കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് ചുമതലയേൽക്കും

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് ചുമതലയേൽക്കും

കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് ചുമതലയേൽക്കും. ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയാണ് പുതിയ ചീഫ് ജസ്റ്റിസ്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജി ആക്കി ഉയർത്തിയതിന് തുടർന്നാണ് പുതിയ നിയമനം.

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. വിപണി വില 4578 രൂപയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 20ന് 44,560 രൂപയായി ഉയര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. തുടര്‍ന്നുള്ള രണ്ടുദിവസം വില താഴുന്നതാണ് ദൃശ്യമായത്. രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

അനന്തപുരി എഫ്എം ഇനി ഇല്ല, പ്രസാർഭാരതിയുടെ അപ്രതീക്ഷിത നീക്കം

അനന്തപുരി എഫ്എം ഇനി ഇല്ല, പ്രസാർഭാരതിയുടെ അപ്രതീക്ഷിത നീക്കം

തിരുവനന്തപുരം: തിരുവനന്തപുരത്തെ അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിർത്തി. മീ‍ഡിയം വേവ് പ്രസരണികളുള്ള സ്ഥലങ്ങളിലെ പ്രാദേശിക വിനോദ ചാനലുകളായ എഫ്എം സ്റ്റേഷനുകൾ പ്രസാർഭാരതി നിർത്തിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് അനന്തപുരി എഫ്എം അടച്ചുപൂട്ടിയത്. കോഴിക്കോട് റിയൽ എഫ്എം നിലയവും വൈകാതെ നിലയ്ക്കും. നിലവിൽ ഈ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന പ്രധാന പരിപാടികൾ ആകാശവാണി നിലയങ്ങളിലൂടെ എഫ്എം ഫ്രീക്വൻസി വഴി കേൾക്കാം. തിരുവനന്തപുരത്ത് മറ്റൊരു എഫ്എം പ്രസരണി കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്.

ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നിർദ്ദേശമെത്തിയപ്പോഴാണ് തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും വിവരമറിഞ്ഞത്. 2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള എഫ്എമ്മിന്റെ അപ്രതീക്ഷ അടച്ചുപൂട്ടലിനെതിരെ പ്രതിഷേധം ശക്തമാണ്. വിനോദത്തിനൊപ്പം ജനോപകാരപ്രദമായ കൂടുതൽ പരിപാടികൾ ഉൾക്കൊള്ളിക്കുന്ന നയത്തിന്റെ ഭാ​ഗമായാണ് പ്രക്ഷേപണം നിർത്തിയതെന്നാണ് അധികൃതർ പറയുന്നത്.

മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു  കയറി

മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമൂട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയും ആയിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു.

കാർ നിന്ന് കത്തി, ഫയർഫോഴ്സെത്തി തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ മൃതദേഹം

കാർ നിന്ന് കത്തി, ഫയർഫോഴ്സെത്തി തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ മൃതദേഹം

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്സെത്തി തീയണച്ചു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാർ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.