by liji HP News | Jul 1, 2023 | Latest News, കേരളം
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ടോൾ പിരിവ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായി.
ഇന്നുമുതൽ പ്രദേശത്തെ അഞ്ചുപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് നൽകി വരുന്ന ഇളവ് അനുവദിക്കാനാകില്ലെന്ന് കമ്പനി നേരത്തെ നിലപാടെടുത്തിരുന്നു. രാവിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെങ്കിലും കമ്പനി ഏതാനും വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചത് സംഘർഷത്തിനിടയാക്കി. ഇതിനിടെ ടോൾ ഗേറ്റിന് മുകളിൽ പ്രതിഷേധക്കാർ കയറി സ്‌കാനർ മറിച്ചിടാൻ ശ്രമിച്ചത് കമ്പനി ജീവനക്കാരുമായി വാക്കുതർക്കത്തിന് ഇടവച്ചു.
ഒടുവിൽ രമ്യ ഹരിദാസ് എംപി, പി പി സുമോദ് എംഎൽഎ, ഉൾപ്പെടെയുള്ളവർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ടോൾ പിരിക്കുന്നത് കമ്പനി തല്ക്കാലികമായി നിർത്തി വച്ചു. ഓഗസ്റ്റ് 15 വരെ തലസ്ഥിതി തുടരാനാണ് തീരുമാനം.
ഓഗസ്റ്റ് 15 ന് മുൻപ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൂടിയാലോചന നടത്തി ടോൾ പിരിവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത്.
by liji HP News | Jul 1, 2023 | Latest News, ജില്ലാ വാർത്ത
അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇത് സ്വപ്ന സാഫല്യത്തിന്റെ ദിനം. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി തയ്യാറാക്കിയ വിവിധ പദ്ധതികള്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിനായി മൂന്നു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ പുതിയ കെട്ടിടവും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മുപ്പത് ലക്ഷം രൂപയുടെ അത്യാധുനിക കമ്പ്യൂട്ടര്‍ ലാബും ഈ അധ്യയന വര്‍ഷം സാധ്യമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മികച്ച സ്‌കൂളുകളില്‍ ഒന്നായി അരുവിക്കര സ്‌കൂളിനെ ഉയര്‍ത്താനുള്ള പരിശ്രമങ്ങളാണ് എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളിലെ നവീകരിച്ച സര്‍ഗ്ഗം ഓഡിറ്റോറിയം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഓഡിറ്റോറിയം നവീകരിച്ചത്.
അത്യാധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ ലേണിംഗ് ഹബ്ബുകളായ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. പ്രമുഖ ഐ.ടി സ്ഥാപനമായ യു.എസ്.ടി ഗ്ലോബല്‍ തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടര്‍ ലാബുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കുട്ടികളിലെ വായനാ ശീലം വളര്‍ത്തുന്നതിനായി ‘വാക്കുകള്‍ പൂക്കുന്നിടം’ എന്ന് പേരിട്ട സ്കൂൾ ലൈബ്രറി ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളായ പി. പ്രശാന്തും, പ്രവീണും ചേര്‍ന്നാണ് ഒന്നര ലക്ഷം രൂപ ചെലവില്‍ ലൈബ്രറി നിര്‍മ്മിച്ചു നല്‍കിയത്. കെല്‍ട്രോണിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഭക്ഷണപ്പെട്ടി അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.കല ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ നിറയ്ക്കുന്ന ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് എടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ രംഗങ്ങളില്‍ സ്‌കൂളിന്റെ യശസ് ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി.എസ് സജീവ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍ ഹരിലാല്‍, വാര്‍ഡ് മെമ്പര്‍ ഗീതാ ഹരികുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റാണി ആര്‍ ചന്ദ്രന്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരായി.
by liji HP News | Jul 1, 2023 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കുട്ടികൾക്കും പഠിക്കാനും വളരാനും തുല്യ അവസരം സർക്കാർ ഉറപ്പാക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ കേരളം മുൻപന്തിയിലാണെന്നും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3800 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരം ഉറപ്പാക്കിക്കൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്നും രാജ്യത്ത് തന്നെ സ്ത്രീ സാക്ഷരതയിൽ സംസ്ഥാനം ഏറ്റവും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യ വികസന പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മണമ്പൂർ ഗവൺമെന്റ് യു.പി സ്കൂളിലെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ. എസ്. അംബിക എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയമാണ് മണമ്പൂർ ഗവൺമെന്റ് യു. പി സ്കൂൾ. 1923 മുല്ലപ്പള്ളി കോണത്ത് നാരായണപിള്ള ആരംഭിച്ച എൽ.പി സ്കൂൾ ആണ് പിൽക്കാലത്ത് സർക്കാരിന് സമർപ്പിക്കപ്പെട്ട് മണമ്പൂർ ഗവൺമെന്റ് യുപി സ്കൂളായി മാറിയത്.
ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും ഉൾപ്പെടെ വൻ ജനാവലിയാണ് ശതാബ്ദിയാഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
by liji HP News | Jul 1, 2023 | Latest News, കേരളം
കോട്ടയം എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന് ഉജ്ജ്വല തുടക്കം. ഉദ്ഘാടകയായെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പം ചുവടുവെച്ചാണ് ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയത്.
കഴിവില്ലാത്തവരെന്നു മുദ്രകുത്തപ്പെടുന്നവരുടെ ഉള്ളിനുള്ളിലെ കഴിവുകൾ കണ്ടെത്തി, അവരെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന സംരംഭങ്ങളിൽ പങ്കാളിയാകുമ്പോൾ ആരുടെ ഹൃദയവും നൃത്തം ചെയ്യുമെന്ന് മന്ത്രി ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി എലിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ‘മാജിക് വോയ്സ്’ ഗാനമേള ട്രൂപ്പിന് തുടക്കമിട്ടെന്നും മന്ത്രി കുറിച്ചു.
by liji HP News | Jul 1, 2023 | Latest News, ജില്ലാ വാർത്ത
എസ് എഫ് ഐ അംഗത്വ വിതരണം ആരംഭിച്ചു. അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക, മതനിരപേക്ഷതയുടെ പതാകയേന്തുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ യിൽ അംഗമാക്കുന്നത്. ആറ്റിങ്ങൽ ഏരിയ തല അംഗത്വ വിതരണ ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്കുളിൽ വെച്ച് നടന്നു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽ
വിതരണോദ്ഘടാനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്ങൽ,
അധ്യക്ഷനായിരുന്നു. ഏരിയ ജോ.സെക്രട്ടറി ആരോമൽ, നിതിൻ, ജിതിൻ എന്നിവർ പങ്കെടുത്തു.
Recent Comments