by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഖിലിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായും വിശ്വസിക്കാതെ പൊലീസ്. കടം വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുചോദിക്കുമെന്ന ആശങ്കയില്‍ ആതിരയെ കൊലപ്പെടുത്തിയെന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ആതിര സ്വര്‍ണവും പണവും തിരിച്ചു ചോദിച്ചിട്ടില്ലെന്നും അഖില്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ഭാവിയില്‍ സ്വര്‍ണവും പണവും തിരിച്ചു ചോദിക്കുമെന്ന ആശങ്കയില്‍ ഒരാള്‍ കൊലപാതകം നടത്തിയെന്നത് പൂര്‍ണമായും വിശ്വസിക്കാവുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. അഖിലാണെങ്കില്‍ മറ്റു കുറ്റകൃത്യ ചരിത്രമൊന്നും ഇല്ലാത്തയാളാണ്. ഇങ്ങനെയൊരാള്‍ ആസൂത്രിതമായി ഇത്തരമൊരു കൊല നടത്താനുള്ള സാധ്യത എത്രത്തോളമെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വനത്തിനുള്ളില്‍ വച്ച് എന്താണ് സംഭവിച്ചിരിക്കുകയെന്നതില്‍ വിവരം ലഭിക്കുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ ഭിന്നതയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ആതിര അഖിലിനൊപ്പം പോവാനിടയില്ലെന്നാണ് പൊലീസ് കരുതുന്നത്. വനത്തിനുള്ളില്‍ മറ്റെന്തെങ്കിലും സംഭവിച്ചിരിക്കാനും അതില്‍ ഇവര്‍ രണ്ടു പേരും അല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടായിരിക്കാനുമുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വിശദമായ അന്വേഷണത്തിലേ ഇക്കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊലിസ് പറയുന്നു.
ഒരാഴ്ച മുമ്പാണ് കൊല്ലപ്പെട്ട അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിര(26)യെ കാണാതാകുന്നത്. അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു അഖിലും ആതിരയും. വേറെ വിവാഹം കഴിച്ച ഇരുവര്‍ക്കും കുട്ടികളുമുണ്ട്. അഖില്‍ പണയം വെയ്ക്കാനായി ആതിരയില്‍നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കടം വാങ്ങിയിരുന്നു. ഇതു തിരിച്ചു ചോദിക്കുമെന്ന ആശങ്കയില്‍ കൊല ആസൂത്രണം ചെയ്‌തെന്നാണ് അഖിലിന്റെ മൊഴി.
അതിരപ്പിള്ളിയിലേക്ക് വിനോദയാത്രപോകാമെന്ന് പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചു. ഏപ്രില്‍ 29ന് രാവിലെ ഭര്‍ത്താവ് സനല്‍ ആണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. ഇവിടെ നിന്നും ആതിര പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്കാണ് പോയത്. റെന്റ് എ കാര്‍ വിളിച്ച് കാത്തുനിന്ന അഖില്‍ ആതിരയുമായി അതിരപ്പിള്ളിയിലെത്തി. തുമ്പൂര്‍മുഴി വനത്തിന് സമീപം പ്രധാനറോഡില്‍ വാഹനം നിര്‍ത്തി ഇരുവരും പിന്നീട് വനത്തിനുള്ളിലേക്ക് പോയി.
ഇവിടെ ഒരുപാറക്കെട്ടിന് സമീപം അല്‍പ്പനേരം ഒരുമിച്ചിരുന്നു. തുടര്‍ന്നാണ് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാനായി നിലത്തുവീണു കിടന്ന ആതിരയുടെ കഴുത്തില്‍ പലതവണ ചവിട്ടുകയും ചെയ്തു. ഇതിനുശേഷം മൃതദേഹം കരിയിലകള്‍കൊണ്ട് മൂടിയിട്ടുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്നരീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

സംഭവദിവസം ഫോണ്‍ എടുക്കേണ്ടെന്ന് അഖില്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ആതിരയെ കാണാതായ ശേഷം അഖിലിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഖിലും ആതിരയും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയായ അഖില്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ‘അഖിയേട്ടന്‍’ എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്.
by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷൻ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, മിനി ദമ്പതികളുടെ മൂത്ത മകൻ മിഥുൻ (28) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മിഥുൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. നാല് ദിവസത്തോളം ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് മിഥുൻ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതിനെ തുടർന്ന് ഇൻജക്ഷൻ എടുക്കാൻ ജില്ല ആശുപത്രിയിൽ എത്തിയതായിരുന്നു മിഥുൻ. ഇൻജക്ഷൻ എടുത്ത ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ മാർക്കറ്റ് ജങ്ഷനിൽനിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുൻ. ഏക സഹോദരൻ ദീക്ഷിത്ത്.

