ഓൺലൈൻ മീഡിയയിൽ വാർത്താ അവതാരകരെ തേടുന്നു

ഓൺലൈൻ മീഡിയയിൽ വാർത്താ അവതാരകരെ തേടുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ കാമറാമാൻ, എഡിറ്റർ, റിപ്പോർട്ടർ തുടങ്ങിയ തസ്തികകളിലേക്ക് ട്രെയിനികളെ ആവശ്യമുണ്ട്. ജേർണലിസം പഠിച്ചവർക്ക് മുൻഗണ. വാർത്ത വായനയിൽ അഭിരുചിയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം:20-30 നും മദ്ധ്യേ.

അവസാന തീയതി: ജൂലൈ 25
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വാട്സാപ് നമ്പർ: 9446378910

നോറോ വൈറസ്:  അവഗണിക്കരുത് ഈ ലക്ഷണങ്ങളെ

നോറോ വൈറസ്: അവഗണിക്കരുത് ഈ ലക്ഷണങ്ങളെ

തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് സാംപിള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. മിക്കവാറും പേരില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറും. പക്ഷേ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
∙ ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

∙ മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

∙ കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

∙ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

∙ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

∙ കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

∙ ഇവ കൈകാര്യം ചെയ്തതിന് ശേഷം സോപ്പുപയോഗിച്ച് കൈയും പാത്രവും കഴുകുക.

∙ പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

∙ ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം.

മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

ചവറ: മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടില്‍വച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.

രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ, കളിക്കുകയായിരുന്ന കുഞ്ഞ് മുറിയിലിരുന്ന കുപ്പിയില്‍നിന്ന് മണ്ണെണ്ണ കുടിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് ചവറ പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ആരുഷിന്റെ സഹോദരി ഐശ്വര്യ. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ ഉൾപ്പെടെ 4 പേരെ ചോദ്യം ചെയ്തു

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ ഉൾപ്പെടെ 4 പേരെ ചോദ്യം ചെയ്തു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുമ്പോൾ വിജയ് ബാബുവിനെ സഹായിച്ചുവെന്ന സംശയത്തിൽ ഒരു നടൻ ഉൾപ്പെടെ 4 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വിജയ് ബാബുവിനു ദുബായിൽ ക്രെഡിറ്റ് കാർഡ് എത്തിച്ചു കൊടുത്തതുമായി ബന്ധപ്പെട്ടാണിത്.

കേസിൽ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടു സഹായിച്ചതാണോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. അറിഞ്ഞുകൊണ്ടാണു സഹായിച്ചതെങ്കിൽ ഇവരെയും പ്രതി ചേർത്തേക്കും. വിജയ് ബാബുവിന്റെ അടുത്ത ബന്ധു കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിൽ എത്തിച്ച ക്രെഡിറ്റ് കാർഡുകൾ നടൻ നെടുമ്പാശേരി വഴി ദുബായിൽ എത്തി കൈമാറിയെന്നാണു പൊലീസ് കണ്ടെത്തൽ.

യുവനടിയുമായി വിജയ് ബാബു കൊച്ചിയിലെ ഹോട്ടലിൽ എത്തിയതിനു സാക്ഷികളായ ഗായകന്റെയും ഭാര്യയുടെയും മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും

ഹജ്ജിനെത്തുന്നവര്‍ക്ക് 10 കോവിഡ് വാക്‌സിനുകളിൽ ഒരെണ്ണം നിർബന്ധമെന്ന് ആരോഗ്യ മന്ത്രാലയം

ഹജ്ജിനെത്തുന്നവര്‍ക്ക് 10 കോവിഡ് വാക്‌സിനുകളിൽ ഒരെണ്ണം നിർബന്ധമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളുമാണ് സ്വീകരിക്കേണ്ടത്. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.