by liji HP News | Nov 23, 2024 | Latest News, കേരളം
കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.
എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന്(12) വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഒരു നഷ്ടപരിഹാരത്തുകയും കുട്ടിക്ക് നഷ്ടപ്പെട്ട ബാല്യകാലം മടക്കി നല്‍കില്ലെന്ന് 8 വര്‍ഷമായി കുട്ടി തളര്‍ന്നു കിടക്കുന്നത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ (60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്.
ഹൈക്കോടതി കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ഭാവി ചികിത്സയ്ക്കുള്ള തുകയായി 3 ലക്ഷം രൂപയും ഹൈക്കോടതി അധികമായി നഷ്ടപരിഹാര തുകയ്‌ക്കൊപ്പം ചേര്‍ത്തു. സഹായിക്കോ പരിചരിക്കുന്ന ആള്‍ക്കോ ഉള്ള തുക 10 ലക്ഷത്തില്‍ നിന്ന് 37.80 ലക്ഷമായി ഉയര്‍ത്തി, പെയിന്‍ ആന്റ് സഫറിങ് ചാര്‍ജ് 3 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി. അപകടത്തില്‍ സംഭവിച്ച സ്ഥിര വൈകല്യത്തിന് 11.08 ലക്ഷമാണ് എംഎസിടി കോടതി വിധിച്ചത്. ഇത് 43.65 ലക്ഷമായും ഉയര്‍ത്തി.
by liji HP News | Nov 23, 2024 | Latest News
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ. പോസ്റ്റൽ വോട്ടുകളിൽ 36 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്. പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് കൃഷ്ണകുമാർ വോട്ടെണ്ണൽ വീക്ഷിക്കുന്നത്. ഭാര്യയും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ മിനിയും ഒപ്പമുണ്ട്. അതേസമയം, ചേലക്കരയിൽ പോസ്റ്റൽ വോട്ടുകളിൽ യുആർ പ്രദീപും മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ 49 വോട്ടുകൾക്കാണ് പ്രദീപ് മുന്നിൽ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരിച്ചുകൊണ്ടുവരുമെന്നാണ് സി കൃഷ്ണകുമാർ നേരത്തെ പ്രതികരിച്ചത്. പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഇത്തവണ വിജയിക്കുമെന്ന ഉറപ്പിലാണ്. ഭൂരിപക്ഷം 5000ത്തിലധികം ഉണ്ടാവും. പ്രതീക്ഷിക്കുന്ന പോലെ അടിയൊഴുക്ക് ഉണ്ടായാൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സി കൃഷണകുമാർ പറഞ്ഞു.
അതേസമയം, കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. കോൺഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്‍റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്നും തെളിയിക്കണം.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ ചുവട് മാറ്റം നടത്തിയതിന്‍റെ എഫക്ടും മണ്ഡലത്തിലെ വലിയ ചര്‍ച്ചയായിരുന്നു.
by liji HP News | Nov 23, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വർക്കല താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിൽ പത്തനംതിട്ട സ്വദേശി ലിജു ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. നഗരൂർ സ്വദേശി അക്ബർ ഷായാണ് ആയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഗർഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെയും കൊണ്ടാണ് അക്ബർ ഷാ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെ കയ്യിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിയ ലിജു ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെ അക്ബർ ഷായുടെ ഭാര്യയേയും ചീത്ത വിളിച്ചു. അക്ബർ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു.
അപ്പോൾ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യിൽ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബർഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു. ആക്രമണത്തിൽ അക്ബർ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിർത്തി പൊലീസിന് കൈമാറുകയായിരുന്നു. വർക്കലക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ചങ്ങനാശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
by liji HP News | Nov 22, 2024 | Latest News, കേരളം
പാലക്കാട്: കൊടുവായൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.
by liji HP News | Nov 22, 2024 | Latest News, കായികം
ഹൈദരാബാദ്: ഐ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് മുന്‍ ചാംപ്യന്‍മാരായ ഗോകുലം കേരള എഫ്‌സി. ആവേശം അവസാന സെക്കന്‍ഡ് വരെ നിന്ന ഉദ്ഘാടന പോരില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശ്രീനിധി ഡെക്കാനെ തകര്‍ത്തു.
ആദ്യ പകുതിയില്‍ ശ്രീനിധി ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ഗോകുലം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചു. ഇഞ്ച്വറി സമയത്താണ് ഗോകുലം മൂന്നാം ഗോള്‍ വലയിലാക്കിയത്. പിന്നാലെ ശ്രീനിധി വീണ്ടും വല കുലുക്കിയെങ്കിലും അതു മതിയായില്ല.
ഗോകുലത്തിനായി നാചോ അബെലെഡോ, മാര്‍ട്ടിന്‍ ഷാവേസ്, റമഡിന്‍താര എന്നിവര്‍ വല ചലിപ്പിച്ചു. ശ്രീനിധിക്കായി ലാല്‍റോമാവിയയും ഡേവിഡ‍് മുനോസുമാണ് വലയില്‍ പന്തെത്തിച്ചത്.
കളി തുടങ്ങി 40ാം മിനിറ്റിലാണ് ശ്രീനിധി ലീഡെടുത്തത്. ഗോകുലത്തിന്റെ സമനില ഗോള്‍ 60ാം മിനിറ്റില്‍ ഷാവേസ് വലയിലാക്കി. അവസാന നിമിഷങ്ങളിലാണ് കേരള ടീം വിജയ ഗോള്‍ നേടിയത്. 84ാം മിനിറ്റില്‍ അബെലെഡോ രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത് റമഡിന്‍താരയുടെ ഗോള്‍ ടീമിന്‍റെ ജയം ഉറപ്പിച്ചു.
Recent Comments