കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്

കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂർണ പ്ലസ് മൊബൈൽ ആപ്.

കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിലനിർത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് മൊബൈൽ ആപ് കൈറ്റ് വികസിപ്പിച്ചത്. അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യവും സമ്പൂർണ പ്ലസിൽ ഉണ്ടാകും. നിലവിൽ കുട്ടികളുടെ ഫോട്ടോ സ്‌കാൻ ചെയ്‌തോ അല്ലാതെയോ ആണ് സമ്പൂർണയിൽ അപ്‌ലോഡ് ചെയ്യുക. എന്നാൽ അധ്യാപകന് സമ്പൂർണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോർട്ടലിലെ പഠനസഹായികൾ അനായാസമായി സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികൾക്ക് തുടർന്ന് ലഭിക്കും.

മൊബൈൽ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂർണ പ്ലസിലെ സേവനങ്ങൾ ലഭ്യമാകും.സ്‌കൂൾ കുട്ടികൾക്കായി പ്രത്യേകം സൈബർ സേഫ്റ്റി പ്രോട്ടോകോൾ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്ലേസ്റ്റോറിൽ നിന്ന് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സമ്പൂർണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്‌കൂളുകളിൽ രക്ഷിതാവിന് സമ്പൂർണയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. സമ്പൂർണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകളിലായിരിക്കും. ജില്ലാ-അസംബ്ലി മണ്ഡലം-തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താല്പര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ എം.എൽ.എമാർക്കും മറ്റ് ജനപ്രതിനിധികൾക്കും മുൻകൈ എടുക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള വിശദാംശങ്ങൾ കൈറ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ് ഷാനവാസ്, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിലെ പേ വാര്‍ഡില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതാണ് ലത. പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്.

പാമ്പ് കടിയേറ്റ ലതയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ലതയെ കടിച്ച അണലി പാമ്പിനെ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തല്ലിക്കൊന്നു.

പൊതുസ്ഥലത്ത് ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ; സംഭവം തമ്പാനൂരിൽ

പൊതുസ്ഥലത്ത് ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ; സംഭവം തമ്പാനൂരിൽ

തിരുവനന്തപുരം: പൊതുസ്ഥലത്ത് വച്ച് ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പതിനൊന്നാം തീയതി തിരുവനന്തപുരം തമ്പാനൂരിൽ വച്ചായിരുന്നു സംഭവം.

നെയ്യാറ്റിൻകര പുതിയതുറ സ്വദേശി ടെറ്റസാണ് അറസ്റ്റിലായത്. ഗർഭിണിയായ യുവതിയെ ഇയാൾ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു.
അതേസമയം വഴിയാത്രക്കാരിൽ നിന്ന് പണം അപഹരിക്കാൻ ശ്രമിച്ച സംഭവത്തിൽ മറ്റ് രണ്ട് പേരെയും തമ്പാനൂർ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ചെന്നിത്തല സ്വദേശി പ്രവീൺ, മാക്കാൻ വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ അന്യസംസ്ഥാനങ്ങളിലടക്കം നിരവധി കേസുകളുണ്ട്.

സ്‌കൂൾ യൂണിഫോമിലെ ലോഗോയിൽ ഖുറാനും പള്ളിയും; പ്രതിഷേധം

സ്‌കൂൾ യൂണിഫോമിലെ ലോഗോയിൽ ഖുറാനും പള്ളിയും; പ്രതിഷേധം

തൃശ്ശൂർ: സ്‌കൂൾ യൂണിഫോമിൽ മത ചിഹ്നങ്ങൾ ഉൾപ്പെട്ട ലോഗോ പിൻവലിച്ച് കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂൾ. സംഘപരിവാർ സംഘടനകളും നാട്ടുകാരും പ്രതിഷേധമായി എത്തിയതോടെയാണ് വിവാദ ലോഗോ മാപ്പുപറഞ്ഞ് സ്‌കൂൾ മാനേജ്‌മെന്റ് പിൻവലിച്ചിരിക്കുന്നത്. ലോഗോ ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷകർത്താക്കൾ മാനേജ്‌മെന്റിനെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പിന്നാലെ വിഷയത്തിൽ മാപ്പുപറയുന്നതായും ലോഗോ നീക്കം ചെയ്യുന്നതായും അറിയിച്ചുകൊണ്ട് സ്‌കൂൾ അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

സ്‌കൂൾ യൂണിഫോമിലെ ഷർട്ടിന്റെ പോക്കറ്റിന്റെ സ്ഥാനത്താണ് മതചിഹ്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോഗോ പതിപ്പിച്ചത്. പള്ളിയും ഖുറാനുമായിരുന്നു ലോഗോയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ലോഗോ യൂണിഫോമിൽ നിന്നും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

യൂണിഫോമിൽ ഇതുവരെ സ്‌കൂൾ ഉപയോഗിച്ചുവന്നിരുന്ന മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റിന്റെ ലോഗോയാണ് നൽകിയിരുന്നതെന്നും എന്നാൽ രക്ഷിതാക്കൾ എതിർപ്പ് മാനിച്ച് പിൻവലിക്കുകയാണെന്നും സ്‌കൂൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇത് മൂലം രക്ഷിതാക്കളിൽ ഉണ്ടായ പ്രയാസത്തിന് ക്ഷമ ചോദിക്കുന്നതായും ഇ.എ റഷീദ് മാസ്റ്റർ(മാനേജർ). ടി.എം. അഫ്‌സബി(ഹെഡ് മിസ്ട്രസ്സ്) എന്നിവർ പറഞ്ഞു. ലോഗോ ഉള്ള യൂണിഫോം മടക്കി നൽകാനും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

കെ എസ് ഇ ബി ചീഫ് സേഫ്റ്റി കമ്മിഷണർ ജയരാജ് അന്തരിച്ചു

കെ എസ് ഇ ബി ചീഫ് സേഫ്റ്റി കമ്മിഷണർ ജയരാജ് അന്തരിച്ചു

കെ എസ് ഇ ബി ചീഫ് സേഫ്റ്റി കമ്മിഷണർ ജയരാജ് വി. (52) അന്തരിച്ചു. പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന നെയ്യാറ്റിൻകര വാസുദേവൻ്റെ മകനാണ്.