by liji HP News | Jul 5, 2023 | Latest News, ജില്ലാ വാർത്ത
കടലാക്രമണവും തീരശോഷണവും ചെറുക്കുവാനായി അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് വരെയുള്ള തീരസംരക്ഷണ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനത്തിലൊതുങ്ങി.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ ഭാഗത്തെ തീരസംരക്ഷണത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള പുലിമുട്ട് നിർമ്മാണത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നടന്ന് മാസങ്ങൾ കഴിയുമ്പോഴും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് പാലംവരെയുള്ള രണ്ട് കിലോമീറ്റർ തീരഭാഗത്ത് 200 മീറ്റർ നീളത്തിലുള്ള പത്ത് പുലിമുട്ടുകൾ (ഗ്രോയിങ്ങുകൾ) ആണ് ആദ്യഘട്ടത്തിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്.
ഇതിനായി കിഫ്ബി മുഖാന്തിരം 22.53 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ നിർമ്മാണ ഉൽഘാടനം ഏപ്രിൽ 26 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു നിർവ്വഹിച്ചിരുന്നത്. കിഫ്‌ബി പദ്ധതികൾക്കും നിർമ്മാണ പ്രവർത്തികൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും ഇവ ഓരോ ഘട്ടങ്ങളിലായി പൂർത്തീകരിച്ചു മാത്രമേ നിർമാണ പ്രവർത്തികൾ ആരംഭിക്കുവാൻ കഴിയുകയുള്ളൂ എന്നുമാണ് ഈ വിഷയത്തിന്മേൽ ഹാർബർ ഇഞ്ചിനീയറിംഗ് വകുപ്പിന്റെ വാദം. നിലവിൽ വേ ബ്രിഡ്ജ് സ്റ്റാമ്പിങ്ങും, കോറികളിൽ നിന്നുള്ള സാമ്പുകളുടെ ടെസ്റ്റുകളും പൂർത്തീകരിക്കുവാൻ സാധിച്ചുവെന്നും ആഗസ്റ്റോടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുമെന്നുമാണ് പറയുന്നത്.
എന്നാൽ, നിർമ്മാണ പ്രവർത്തികൾ ഇനിയും അനന്തമായ് വൈകുവാനാണ് സാധ്യത, മഴ കനത്തതോടെ കോറികളിൽ ഖനനം നിർത്തിവെച്ചതും, കോറികളിൽ നിന്ന് എത്തിക്കുന്ന നിർമ്മാണ സാമഗ്രികൾ ശേഖരിക്കുവാനുള്ള സോർട്ടിങ് യാഡ്ന് താത്കാലിക സൗകര്യം കണ്ടെത്താൻ കഴിയാത്തതും പദ്ധതി വീണ്ടും വൈകുന്നതിന് കാരണമായേക്കുമെന്നാണ് സൂചന.
by liji HP News | Jul 5, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും. മഴക്കെടുതി മൂലം ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായതിനെ തുടർന്നാണ് ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചത്. മൂന്നേകാൽ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർമാർ നിർദേശിച്ചു.
by liji HP News | Jul 5, 2023 | Latest News, കേരളം
കൊച്ചി: കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു.
പാംബ്ല ഡാമിൽ നിന്ന് 500 ക്യുമെക്സ് വരെയും കല്ലാർകുട്ടി ഡാമിൽ നിന്ന് 300 ക്യുമെക്സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാൽ മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രതാ പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു. കെഎസ്ഇബി ഡാമുകളിൽ 17 % വെള്ളമുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്.
by liji HP News | Jul 4, 2023 | Latest News, കേരളം
രാജ്യത്ത് ദിനംപ്രതി തക്കാളി വില കുതിച്ചുയരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തക്കാളി വില പിടിച്ചുനിർത്താൻ പെടാപാട് പെടുകയാണ്. അതിനിടയിലാണ് തമിഴ്നാട്ടിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്ത എത്തുന്നത്. തക്കാളി വില 100 ഉം കടന്ന് 160 ഉം കടന്ന് കുതിക്കുമ്പോൾ തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം.
സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തത്. നാളെ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
by liji HP News | Jul 4, 2023 | Latest News, മരണം
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ശരത് ഭവനിൽ ശശിധരന്റെ ഭാര്യ ശകുന്തള (68) മരണപ്പെട്ടു. സംസ്കാരം വീട്ടു വളപ്പിൽ നടന്നു.
മകൻ ശരത്.
മരണാനന്തര കർമ്മങ്ങൾ 10.07.23 തിങ്കൾ രാവിലെ 8.30 ന്
Recent Comments