പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു;വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ

പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു;വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ

കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന കേസിലെ പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അതിനിടെ, കേസില്‍ അമല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വനംവകുപ്പ് ഹൈക്കോടതയില്‍ എതിര്‍ക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഗുരുതരമായ നിയലംഘനം നടത്തി അതിക്രമിച്ച് കയറിയ അമലയെ കുടുക്കാനാണ് വനംവകുപ്പിന്റെ നീക്കം.

കിളിമാനൂരില്‍ അമല ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫീസറും സംഘവും എത്തിയെങ്കിലും അവിടെനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നാണ് കാര്‍ കണ്ടെത്തിയത്. കിളിമാനൂരില്‍നിന്ന് പാലക്കാട് തിരുവല്വാമലയിലേക്കാണ് അമല ആദ്യം പോയത്. ഇവിടെ ഒരു സുഹൃത്തിന്റെ അടുത്താണ് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മനസ്സിലാക്കിയ അമല ഇവിടെ നിന്നും മുങ്ങി.

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ആറ്റിങ്ങൽ കിളിമാനൂർ ബിആർസി കളുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗിരിജ അധ്യക്ഷത വഹിച്ചു.

കിളിമാനൂർ ബിപിസി വി.ആർ.സാബു സ്വാഗതവും ആറ്റിങ്ങൽ ബിആർസി ട്രെയിനർ ബി.സുഭാഷ് നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ രമ്യസുധീർ, എസ്.ഷീജ, കൗൺസിലർമാരായ ശങ്കർ, ബിനു, ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതസോമൻ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരൻ, ഡി ഇ ഒ ബിന്ദു, എ ഇ ഒ വിജയകുമാരൻ നമ്പൂതിരി, ആശുപത്രി വികസനസമിതി അംഗം രവീന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ കിളിമാനൂർ ബി ആർ സി പരിധിയിലെ ചലന കേൾവി പരിമിതി നേരിടുന്ന 87 കുട്ടികളുടെ വൈദ്യപരിശോധന ക്യാമ്പിൽ നടന്നു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രീത, ഇഎൻറ്റി ഡോക്ടർ പ്രവീൺ, ഡോക്ടർ അനിത, ആരോഗ്യപ്രവർത്തകർ, റിസോഴ്സ് അധ്യാപകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റുന്ന പാറമേക്കാവ് പന്മനാഭൻ ചരിഞ്ഞു

തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റുന്ന പാറമേക്കാവ് പന്മനാഭൻ ചരിഞ്ഞു

തൃശൂർ: പൂരത്തിനു രണ്ടു പതിറ്റാണ്ടോളം പാറമേക്കാവിന്റെ തിടമ്പേറ്റിയ ആന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. പാടൂക്കാട് ദേവസ്വം പറമ്പിൽ ഇന്നലെ രാത്രി 9.30നായിരുന്നു അന്ത്യം. 2005 ജനുവരി വേലദിവസം നന്തിലത്ത് ഗോപുവാണ് പത്മനാഭനെ നടയിരുത്തിയത്. മേയ് ആദ്യവാരം മദപ്പാടിനു സാധ്യതയുളളതിനാൽ ചില പൂരങ്ങളിൽ പത്മനാഭനു കോലമേന്താനായില്ല.

ഈ ചെറിയ ഇടവേളകൾ ഒഴിച്ചാൽ രണ്ടു പതിറ്റാണ്ടായി തെക്കോട്ടിറക്കത്തിനു പാറമേക്കാവിന്റെ തിടമ്പേറ്റിയത് പത്മനാഭനാണ്. ഇത്തവണ പൂരത്തിനു കോലമേന്തിയതും പത്മനാഭനായിരുന്നു. കേരളത്തിൽ 10 അടിയിലേറെ ഉയരമുള്ള അപൂർവം ആനകളിലൊന്നാണ് പത്മനാഭൻ. 62 വയസ്സ് പ്രായമുള്ള പത്മനാഭനു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. 2 ദിവസം മുൻണ് ആനയ്ക്കു ക്ഷീണം തുടങ്ങിയത്. 2002ലാണ് ഈ ബിഹാറി ആന കേരളത്തിലെത്തിയത്.

ആറ്റിങ്ങലിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണം നടന്നു

ആറ്റിങ്ങലിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണം നടന്നു

ആറ്റിങ്ങൽ: എസ്. എസ് ഹരിഹരയ്യർ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കെ നാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണം നടന്നു. ഫൌണ്ടേഷൻ പ്രസിഡന്റ്‌ ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ജനസേവനം നിസ്വാർത്ഥമായിരിക്കണമെന്ന് ജീവിതശൈലിയിലൂടെ തെളിയിച്ച പി. ഗോപിനാഥൻ നായർ ഗാന്ധിയൻ മാർഗ്ഗത്തിന്റെ ശക്തി ജനങ്ങൾക്ക്‌ കാട്ടിക്കൊടുത്ത നേതാവായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഫൌണ്ടേഷൻ വൈസ് പ്രസിഡന്റ്‌ കെ. എസ് ശ്രീരഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. വി. കെ ശശിധരൻ, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ,
കെ. കൃഷ്ണ്ണമൂർത്തി, കെ. സുരേന്ദ്രൻ നായർ,കെ. മോഹൻലാൽ, വക്കം എസ്. കുമാർ, മുരുകൻ മണമ്പൂർ, സലിം പാണന്റെമുക്ക്, ചന്ദ്രിക. വി, ബി. മനോജ്‌,എസ്. ശശാങ്കൻ, ഭാസി, കീഴാറ്റിങ്ങൽ രാജൻ, ചന്ദ്രശേഖരൻ നായർ, പ്രമോദ്, രത്നാകരൻ, എസ്. സുദർശനൻ, പ്രസാദ്, ശ്യാം എന്നിവർ പങ്കെടുത്തു.

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട ജൂലൈ 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകരും. തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി നല്‍കും.

16 മുതല്‍ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും.

കര്‍ക്കിടകം ഒന്നായ 17.07.2022 ന് പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മറ്റ്പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.