഴിത്തിരിവായി.
പ്രേം നസീറിനെ നായകനാക്കി, സ്വന്തമായി നിര്‍മ്മിച്ച് 1974 ല്‍ പുറത്തെത്തിയ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് സംവിധായകനായുള്ള ശ്രീകുമാരന്‍ തമ്പിയുടെ അരങ്ങേറ്റം. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം എണ്‍പതിലേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി. 26 സിനിമകള്‍ നിര്‍മ്മിച്ചു.
മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന പ്രതിഭയ്ക്ക് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരമടക്കം ലഭിച്ചു. ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്ക് കഴിഞ്ഞ കഴിഞ്ഞ തവണത്തെ വയലാര്‍ പുരസ്കാരം ലഭിച്ചു.
by liji HP News | Mar 16, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,480 രൂപയാണ്. ഗ്രാമിന് 6080 രൂപയും. ഈ മാസം ഒമ്പതിന് സർവകാല റെക്കോർഡിൽ(ഒരു പവന് 48,600) എത്തിയ സ്വർണവില. തുടർന്ന് മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.
ഈ മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. പിന്നീട് 2000 രൂപയിലധികം വർധിച്ച് ഈ മാസം 48,600 രൂപയിലെത്തി സ്വർണവില സർവകാല റെക്കോർഡിലെത്തികയായിരുന്നു,. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.
by liji HP News | Mar 16, 2024 | Latest News, കേരളം
കോഴിക്കോട് ഗവ:മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം രൂക്ഷം. ലക്ഷങ്ങളുടെ കുടിശ്ശികയെ തുടർന്ന് മരുന്ന് വിതരണ കമ്പനികൾ നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടതോടെയാണ് ക്ഷാമം രൂക്ഷമായത്. കഴിഞ്ഞദിവസം ജില്ലാ കളക്ടറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടർന്നാണ് സമരം തുടരുന്നത്.
കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തുനിന്ന് വലിയ തുക കൊടുത്ത് മരുന്നു വാങ്ങേണ്ട അവസ്ഥയാണ്. സർക്കാരിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു.
75 കോടി രൂപ കുടിശികയായതോടെ വിതരണക്കാര്‍ മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും നല്‍കുന്നത് നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഒരാഴ്ചയായി അനുഭവപ്പെട്ടുതുടങ്ങിയ പ്രതിസന്ധി ഇപ്പോള്‍ രൂക്ഷമായിട്ടും ബദല്‍ ക്രമീകരണങ്ങളൊന്നുമുണ്ടായിട്ടില്ല. ഫണ്ട് ലഭിച്ചാലുടന്‍ വിതരണക്കാര്‍ക്ക് പണം നല്‍കുമെന്നുമാത്രമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അതുവരെ ആശുപത്രിയിലില്ലാത്തവ രോഗികള്‍ പുറത്തുനിന്നുതന്നെ വാങ്ങേണ്ടിവരും.
Recent Comments