ആദ്യ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി

ആദ്യ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി

പാലക്കാട്: താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി. ഇടത് കാൽമുട്ടിന് പരിക്കേറ്റ രണ്ടു യുവാക്കൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഇതാദ്യമായാണ് കോട്ടത്തറ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുന്നത്. ഒട്ടേറെ പരാധീനതകൾക്കിടയിലാണ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി പ്രവർത്തിക്കുന്നത്. ശിശുമരണവും ഗർഭസ്ഥ ശിശു മരണവും പിടിച്ചു നിർത്താൻ പാടുപെടുന്ന ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ എന്നും പഴി മാത്രം കേട്ടാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് താക്കോൽദ്വാര ശസ്ത്രക്രിയയുടെ വിജയകരമായ പൂർത്തീകരണം. ഒരേ ദിവസം രണ്ടു ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്.

ബൈക്ക് അപകടത്തെ തുടർന്ന് കാൽ മുട്ടിന് പരിക്കേറ്റ ചിറ്റൂർ, തെങ്കര സ്വദേശികളായ രണ്ടു യുവാക്കൾക്ക് ആണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചിലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. സർക്കാരിൻറെ ആരോഗ്യ സുരക്ഷാ പദ്ധതി ഉപയോഗിച്ച് പൂർണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധശിക്ഷ

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധശിക്ഷ

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ വിധിച്ചു.

നാലു കേസുകളില്‍ മരണം വരെ തടവ് വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷമാണ് തടവ് ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.

കോഴിക്കോട് മിന്നൽ പണിമുടക്ക്; വെട്ടിലായി യാത്രക്കാർ

കോഴിക്കോട് മിന്നൽ പണിമുടക്ക്; വെട്ടിലായി യാത്രക്കാർ

കോഴിക്കോട്: കൊലാണ്ടിയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തുമാണ് സ്വകാര്യബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. ഇതോടെ വിദ്യാർത്ഥികളടക്കമുളള യാത്രക്കാർ പെരുവഴിയിലായി. ഇന്ന് രാവിലെയാണ് കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനെ പോലീസ് മർദ്ദിക്കുകയും, കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ജോലിയ്‌ക്ക് പോകുന്നവരും യാത്രക്കാരും ഉൾപ്പെടെ നിരവധി പേരാണ് മിന്നൽ സമരത്തിൽ വലഞ്ഞത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിന് പിന്നാലെ ബദൽമാർഗം സ്വീകരിച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.

അടുപ്പിൽ അഗ്നി പകർന്നു; പ്രസിദ്ധമായ ആറന്മുള വള്ളസദ്യ നാളെ മുതൽ

അടുപ്പിൽ അഗ്നി പകർന്നു; പ്രസിദ്ധമായ ആറന്മുള വള്ളസദ്യ നാളെ മുതൽ

പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിർന്ന പാചക വിദഗ്ധൻ വാസുപിള്ളയ്‌ക്ക് കൈമാറി. തുടർന്ന് അടുപ്പിലേക്ക് തീ പകർന്നു. നാളെയാണ് പ്രസിദ്ധമായ വള്ളസദ്യ.

വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി പുലർച്ചെ തന്ത്രി കുഴിക്കട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ട ദ്രവ്യ ഗണപതി ഹോമം നടത്തിയിരുന്നു. പത്ത് പള്ളിയോടങ്ങൾ ആദ്യ ദിനത്തിൽ വള്ളസദ്യയിൽ പങ്കെടുക്കും. ഒക്ടോബർ രണ്ട് വരെയാണ് വള്ളസദ്യ നടക്കുക. ഇക്കാലയളവിൽ 500 സദ്യകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യ ദിനത്തിൽ പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് വിവിധ ദിവസങ്ങളിലായി പങ്കെടുക്കുന്നത്. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും സർപ്പദോഷ പരിഹാരത്തിനും സന്താന ലബ്ദിയ്‌ക്കുമായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. സദ്യയുടെ നിലവാരം ഉയർത്തുന്നതിനായി പള്ളിയോടാ സേവാ സംഘം പ്രതിജ്ഞാബദ്ധരാണ്. പാസുള്ളവർക്ക് മാത്രമാകും വള്ളസദ്യകളിൽ പങ്കെടുക്കാനാവസരം.

തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അഞ്ചുദിവസം കേരളത്തില്‍ വ്യാപക മഴ, യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അഞ്ചുദിവസം കേരളത്തില്‍ വ്യാപക മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രാദേശിനും മുകളിലായി ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമേ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തിങ്കളാഴ്ചയോടെ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും വടക്കന്‍ കേരളത്തിലും ഇടുക്കിയിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.