തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലയാട് സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ചികിത്സയ്ക്കെത്തിയ മഹേഷ് മദ്യലഹരിയില്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടർ അമൃതയുടെ പരാതി.

അപകടത്തിൽ പരിക്കേറ്റ മഹേഷ് ഇന്ന് പുലര്‍ച്ചെയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. പരിശോധനയിൽ മുറിവ് ഗുരുതരമല്ലെന്ന് കണ്ടെത്തി. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചുഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. മർദ്ദനത്തിന് ശേഷം മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ആരെവേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞതായി ഡോക്ടര്‍ കൂട്ടിച്ചേർത്തു.

വിദ്യ ഒളിവിൽ തന്നെ; ഇരുട്ടിൽ തപ്പി പൊലീസ്, രണ്ടു ഫോണും സ്വിച്ച് ഓഫെന്ന് വിശദീകരണം

വിദ്യ ഒളിവിൽ തന്നെ; ഇരുട്ടിൽ തപ്പി പൊലീസ്, രണ്ടു ഫോണും സ്വിച്ച് ഓഫെന്ന് വിശദീകരണം

പാലക്കാട്: വ്യാജ രേഖ കേസ് പുറത്തുവന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാതെ പൊലീസ്. വിദ്യയുടെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വിദ്യയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. അഗളി സി.ഐ സലീമിൻ്റെ നേതൃത്വത്തിൽ അട്ടപ്പാടി കോളേജിലും പരിശോധന നടന്നുവരികയാണ്. വിദ്യക്ക് അട്ടപ്പാടിയിൽ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് പൊലീസ് പരിശോധിക്കും

ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

വെള്ളറടയിൽ ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലയിൻകാവ് സ്വദേശിയായ മണികണ്ഠൻ ആണ് പിടിയിലായത്. മലയിൻകാവ് നന്ദനത്തിൽ ശാന്തകുമാറിനെയാണ് (48) മണികണ്ഠൻ കൊലപ്പെടുത്തിയത്.

ശനിയാഴ്ചയായിരുന്നു മണികണ്ഠൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ മർദ്ദിച്ചത്. ​ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ എട്ടാം തീയതിയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്. സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴാണ് ശാന്തകുമാർ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. ശാന്തകുമാറിനെ മർദ്ദിച്ച പ്രതി മണികണ്ഠനെ അക്കാനി മണിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

തല മുതൽ കാൽപ്പാദം വരെ മുറിവുകൾ; തീരാ നോവായി നിഹാല്‍ നൗഷാദ്

തല മുതൽ കാൽപ്പാദം വരെ മുറിവുകൾ; തീരാ നോവായി നിഹാല്‍ നൗഷാദ്

കണ്ണൂർ: പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ തീരാ നോവിൽ തേങ്ങി കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള നൗഷാദ് മകന്‍റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ജൂനിയർ ലീഗ് സംഘടിപ്പിച്ചു

ജൂനിയർ ലീഗ് സംഘടിപ്പിച്ചു

ജൂനിയർ കരാട്ടെ താരങ്ങൾക്ക് മത്സര പരിചയവും പ്രോത്സാഹനവും നൽകുന്നതിന് വേണ്ടി ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസ് ജൂനിയർ കുമിത്തെ ലീഗ് സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പ്രമുഖ താരങ്ങൾ ഉൾപ്പടെ 38 പേർ പങ്കെടുത്തു. 2023 മുതൽ നിലവിൽ വന്നിരിക്കുന്ന പുതിയ മത്സര നിയമ പ്രകാരം അന്താരാഷ്ട്ര പ്രിമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന തരത്തിൽ റൗണ്ട്റോബിൻ രീതിയിലാണ് മത്സരങ്ങൾ നടന്നത്.

വീറും വാശിയും കൊണ്ട് ആവേശം പകർന്ന മത്സരങ്ങളിൽ വീഡിയോ റിവ്യു ഉൾപ്പടെ നടപ്പാക്കിയിരുന്നത് കൊണ്ട് തന്നെ ഒരു പരാതിയും ഇല്ലാതെ മത്സരങ്ങൾ നടത്താൻ കഴിഞ്ഞു. ആൺ കുട്ടികളുടെ വിഭാഗത്തിൽ ആറ്റിങ്ങൾ കരാട്ടെ ടീമിൽ നിന്നുള്ള ദേവസൂര്യ ചാമ്പ്യനായി ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും സ്വന്തമാക്കി. ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നും ഉള്ള സൂരജ് ഷാജി രണ്ടാം സ്ഥാനവും ആലപ്പുഴ ഡ്രാഗൺ വേ കരാട്ടെ ടീമിൽ നിന്നുള്ള അലൻ അലക്സാണ്ടർ, തിരുവനന്തപുരം വി വി കരാട്ടെ ടീമിൽ നിന്നുള്ള അരവിന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം വി വി കരാട്ടെ ടീമിൽ നിന്നുള്ള ലക്ഷ്മി വിമൽ ചാമ്പ്യനായി ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും നേടി. വി വി കരാട്ടെ ടീമിൽ നിന്നുള്ള ആര്യ കൃഷ്ണ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നുള്ള അയിശ്വര്യ ശ്രീകുമാർ, തൃശ്ശൂർ ജിസിജുക്കു കരാട്ടെ ടീമിലെ ഗോപിക എന്നിവർ മൂന്നാം സ്ഥാനവും നേടി. കേരളാ യൂണിവേഴ്സിറ്റി കായിക വിഭാഗം മുൻ ഡയറക്ടർ ഡോ. കെ കെ വേണു വിജയികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിച്ചു.