ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ മനോജ് അറസ്റ്റിൽ

ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ മനോജ് അറസ്റ്റിൽ

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2011 മുതൽ 29 വയസുകാരിയായ പെൺകുട്ടിയെ മനോജ് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിക്കുന്നതിൽ നിന്ന് മനോജ് പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകിയെന്ന് ഓൾഡ് ഭിലായ് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജ്കുമാർ ഭോർജ പറഞ്ഞു.

പീഡനം, ഭീഷണിപ്പെടുത്തൽ, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മനോജിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പോക്‌സോ വകുപ്പ് കോടതി തള്ളി. 2011 ൽ പോക്‌സോ വകുപ്പ് നില നിന്നിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.

‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മലയാളികളുടെ അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മലയാളികളുടെ അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍.

ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്.

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ഡല്‍ഹി: വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെ പേടിഎം(പിപിബിഎല്‍) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നാണ് വിജയ് ശര്‍മ പടിയിറങ്ങിയത്.

എല്ലാ ഇടപാടുകളും മാര്‍ച്ച് 15നകം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ആര്‍ബിഐ പേടിഎമ്മിന് നല്‍കിയ നിര്‍ദേശം.ഇതിന് പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി. മാര്‍ച്ച് 15നു ശേഷം പേ്ടിഎം ബാങ്കിന്റെ സേവിങ്‌സ് / കറന്റ് അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയിരിക്കുന്നത്.

മുന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുന്‍ ഐഎഎസ് ഓഫീസര്‍ രജനി സെഖ്രി സിബല്‍, എന്നിവരെ ഉള്‍പ്പെടുത്തി പിപിബിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.

ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പുഴ നീന്തിക്കടന്ന്; പാലം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോടതി

ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പുഴ നീന്തിക്കടന്ന്; പാലം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോടതി

ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ സ്വദേശികളായ ആദിവാസി കുട്ടികള്‍ കോടശേരി നദിയിലൂടെ നീന്തിക്കടന്ന് സ്‌കൂളില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാലം നിര്‍മിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ കലക്ടറോടും പഞ്ചായത്ത് അധികൃതരോടും കോടതി നിര്‍ദേശിച്ചു. ധാറിലെ ആദിവാസി കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെത്താന്‍ നദി നീന്തിക്കടക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് പത്രവാര്‍ത്ത വന്നതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്.

ഋഷബ് ഗുപ്ത എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ വിവേക് റുസിയ, അനില്‍ വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സ്ഥലം എംപിയുടെ വികസന ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ പാലം പണി എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവ്.

ഭീല്‍ സമുദായത്തില്‍പ്പെട്ട 30 സ്‌കൂള്‍ കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിനായി ദിവസവും നദി നീന്തിക്കടക്കുന്നത്. ഇല്ലെങ്കില്‍ 10-12 കിലോമീറ്റര്‍ ദൂരം റോഡിലൂടെ ദിവസം നടന്ന് വേണം സ്‌കൂളിലെത്താന്‍. 2011 ല്‍ ജില്ലാപഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നദിയില്‍ കലുങ്ക് നിര്‍മിക്കുന്നതിന് പഞ്ചായത്തിനും ഗ്രാമവികസന വകുപ്പിനും നിര്‍ദേശം അയച്ചിരുന്നു. എന്നാല്‍, പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. തുക അനുവദിക്കുകയും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്യേണ്ടതും സര്‍ക്കാരാണെന്നും കോടതി ഉത്തരവില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ആർക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു?; വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷൻ

ആർക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു?; വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷ അപര്യാപ്തമെന്നും, കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍. ടിപി ചന്ദ്രശേഖരന്റേത് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്തുണ്ടായ കൊലപാതകമല്ല. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വൈരാഗ്യവും ഇതിനു പിന്നിലുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഒരാളുടെ മാത്രം ബുദ്ധിയില്‍ ആലോചിച്ച് നടപ്പാക്കിയതല്ല ടിപി ചന്ദ്രശേഖരന്റെ വധം. നടന്നത് അതിക്രൂരമായ കൊലപാതകമാണ്. ആസൂത്രിതമായി നടപ്പാക്കിയതാണിത്. ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു എന്നത് പ്രധാന ചോദ്യമാണ്. ചെറുതാണെങ്കിലും ടിപിയുടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടത് കൊലപാതകത്തിന് കാരണമായി. വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെയും ടിപിയുടെ വിധവ കെ കെ രമയുടേയും ഹര്‍ജികളിലാണ് ഹൈക്കോടതിയില്‍ വാദം നടക്കുന്നത്. ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയര്‍ത്താന്‍ സാഹചര്യമുണ്ടോയെന്ന് വാദത്തിനിടെ, ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു. കെ കെ കൃഷ്ണന്റെ പ്രസം​ഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തത്. നടന്നത് ആസൂത്രിതവും അതിക്രൂരവുമായ കൊലപാതകമാണ്. ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ മാനസാന്തരപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.