നിരവധി പിടിച്ചുപറി, ലഹരിവില്പന കേസുകളിലെ പ്രതിയെ കാപ്പനിയമപ്രകാരം വർക്കല പൊലീസ് അറസ്റ്റു ചെയ്തു

നിരവധി പിടിച്ചുപറി, ലഹരിവില്പന കേസുകളിലെ പ്രതിയെ കാപ്പനിയമപ്രകാരം വർക്കല പൊലീസ് അറസ്റ്റു ചെയ്തു

വർക്കല: ശ്രീനിവാസപുരം ലക്ഷ്മി വിലാസത്തിൽ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (27) ആണ് അറസ്റ്റിലായത്. വർക്കല, കല്ലമ്പലം പ്രദേശങ്ങളിൽ ഒളിത്താവളങ്ങളിൽ കഴിഞ്ഞ് ലഹരിവസ്തുക്കൾ ശേഖരിച്ച് വില്പന നടത്തി വരവെ നിരവധി തവണ ഇയാൾ പിടിയിലായിട്ടുണ്ട്.

2018 ൽ കല്ലമ്പലം സ്റ്റേഷൻ പരിധിയിലെ കവർച്ചാ കേസിൽ പ്രതിയാണ്. പൊലീസും ഡാൻസഫ് ടീമും നർക്കോട്ടിക് വിഭാഗവും 2022 ഫെബ്രുവരി 23 ന് വർക്കല സൗത്ത് ക്ലിഫിൽ പെരുംകുളത്തിന് സമീപം പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടജിൽ നിന്നും 7 .5 കിലോ കഞ്ചാവും 0.9 ഗ്രാം MDMA യും പിടിച്ചെടുത്ത കേസിലെ 10 പ്രതികളിൽ പ്രധാനിയാണ് വിഷ്ണു.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ , ഇടവ, പരവൂർ , വർക്കല എന്നീ സ്ഥലങ്ങളിൽ വ്യാപകമായി യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തിയിരുന്നു. സുരക്ഷിതമായി ലഹരി വിൽപ്പന നടത്തുന്നതിനും സംശയം തോന്നാതിരിക്കാനും കമിതാക്കൾ ചമഞ്ഞു ബൈക്കുകളിലും ആഡംബര കാറുകളിലും ബീച്ചുകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകുന്നതും ഇവരുടെ സംഘത്തിന്റെ രീതിയാണ്. ഈ സംഘത്തിലെ അംഗമാണ് വിഷ്ണു.

2023 ഒക്ടോബറിൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി വിൽപ്പന നടത്തി വന്ന മൂന്ന് അംഗ സംഘത്തിലെ പ്രതികൂടിയാണ് വിഷ്ണു. ഈ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വന്നിരുന്ന വിഷ്ണുവിനെ തിരുവനന്തപുരം ജില്ലാ റൂറൽ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരമാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഡി.വൈ.എഫ്.ഐ ഈസ്റ്റ്‌ – വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ദാഹജലം വിതരണം ചെയ്തു

ആറ്റിങ്ങൽ ഡി.വൈ.എഫ്.ഐ ഈസ്റ്റ്‌ – വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ദാഹജലം വിതരണം ചെയ്തു

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ ഭക്തജനങ്ങൾക്ക്‌ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ – വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെ.എസ് ആർ.ടി.സി ബസ് സ്റ്റാന്റിനു മുന്നിൽ ദാഹജലം വിതരണം ചെയ്തു

വര്‍ക്കലയില്‍ ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഗുരുതരാവസ്ഥയില്‍

വര്‍ക്കലയില്‍ ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. ചവര്‍കോട് സ്വദേശിയായ ലീലയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

ആറ്റുകാൽ പൊങ്കാല ഇന്ന്

ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: വ്രതം നോറ്റ് ഭക്തസാന്ദ്രമായി കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും ന​ഗരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയർപ്പിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ തലസ്ഥാനത്തെത്തിക്കഴിഞ്ഞു.

രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും