ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

അമ്പലപ്പുഴ: കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡ് പാലത്ര വീട്ടില്‍ ശശി (52) യെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ ഭവനത്തില്‍ അനില്‍ കുമാറിന്റെ കരുമാടിയിലുള്ള വീട്ടില്‍ രാത്രിയിലെത്തിയ പ്രതി വീട്ടില്‍ വെച്ചിരുന്ന അനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിളില്‍ ഒരു ഇരുമ്പ് കസേര വെച്ച ശേഷം അതിലും ബൈക്കിലും വയര്‍ ചുറ്റി വയറിന്റെ ഒരഗ്രം അനില്‍കുമാറിന്റെ വീടിന്റെ മുന്‍വശത്തുള്ള കെഎസ്ഇബിയുടെ വൈദ്യുത ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി കൊടുത്തു അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കരുമാടി ജംഗ്ഷനിൽ ലോട്ടറി വില്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ലോട്ടറി വില്‍പ്പനക്കായി ബൈക്ക് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ഇബിയിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തനിക്ക് ശത്രുക്കളാരും ഇല്ലാ എന്നായിരുന്നു അനില്‍ കുമാറിന്റെ മൊഴി, അത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളും, സംഭവങ്ങളും ഈ അടുത്ത കാലത്തു നടന്നിട്ടില്ലായെന്നു അയല്‍വാസികളും മൊഴി നല്‍കി. തുടര്‍ന്ന് അനില്‍കുമാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള പിഎസ്‌സി കോച്ചിങ് സെന്ററിലെ സിസിടിവിയില്‍ നിന്ന് ഹെല്‍മെറ്റ് ധരിച്ച് മുണ്ടും ഷര്‍ട്ടുമണിഞ്ഞ ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. ഇതിനെ പിന്തുടര്‍ന്ന് 60ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയും പരാതിക്കാരനായ അനില്‍കുമാറും തമ്മില്‍ അടുപ്പം ഉണ്ടോ എന്ന് സംശയിച്ചാണ് കൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി

ഐ എൻ ടി യു സി ഊരുപൊയ്ക യൂണിറ്റ് ഉദ്ഘാടനം നടന്നു

ഐ എൻ ടി യു സി ഊരുപൊയ്ക യൂണിറ്റ് ഉദ്ഘാടനം നടന്നു

ഐ എൻ ടി യു സി ഊരുപൊയ്ക യൂണിറ്റ് ഉദ്ഘാടനവും യൂണിഫോം വിതരണം ചെയ്തു. ഐ എൻ ടി യു സി റീജണൽ പ്രസിഡൻ്റ് അജിത്ത് പാട്ടത്തിൽ, ബ്ലോക്ക് സെക്രട്ടറി എം. എസ് ശശിധരൻ, ഐ എൻ ടി യു സി ജില്ലാ കമ്മറ്റി അംഗം രവി കുമാർ, ബ്ലോക്ക് പ്രസിഡൻ്റ് അഭയൻ എന്നിവർ പങ്കെടുത്തു.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 3 തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കടലിലേക്ക് ഒഴുക്കി പോയ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്

ഇന്ന് ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനാൽ ഇന്ന് ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. തിരുവനന്തപുരം – ന്യൂഡൽഹി, കേരള എക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30നാണ് യാത്ര തുടങ്ങുക. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം – പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക.

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ക്ലാസ് മുറികൾ ശുചീകരിക്കും

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ക്ലാസ് മുറികൾ ശുചീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേൽക്കുക. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.