by liji HP News | Feb 24, 2024 | Latest News, ദേശീയ വാർത്ത
ചണ്ഡീഗഢ്: ഹരിയാനയില്‍ നാല് വയസ്സുള്ള ആണ്‍കുട്ടിയടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഗുസ്തി പരിശീലകന്‍ ഗഗന്‍ ഗീത് കൗര്‍ സുഖ്‌വീന്ദറിന് വധശിക്ഷ വിധിച്ച് റോഥക് കോടതി 1.26 ലക്ഷം രൂപ പിഴയും വിധിച്ചു. സോനെപത് ജില്ലയിലെ ബറൗദ ഗ്രാമ നിവാസികളായ സുഖ്വീന്ദര്‍, മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, മകന്‍ സര്‍താജ്, ഗുസ്തി പരിശീലകരായ സതീഷ് കുമാര്‍, പര്‍ദീപ് മാലിക്, ഗുസ്തി താരം പൂജ എന്നിവരെ 2021 ഫെബ്രുവരി 12 ന് വെടിവച്ചു കൊന്നതിനാണ് ശിക്ഷ വിധിച്ചത്.
by liji HP News | Feb 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മതാചാര്യന്മാർ നിർവഹിക്കേണ്ട ധർമ്മങ്ങൾ ഭരണകൂട നേതാക്കൾ നിർവഹിക്കുകയും, ഭരണകൂടം നിർവഹിക്കേണ്ട കാര്യങ്ങൾ മതാചാര്യന്മാർ നിർവഹിക്കുകയും ചെയ്യുന്ന അപകടകരമായ ഒരു അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ അഭിപ്രായപ്പെട്ടു.
ജനതാദൾ (എസ്) ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൺവെൻഷൻ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ( എസ് ) ജില്ലാ പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. കൊല്ലംകോട് രവീന്ദ്രൻ നായർ, പി പി ദിവാകരൻ, വല്ലൂർ രാജീവ്, കെ എസ് ബാബു, സജീർ രാജകുമാരി, വേങ്ങോട് കൃഷ്ണകുമാർ, വി കെ ശ്രീജിത്ത്, തട്ടത്തുമല സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
by liji HP News | Feb 24, 2024 | Latest News, കേരളം
മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്. വരയിട്ട് നൽകുന്നതോടെ സ്ഥലം നഷ്ടപ്പെടുത്താതെ എഴുതാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
മെയിൻ ഷീറ്റിന് എട്ട് പുറങ്ങളുണ്ടാകും. ഇതിലാണ് വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തുക. നേരത്തെ ആൻസർ ബുക്ക്ലെറ്റിൽ (മെയിൻ ഷീറ്റ്) ഒരു പേജ് മാത്രമാണ് അഡീഷണൽ ഉത്തരക്കടലാസായി ഉണ്ടായിരുന്നത്. ഇനിമുതൽ മെയിൻ ഷീറ്റിലെ ബുക്ക്ലെറ്റിൽ ആറ് പുറങ്ങൾ ഉത്തരമെഴുതാൻ ഉണ്ടാകുന്നതാണ്.
കൂടുതലായി ആവശ്യപ്പെടുന്ന ഉത്തരക്കടലാസുകൾക്ക് രണ്ട് പുറമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇനിമുതൽ വരയിട്ട ഡബിൾ ഷീറ്റായിരിക്കും ഇത്. അതേസമയം കണക്ക് ഉൾപ്പടെയുള്ള വിഷയങ്ങൾക്ക് വരയിട്ട പേപ്പറുകൾ നൽകുന്നത് അനുചിതമാകുമെന്നതിനാൽ അത്തരം വിഷയങ്ങൾക്ക് മാത്രം പഴയ മോഡൽ ഉത്തരക്കടലാസ് നൽകാനാണ് സാധ്യത.
by liji HP News | Feb 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച മധ്യവയസ്‌കരായ 2 രോഗികളില്‍ ഒരാളുടെ വൃക്ക പൂര്‍ണമായും മറ്റൊരാളുടെ വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
സ്വകാര്യ ആശുപത്രികള്‍ ഇതേ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന നിരക്കിന്റെ മൂന്നിലൊന്നു മാത്രമാണ് ആര്‍സിസിയിലെ റോബട്ടിക് ശസ്ത്രക്രിയയ്ക്കു ചെലവായതെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.രേഖ എ.നായര്‍ പറഞ്ഞു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നതായും അവര്‍ പറഞ്ഞു.
സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും ചെയ്യാന്‍ റോബട്ടിക് സര്‍ജറി യൂണിറ്റിനു കഴിയും. ശസ്ത്രക്രിയ മൂലം രോഗികളുടെ രക്തനഷ്ടം, വേദന, അണുബാധ, മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ കുറയ്ക്കാനും വേഗം സുഖം പ്രാപിക്കാനും സഹായിക്കും.
സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.ഷാജി തോമസിന്റെ നേതൃത്വത്തില്‍ ഡോ.ജെ.ശിവരഞ്ജിത്, ഡോ.ആര്‍.ശ്രീവത്സന്‍, ഡോ.അഖില്‍ തോമസ് എന്നീ സര്‍ജന്‍മാരും അനസ്തീസിയ വിഭാഗം മേധാവി ഡോ. മേരി തോമസ്, ഡോ.വിജി പിള്ള, സ്റ്റാഫ് നഴ്‌സുമാരായ ഇന്ദു, രശ്മി, രമ്യ, അഞ്ജലി, ബൈജുദീന്‍, ഓപ്പറേഷന്‍ തിയറ്റര്‍ സാങ്കേതിക ടീമിലെ അംഗങ്ങളായ എബിന്‍, സന്തോഷ്, കിരണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.
by liji HP News | Feb 24, 2024 | Latest News, കേരളം
തൃശൂർ: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി. കുതിരാനിലാണ് വൻ ലഹരിവേട്ട. മൂന്നേമുക്കാൽ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്.
തൃശൂർ പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ദേശീയ പാതയിൽ ആഡംബര കാർ വളഞ്ഞാണ് ഇരുവരേയും പിടികൂടിയത്. തൃശൂർ, എറണാകുളം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്. പീച്ചി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Recent Comments