by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാലിന്യമുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഊർജ്ജം പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മാലിന്യമുക്തകേരളം മഴക്കാലപൂർവശുചീകരണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ, നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ക്യാമ്പയിൻ വിജയത്തിലെത്തിക്കാൻ തീവ്രപരിശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, മറ്റ് ജനപ്രതിനിധികൾ, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പേരൂർക്കട ജില്ലാ ആശുപത്രി വികസന സമിതി അംഗങ്ങൾ, നഗരസഭാ ശുചീകരണത്തൊഴിലാളികൾ, യുവജനസംഘടനകൾ എന്നിവരും ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മഹാകവി കുമാരനാശാന്റെ 151-ാമത് ജന്മദിനാഘോഷങ്ങൾ കായിക്കരയിൽ സമാപിച്ചു. ഒരാഴ്ചകാലം നീണ്ടുനിന്ന വിവിധ പരിപാടികളോടെയാണ് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആശാൻ 151-ാമത് ജന്മദിനം ആഘോഷിച്ചത്.
കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ, ആർ. ശങ്കർ അനുസ്മരണ സമ്മേളനം, മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും കണ്ടുമുട്ടിയതിന്റെ ശതാബ്ദി സമ്മേളനം, ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി സമ്മേളനം,വനിതാ സമ്മേളനം, കാവ്യാർച്ചന,കാവ്യസംവാദം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ യുവ കവികൾക്കുള്ള കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരവും വിതരണം ചെയ്തു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് യുവകവി പുരസ്കാരം.

കായിക്കരയിൽ ചേർന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, യുവകവി പുരസ്കാര വിതരണവും നിർവഹിച്ചു.
ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു. ആശാൻ ശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം ജോർജ് ഓണക്കൂർ നിർവഹിച്ചു. ജന്മശതാബ്ദി സ്മാരക ഗ്രന്ഥശാലയ്ക്ക് 201 എൻജിനിയറിംഗ് പുസ്തകങ്ങൾ കൈമാറിയ എൻജിനിയർ ഹരീന്ദ്രനാഥനെ ചടങ്ങിൽ ആദരിച്ചു.
കലാസാഹിത്യമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും കാഷ് പ്രൈസും മഹാകവി കുമാരനാശാന്റെ പൗത്രി നളിനി വിജയരാഘവൻ വിതരണം ചെയ്തു. അസോസിയേഷൻ ട്രഷറർ ബി.ഭുവനേന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, യുവകവി പുരസ്കാരം നേടിയ കലേഷ്,ഗവേണിംഗ് ബോഡി അംഗങ്ങളായ, സി.വി.സുരേന്ദ്രൻ, അഡ്വ.ആനയറ ഷാജി,ഗീത നസീർ, ശാന്തൻ എന്നിവർ സംസാരിച്ചു.
ചുരുങ്ങിയ സമയങ്ങൾ കൊണ്ട് ആശാൻ ശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥം തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത അസോസിയേഷൻ ട്രഷറർ ബി.ഭുവനേന്ദ്രനെ അസോസിയേഷൻ ഗവേണിംഗ് ബോഡി അനുമോദിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് സ്വാഗതവും സെക്രട്ടറി വി.ലൈജു നന്ദിയും പറഞ്ഞു.
by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. 26 കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. ബെംഗളുരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മല്ലേശ്വരം ക്ഷേത്രത്തിൽ സമാപിക്കും. 28 പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ നടക്കുക. രാവിലെ പത്തിന് ആരംഭിച്ച് 12. 30 ഓടെ റോഡ് ഷോ സമാപിക്കും. നാളെയാകും ബാക്കിയുള്ള റോഡ് ഷോ നടക്കുക.
കർണാടകയിലെ പ്രചാരണത്തിൽ നരേന്ദ്രമോദി സജീവമായതോടെ ബിജെപിയുടെ വിജയ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.12 സീറ്റുകൾ ബിജെപിയുടെ കൈയ്യിലുണ്ട് അത് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം.ദേശീയ നേതൃത്വമാണ് നേരിട്ട് കർണാടകയിൽ പ്രചാരണം നടത്തുന്നത് എന്നതാണ് പ്രത്യേകത.

Recent Comments