രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഷിരൂരിൽ പരിശോധനക്ക് എത്തിയ നേവി സംഘം മടങ്ങി

രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഷിരൂരിൽ പരിശോധനക്ക് എത്തിയ നേവി സംഘം മടങ്ങി

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചാലും ദൗത്യ സംഘങ്ങൾ മേഖലയിൽ തുടരുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.

എന്നാൽ അപകട സ്ഥലത്തുള്ളത് ദേശീയ പാതയിലെ മണ്ണ് നീക്കം ചെയുന്ന ഒരു ജെസിബിയും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ്.ഇതിനിടെ ഷിരൂരിൽ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് ദൗത്യം തുടരണമെന്ന് റിട്ട. മേജർ എം. ഇന്ദ്രബാലൻ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാൻ തൃശൂരിൽ നിന്നുള്ള ടെക്നിക്കൽ സംഘം ഷിരൂരിൽ എത്തും.

ആറ് നോട്ടിൽ കൂടുതൽ അടിയൊഴുക്കുള്ള ഗംഗാവലിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ് നീക്കത്തിനും വെല്ലുവിളികളേറെയാണെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ പ്രതികരിച്ചു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി.

എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.അതേസമയം അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. പുഴയിലെ കുത്തൊഴുക്കും ചെളിയും ദൗത്യത്തിന് പ്രതിസന്ധിയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.

അഞ്ചു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ മലയോരമേഖലകളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

ഷൂട്ടിങ് മെഡലിനായി രമിതയും അര്‍ജുനും ഇറങ്ങും; പാരിസില്‍ ഇന്ത്യ ഇന്ന്

ഷൂട്ടിങ് മെഡലിനായി രമിതയും അര്‍ജുനും ഇറങ്ങും; പാരിസില്‍ ഇന്ത്യ ഇന്ന്

പാരിസ്: മെഡല്‍ നേടി അക്കൗണ്ട് തുറന്നതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് നാല് മെഡല്‍ പോരാട്ടത്തിനായി ഇറങ്ങും. ഷൂട്ടിങിലും അമ്പെയ്ത്തിലുമാണ് ഇന്ത്യക്ക് ഇന്ന് മെഡല്‍ പോരാട്ടം. ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ, പുരുഷ ഫൈനലുകളില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാലും അര്‍ജുന്‍ ബബുതയുമാണ് പ്രതീക്ഷകള്‍.

അമ്പെയ്ത്ത് പുരുഷ ടീം ഇനത്തില്‍ സ്വര്‍ണം, വെങ്കലം മെഡല്‍ പോരാട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. രാത്രി 8 മണിക്ക് ശേഷമാണ് മത്സരങ്ങള്‍.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കലം നേടി ഇന്ത്യയുടെ അക്കൗണ്ട് തുറന്ന മനു ഭാകര്‍ ഇന്ന് മിക്‌സഡ് ടീം ഇനത്തില്‍ മത്സരിക്കും. മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ തുടങ്ങുന്നും ഈ മത്സരത്തോടെയാണ്.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം യോഗ്യത. സരബ്‌ജോത് സിങ്, മനുഭാകര്‍, അര്‍ജുന്‍ സിങ് ചീമ, റിതം സംഗ്‌വാന്‍. ഉച്ചയ്ക്ക് 12.45 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ ഡബിള്‍സ്. തനിഷ് ക്രാസ്‌റ്റോ, അശ്വനി പൊന്നപ്പ- നമി മസ്റ്റുയാമ, ചിഹരു ഷിദ. ഉച്ചയ്ക്ക് 12.50 മുതല്‍.

ഷൂട്ടിങ്- പുരുഷ വിഭാഗം ട്രാപ്പ് യോഗ്യതാ റൗണ്ട്. പൃഥ്വിരാജ് ടോന്‍ഡെയ്മന്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ഫൈനല്‍. രമിത ജിന്‍ഡാല്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ഫൈനല്‍. അര്‍ജുന്‍ ബബുത. വൈകീട്ട് 3.30 മുതല്‍.

