by liji HP News | Feb 27, 2024 | Latest News, കേരളം
മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.
അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ മണിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
by liji HP News | Feb 27, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
by liji HP News | Feb 27, 2024 | Latest News, കേരളം
കണ്ണൂർ: അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കൽ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെ നിന്നു വിറകെടുത്തു അടക്കളയിലേക്ക് തിരികെ പോകുകയായിരുന്നു നസീമ.
വാതിൽക്കൽ കാൽ തുടയ്ക്കാനിട്ട തുണിയ്ക്കടിയിൽ പാമ്പ് കയറിക്കൂടിയത് ഇവർ അറിഞ്ഞില്ല. ഇതറിയാതെ കാൽ തുടയ്ക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെ രാവിലെ മരിച്ചു. ഭർത്താവ്: ഫക്രുദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ്). മരുമക്കൾ: അൻഷിന, നസ്മിന.
by liji HP News | Feb 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒറ്റദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തി. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയിലാണ് മോദി വിമാനം ഇറങ്ങിയത്.
അവിടെ നിന്ന് മോദി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് തിരിച്ചു. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും.
28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.
by liji HP News | Feb 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇനി ഉച്ചയൂൺ കഴിക്കാൻ പുറത്തിറങ്ങേണ്ടി വരില്ല. സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കാൻ കുടുംബശ്രീ ഉണ്ടാകും. ഇതിനായി കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ സജ്ജമാകുന്നു. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.
തുടക്കത്തിൽ ഉച്ചയൂണു മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിനു 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.
കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് വിതരണവും. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ച ശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. തുടക്കത്തിൽ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണമായിരിക്കും നൽകുക. വൃത്തിയോടെ രുചികരവും ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നൽകുന്നുവെന്നതാണ് മെച്ചമെന്നു കുടുംബശ്രീ പറയുന്നു. ഭക്ഷണ വിതരണത്തിൽ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അടുക്കള പ്രവർത്തിക്കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവർത്തനം.
ഏറ്റവും കുറഞ്ഞത് ആയിരം ഉച്ച ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാൻ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏൽപ്പിക്കും. ടു വീലർ സ്വന്തമായുള്ള ലൈസൻസുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുബാംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ആവശ്യക്കാരുടെ താത്പര്യം അറിഞ്ഞ് ഭാവിയിൽ കേരള ഊണിനു പുറമെ നോർത്ത് ഇന്ത്യൻ ഉച്ച ഭക്ഷണം, ജീവിതശൈലീ രോഗത്തിനു മുൻകരുതലായി ഡയറ്ററി ലഞ്ച്, നാരുകൾ കൂടുതൽ അടങ്ങിയ ഉച്ച ഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും.
Recent Comments