മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന വി.ബാബു അന്തരിച്ചു

മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന വി.ബാബു അന്തരിച്ചു

ചിറയിൻകീഴ്: മുതിർന്ന കോൺഗ്രസ്സ് നേതാവ് കിഴുവിലം’ ചെറുവള്ളിമുക്ക് കുന്നുംപുറത്ത് വീട്ടിൽ (ഷിബി ഭവൻ) വി.ബാബു അന്തരിച്ചു. റിട്ടേഡ് ഡെപ്യൂട്ടി തഹസീൽദാറും മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ ആറ്റിങ്ങൽ ഹൗസിഗ്സഹകരണ സംഘം പ്രസിഡന്റും മുൻ മന്ത്രി നിര്യാതനായ വക്കം പുരുഷോത്തമൻ്റെ സ്റ്റാഫ് അംഗവും ഡി സി മെമ്പറുമായിരുന്നു ഇദ്ദേഹം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് സ്വവസതിയിൽ നടക്കും.

‘അപകടം ഉണ്ടാകുമ്പോള്‍ ഗതാഗതം വിലക്കുമോ?’; ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാനാവില്ല

‘അപകടം ഉണ്ടാകുമ്പോള്‍ ഗതാഗതം വിലക്കുമോ?’; ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാനാവില്ല

കൊച്ചി: എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

ആചാരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ മറ്റൊരിടത്ത് അപകടം ഉണ്ടായി എന്നതിന്റെ പേരില്‍ വെടിക്കെട്ട് അനുവദിക്കാതിരിക്കരുതെന്നും കോടതി പറഞ്ഞു. എഡിഎംമാരുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി കര്‍ശനമായ നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നല്‍കാനും ഉത്തരവിട്ടു.

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി കാലങ്ങളായി നടക്കുന്ന വെടിക്കെട്ട് നിരോധിക്കാനാവില്ല. അപകടം ഉണ്ടാകുന്നത് സര്‍ക്കാര്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കാത്തതിനാലാണ്. എല്ലാ ക്ഷേത്രങ്ങളിലും വെടിക്കെട്ട് അനുവദിക്കണം എന്നല്ല പറയുന്നത്. വെടിക്കെട്ടിനോടനുബന്ധിച്ച് അപകടം ഉണ്ടാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അപകടം ഉണ്ടായാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയാണ്. അപകടം ഒഴിവാക്കാന്‍ സര്‍ക്കാരിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താം.

ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയും കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. 10 ഏക്കറോളം സ്ഥലം ഉള്ളതിനാല്‍ വെടിക്കെട്ട് സുരക്ഷിതമായി നടത്താനാകും എന്നാണ് കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചത്.

സുരക്ഷിതമായി വെടിക്കെട്ട് നടത്താന്‍ സൗകര്യം ഉണ്ടെന്ന് ആറാട്ടുപുഴക്കാരും അറിയിച്ചു. ഇതുവരെ അപകടം ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ചു. ക്ഷേത്രോത്സവങ്ങള്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ പൂരം കേരളത്തിന്റെ ആകെ ആഘോഷമാണ്. മൂവായിരം വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ആറാട്ടുപുഴ ക്ഷേത്രം എന്നാണ് കരുതുന്നത്. കാവശ്ശേരി പൂരവുംപ്രശസ്തമാണ്. അവിടെയും വെടിക്കെട്ട് കാലങ്ങളായി ആചാരത്തിന്റെ ഭാഗമാണ്.

രാത്രി കാടു കയറ്റിയ ചില്ലിക്കൊമ്പന്‍ രാവിലെ വീണ്ടും ജനവാസമേഖലയില്‍

രാത്രി കാടു കയറ്റിയ ചില്ലിക്കൊമ്പന്‍ രാവിലെ വീണ്ടും ജനവാസമേഖലയില്‍

പാലക്കാട്: ഇന്നലെ രാത്രി കാടു കയറ്റിയ ചില്ലികൊമ്പന്‍ എന്ന ആന രാവിലെ വീണ്ടും നാട്ടിലേയ്ക്ക് ഇറങ്ങി. ഇന്നലെ നെല്ലിയാമ്പതി ജനവാസമേഖലയില്‍ എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കൊമ്പന്‍ തിരിച്ചുപോയത്.

നാട്ടുകാര്‍ ചില്ലിക്കൊമ്പന്‍ എന്ന് പേരിട്ട കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇതുവരെ സൃഷ്ടിച്ചിട്ടില്ല. നേരത്തെ ചക്കയുടേയും മാങ്ങയുടേയും സീസണ്‍ഡ കാലത്താണ് എത്താറുണ്ടായിരുന്നത്. അടുത്തിടെയായി ആന നിരന്തരം ജനവാസകേന്ദ്രങ്ങളില്‍ എത്താറുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ഇടുക്കിയിലെ ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ കഴിഞ്ഞ ദിവസവും വീട് ആക്രമിച്ചു. 301 കോളനിയിലെ വീടാണ് ഇടിച്ചു പൊളിച്ചത്. കഴിഞ്ഞ ദിവസം പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് അരി ഭക്ഷിച്ചിരുന്നു.

‘തെരുവ് നായകള്‍ കുറുകെ ചാടും, സൂക്ഷിക്കുക’; അപകടം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

‘തെരുവ് നായകള്‍ കുറുകെ ചാടും, സൂക്ഷിക്കുക’; അപകടം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നിരത്തുകളില്‍ തെരുവ് നായകള്‍ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ ഭക്ഷണം തേടി റോഡുകളില്‍ കൂട്ടത്തോടെ ഇറങ്ങുന്നത് റോഡ് ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു.

റോഡപകടങ്ങള്‍ക്കു പ്രധാന കാരണം തെരുവ് നായകളാണ്, തെരുവ് നായകള്‍ മൂലം നിരത്തുകളില്‍ 1,376 അപകടങ്ങള്‍ ഉണ്ടായതായും എംവിഡി പറയുന്നു. ‘ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്കള്‍ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. അതിനാല്‍ ഒരു അടിയന്തരഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടത്.’

ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതെന്നും ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്റെ മുന്‍ഭാഗം തകര്‍ന്നു.