ഇന്നും അതിതീവ്ര മഴ; ഇടുക്കിയിലും കണ്ണൂരും റെഡ്; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ) ലഭിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു.

ആറാം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലത്ത് മാത്രം. ആറാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രവചനം. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന

ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാമ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. അതേസമയം പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. വിജയ് നടത്തിയ സമീപകാല പരിപാടികള്‍ എല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ചര്‍ച്ച സജീവമായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. വിസികെ നേതാവ് തിരുമാവളവൻ പരസ്യമായി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു. അതേസമയം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് നടനായ ശരത് കുമാര്‍. ശരത് കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ പോര്‍ തൊഴില്‍ ചിത്രത്തിന്‍റെ വിജയാഘോഷം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. അതില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ എന്താണ് അഭിപ്രായം എന്നാണ് മാധ്യമങ്ങള്‍ ചോദിച്ചത്. ഇതില്‍ എല്ലാവരും രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് തന്‍റെ ആഗ്രഹം എന്നാണ് ശരത് കുമാര്‍ പറഞ്ഞത്.

തങ്കളുടെ കക്ഷി വിജയ് ഇത്തരത്തില്‍ വന്നാല്‍ കൂട്ടുകക്ഷിയാകുമോ എന്ന ചോദ്യത്തിന് ഒരു വ്യക്തി രാഷ്ട്രീയത്തിലേക്ക് വരും മുന്‍പ് തന്നെ സഖ്യകക്ഷിയാകുമോ എന്നത് ബാലിശമായ ചോദ്യമാണെന്നായിരുന്നു ശരത്കുമാറിന്‍റെ മറുപടി. ഇതിനെ തുടര്‍ന്ന് ഇത്തരം ചോദ്യങ്ങളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുമായി രൂക്ഷമായ തര്‍ക്കം തന്നെ ശരത് കുമാര്‍ നടത്തി. തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ സമത്വ മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തനം നന്നായി പോകുന്നുണ്ടെന്നും ശരത്കുമാര്‍ പറഞ്ഞു. മദ്യനിരോധനം അടക്കം തന്‍റെ കക്ഷിയുടെ ക്യാംപെയിനുകള്‍ നടക്കുന്നതായി ശരത് കുമാര്‍ പറഞ്ഞു.

പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; ഒറ്റപ്പാലം ബിജെപി കൗണ്‍സിലര്‍ കെ കൃഷ്ണകുമാര്‍ മരിച്ചു

പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; ഒറ്റപ്പാലം ബിജെപി കൗണ്‍സിലര്‍ കെ കൃഷ്ണകുമാര്‍ മരിച്ചു

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ (60) ആണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആര്‍എസ്എസിലും ബിജെപിയിലും നേതൃപദവികള്‍ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 2010- 15 കാലത്തും ഒറ്റപ്പാലം നഗരസഭയില്‍ കൗണ്‍സിലറായിരുന്നു. നഗരസഭയില്‍ പാലാട്ട് റോഡ് വാര്‍ഡിന്റെ പ്രതിനിധിയാണ്. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്.ആര്‍എസ്എസ് താലൂക്ക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നി പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.

മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും നടത്തി

മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും നടത്തി

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിന്റെയും സർക്കാർ ഹോമിയോ ആശുപത്രി ആറ്റിങ്ങലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും അംബേദ്കർ മെമ്മോറിയൽ ഗവ യുപി സ്കൂൾ കോരാണിയിൽ വച്ച് നടത്തി. ആറ്റിങ്ങൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന 7 സ്പെഷ്യാലിറ്റി ഒപിയിലെ ഡോക്ടർമാരും പങ്കെടുത്തു.
ആറ്റിങ്ങൽ ആശുപത്രി ആർഎംഒ ഹോമിയോപ്പതിയുടെ സാധ്യതകളെയും ഡിപ്പാർട്ട്മെന്റ് പദ്ധതികളെയും കുറിച്ച് ബോധവൽക്കരണ ക്ലാസും നൽകി. സീതാലയം സൈക്കോളജിസ്റ്റ് അഷ്ടമി കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷകർത്താക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസും എടുത്തു.

സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്; റെഡ് അലർട്ട് എറണാകുളത്ത്, അതിജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലർട്ടാണ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.