ഹോക്കി- പുരുഷ വിഭാഗം. ഇന്ത്യ- അര്‍ജന്റീന. വൈകീട്ട് 4.15 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ്. ലക്ഷ്യ സെന്‍- ജൂലിയന്‍ കറഗി. വൈകീട്ട് 5.30 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍. (ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവിണ്‍ രമേഷ് ജാദവ്). വൈകീട്ട് 6.31 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം സെമി. രാത്രി 7.40 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം വെങ്കല മെഡല്‍ പോരാട്ടം. രാത്രി 8.18 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം സ്വര്‍ണ മെഡല്‍ പോരാട്ടം. രാത്രി 8.41 മുതല്‍.

ടേബിള്‍ ടെന്നീസ്- വനിതാ സിംഗിള്‍സ്. മനിക ബത്ര- പ്രിതിക പാവ്‌ഡെ. രാത്രി 11.30 മുതല്‍.

പുലിക്കും കാട്ടാനയ്ക്കും പിന്നാലെ കരടിയും; പീരുമേട്ടില്‍ നാട്ടുകാര്‍ ഭീതിയില്‍

പുലിക്കും കാട്ടാനയ്ക്കും പിന്നാലെ കരടിയും; പീരുമേട്ടില്‍ നാട്ടുകാര്‍ ഭീതിയില്‍

ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങിയതോടെ ഭീതിയില്‍ നാട്ടുകാര്‍. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട ഒരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി.

പീരുമേട്ടില്‍ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഭീതി പടര്‍ത്തുന്നതിനിടെ കരടിയും ഇറങ്ങിയത് നാട്ടുകാരുടെ ഭയം വര്‍ധിപ്പിച്ചിരിക്കുകയാണ്. പീരുമേട് ടൗണില്‍ അഗ്‌നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തന്‍പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. പുറത്തേക്കിറങ്ങിയ രാജന്‍ ആക്രമണമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി കൃഷിയിടത്തില്‍ ഒളിച്ചു.

തുടര്‍ന്ന് മുറിഞ്ഞപുഴയില്‍ നിന്ന് വനം വകുപ്പ് സംഘവും പീരുമേട് ആര്‍ആര്‍ടി സംഘവും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകളുള്‍പ്പെടെ പരിശോധിച്ച് പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാമറ വഴി കരടിയുടെ സഞ്ചാരം നിരീക്ഷിക്കാനുളള നടപടിയും തുടങ്ങി. ആവശ്യമെങ്കില്‍ കൂട് ഉടനെ സ്ഥാപിക്കും.നിലവില്‍ പീരുമേട് ടൗണിന് സമീപം കാട്ടാനയും നിലയുറപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുളളതിനാല്‍ നാട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി; ബ്ലോക്ക് പഞ്ചായത്ത് മെമ്പറുൾപ്പെടെ രണ്ടു പേർക്ക് മരണം

നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി; ബ്ലോക്ക് പഞ്ചായത്ത് മെമ്പറുൾപ്പെടെ രണ്ടു പേർക്ക് മരണം

ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് എല്‍ ജി നിവാസില്‍ എം രജീഷ് (32), സുഹൃത്ത് കരോട്ടു വെളിയില്‍ അനന്തു (29) എന്നിവരാണ് മരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇവര്‍.

ഞായറാഴ്ച രാത്രി ഒന്‍പതോടെ കലവൂര്‍ മാരന്‍കുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖില്‍ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിത്തൂണില്‍ ഇടിച്ചശേഷം തോടിനുകുറുകെചാടി സമീപവാസിയായ വിജയകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു. കാറിന്റെ വലതുവശം വീടിന്റെ ഭിത്തിയിലും ഇടിച്ചു. അപകടശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.