by liji HP News | Jul 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മൂന്നാർ ∙ കോടമഞ്ഞും കൂരിരുട്ടും നിറഞ്ഞ വഴിയിലൂടെ മഴയത്തു കുട ചൂടി നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ! ആന യുവാവിനെ തട്ടിത്തെറിപ്പിച്ചു, കാൽ ചവിട്ടിയൊടിച്ചു. മൂന്നാർ കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാർ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകൻ സുമിത്കുമാർ (18) ആണു കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്നു രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10 മണി. മൂന്നാർ ടൗണിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്നു സുമിത്. കാറ്റും മഴയും മൂലം കുട മുന്നിലേക്കു ചെരിച്ചുപിടിച്ചായിരുന്നു നടപ്പ്. കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ ചെന്നിടിച്ചതും ആന തട്ടിയെറിഞ്ഞതും സുമിത്തിന് ഓർമയുണ്ട്. കാട്ടാന സുമിത്തിന്റെ കാലിൽ ചവിട്ടി നിൽപു തുടങ്ങി. ആന മാറിയ തക്കം നോക്കി സുമിത് ഇഴഞ്ഞു തേയിലച്ചെടികൾക്ക് ഇടയിലേക്കു നീങ്ങി. മഴയിൽ അട്ടയുടെ കടിയേറ്റ് ഒരു മണിക്കൂറോളം കിടന്നു. അതുവഴി വന്ന ഓട്ടോയിലെ യാത്രക്കാർ ബഹളം വച്ചതോടെയാണ് ആന മാറിയത്. കാലൊടിഞ്ഞതിനു പുറമേ താടിയെല്ലിനും പരുക്കേറ്റ സുമിത് ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

by liji HP News | Jul 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്നുയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ്. എന്നാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37280 രൂപയായി.

by liji HP News | Jul 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: അച്ചടിമാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. പ്രിന്റിങ് പ്രസുകളെയും പത്രങ്ങളെയും നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1867-ല്‍ കൊണ്ടുവന്ന അച്ചടി, ബുക്ക് രജിസ്ട്രേഷന്‍ നിയമത്തിന് പകരമാണിത്. 2019-ലെ അച്ചടി, ആനുകാലിക രജിസ്ട്രേഷന്‍ ബില്ലിലാണ് ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെക്കൂടി നിയന്ത്രണപരിധിയിലാക്കുന്നത്. 2019 നവംബര്‍ 25-ന് ബില്ലിന്റെ കരട് പുറത്തിറക്കി ജനാഭിപ്രായം തേടിയപ്പോള്‍ത്തന്നെ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന ബില്ലാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്ത് വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മന്ത്രിസഭയുടെ അനുമതിക്കയക്കാന്‍ തയ്യാറായിരിക്കുന്നത്.

by liji HP News | Jul 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ കൊല്ലം ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടായേക്കും. ഡി.എം.ഒ. ഓഫീസിലെ പ്രധാന ജീവനക്കാര്‍ക്കെതിരേ സ്ഥലംമാറ്റമോ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളോ സ്വീകരിച്ചേക്കും. ഇതിനിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കണ്ടെത്തി. എന്നാല്‍ രോഗി കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വന്നതും പോയതും ഒരു ഓട്ടോയിലാണെന്നാണ് ഇന്നലെ ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത് ഒരു ഓട്ടോയിലും തിരികെ പോയത് മറ്റൊരു ഓട്ടോയിലുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വലിയ വീഴ്ച ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് വിലയിരുത്തല്‍.

by liji HP News | Jul 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ ∙ മലങ്കര ജലാശയത്തിലെ ഓളങ്ങൾക്ക് അഭിമുഖമായി ഇന്ന് കസവുകരയുള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച എം.ടി.വാസുദേവൻ നായർ പിറന്നാൾ സദ്യയുണ്ടു. ‘ഓളവും തീരവും’ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു 89-ാം പിറന്നാൾ ആഘോഷം. അരനൂറ്റാണ്ടിനുശേഷം സംവിധായകൻ പി.എൻ.മേനോന്റെ സ്ഥാനത്തു പ്രിയദർശനും നായകൻ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്തു മോഹൻലാലും എത്തിയ തലമുറമാറ്റത്തിനു എംടി നേർസാക്ഷിയായി.
നവതി വർഷത്തിൽ തന്റെ പത്തു കഥകൾ സിനിമയാകുമ്പോൾ 1970ൽ പുറത്തിറങ്ങിയ ഓളവും തീരവും പുനഃസൃഷ്ടിക്കപ്പെടുന്നതു നേരിൽ കാണാനാണു എംടി തൊടുപുഴ കുടയത്തൂരിലെ സെറ്റിലെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ എംടി പിറന്നാൾ കേക്ക് മുറിച്ചു. ആദ്യമധുരം മകൾ അശ്വതി അച്ഛനു നൽകി.
ഉച്ചയ്ക്കു 12 നു സെറ്റിലെത്തിയ എംടി ഒന്നര മണിക്കൂറോളം സെറ്റിൽ ചെലവഴിച്ചു. മകൾ അശ്വതിക്കൊപ്പം കോഴിക്കോട് നിന്ന് കാറിൽ യാത്ര ചെയ്താണു എംടി കുടയത്തൂരിലെത്തിയത്. ഉച്ചയ്ക്കു രണ്ടു മണിയോടെ മടങ്ങി. ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, നടിമാരായ ദുർഗ കൃഷ്ണ, സുരഭി ലക്ഷ്മി എന്നിവരും സെറ്റിലുണ്ടായിരുന്നു.

Recent Comments