വിവാഹ മോചനം നൽകിയില്ല; യുവതിയ്ക്ക് ഭർതൃ സഹോദരന്റെ ക്രൂര മർദ്ദനം

വിവാഹ മോചനം നൽകിയില്ല; യുവതിയ്ക്ക് ഭർതൃ സഹോദരന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിക്ക് ഭർത്താവിന്റെ സഹോദരന്റെ ക്രൂരമർദനം. വിവാഹ മോചനം ആവശ്യപ്പെട്ടാണ് കാട്ടാക്കട കട്ടക്കോട് സ്വദേശി ആശയെ ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജു ക്രൂരമായി ആക്രമിച്ചത്.

ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് ആശയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിങ് സ്‌കൂളിൽ എത്തിയാണ് ഭർത്താവിന്റെ സഹോദരൻ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

എട്ടാം ക്ലാസ് വിദ്യാർഥിനിയ്ക്‌ പീഡനം; സുഹൃത്തായ 16 കാരനും അടുത്ത ബന്ധുവും അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർഥിനിയ്ക്‌ പീഡനം; സുഹൃത്തായ 16 കാരനും അടുത്ത ബന്ധുവും അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ 16 വയസുകാരനും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇയാളുടെ പീഡനത്തിനിരയായത്.

വ്യാഴാഴ്ചയാണ് പീഡനം നടന്നത്. നെടുമങ്ങാട്ടെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും വാനില്‍ കയറ്റി ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സന്തോഷിന്‍റെ വീടാണിത്. സ്കൂളില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്. 16 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തെന്നാണ് സന്തോഷിനെതിരായ കേസ്. രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം സന്തോഷ് മടങ്ങുകയായിരുന്നു. പീഡനത്തിനും ശേഷം മടങ്ങിയെത്തിയ സന്തോഷ് ഇരുവരെയും വാനില്‍ കയറ്റുകയും അടുത്തുള്ള ജംഗ്ഷനില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

പെണ്‍കുട്ടി സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂള്‍ അധികൃതരാണ് വീട്ടിലറിയിച്ചത്. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് 16കാരനും സന്തോഷും അറസ്റ്റിലായത്. വനിതാ പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് മുമ്പുണ്ടായ പീഡന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരനില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ് രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി തുടര്‍നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ബാല്യകാലം ഉല്ലാസകരമാക്കാൻ ‘എന്റെ കളിപ്പാട്ടം’ പദ്ധതി

ബാല്യകാലം ഉല്ലാസകരമാക്കാൻ ‘എന്റെ കളിപ്പാട്ടം’ പദ്ധതി

സേവന വികാസ് കേന്ദ്രയും പൂവാർ റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘എന്റെ കളിപ്പാട്ടം’. 2009 മുതൽ സാമൂഹിക ക്ഷേമ രംഗത്ത് സംസ്ഥാനതലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ പ്രസ്ഥാനമാണ് സേവന വികാസ് കേന്ദ്ര വനിതാശാക്തീകരണം, ലഹരിവിരുദ്ധ ക്യാമ്പയിനുകൾ, വയോജന സംരക്ഷണം, യോഗ, മെഡിറ്റേഷൻ, പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ പദ്ധതികൾ സേവന വികാസ് കേന്ദ്ര സർക്കാർ, അർദ്ധ സർക്കാർ, മറ്റ് സന്നദ്ധ പ്രസ്ഥാനങ്ങളുമായി ചേർന്ന് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി സേവന വികാസ് കേന്ദ്ര പൂവാർ റോട്ടറി ക്ലബ്ബുമായി ചേർന്ന് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘എന്റെ കളിപ്പാട്ടം’.

സ്പോൺസർഷിപ്പുകളിലൂടെ കണ്ടെത്തുന്നവ കൂടാതെ നമ്മുടെ വീടുകളിൽ ഉപയോഗപ്രദമായതും എന്നാൽ ഉപയോഗിക്കാതെ വച്ചിട്ടുള്ളതുമായ കളിപ്പാട്ടങ്ങൾ ഒട്ടനവധി ഉണ്ട്. ഇവ കൂടി കണ്ടെത്തി അർഹതപ്പെട്ട കരങ്ങളിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ പ്രധാനഘട്ടം ബാല്യകാലമാണെന്ന് വിലയിരുത്തപ്പെടുന്നു. ബാല്യകാലത്ത് ഏറ്റവും കൂടുതൽ മാനസിക ഉല്ലാസത്തിന് ആശ്രയിക്കുന്നത് കളിപ്പാട്ടങ്ങളെയാണ്.

വധ ഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കറിന്‍റെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തിരിച്ച് നൽകാൻ കോടതി നിർദ്ദേശം

വധ ഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കറിന്‍റെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തിരിച്ച് നൽകാൻ കോടതി നിർദ്ദേശം

കൊച്ചി: വധ ഗൂഢാലോചന കേസിലെ പ്രതിയായ ദിലീപിന്റെ സൈബർ രേഖകളും തെളിവുകളും നശിപ്പിക്കുന്നതിന് സഹായിച്ച ഹാക്കർ സായ് ശങ്കറിന്‍റെ കംപ്യൂട്ടറും ഫോണുകളും വിട്ട് നൽകാൻ കോടതിയുത്തരവ്. ക്രൈം ബ്രാ‌ഞ്ച് പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തിരിച്ച് നൽകാനാണ് കോടതി നിർദ്ദേശം. ഐ ഫോൺ, ഐമാക്, ഐ പാഡ് അടക്കം 5 ഉപകരണങ്ങൾ തിരിച്ച് നൽകണം. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി.

അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണം തിരിച്ചെടുക്കാമെന്നാണ് ആലുവ കോടതിയുടെ അനുമതി. സായ് ശങ്കർ ഒളിവിൽ പോയ സമയത്ത് കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത്. ഇത് പിന്നീട് ഫോറൻസിക് പരിശോധകൾക്ക് അയച്ചു. എന്നാൽ കാര്യമായ തെളിവുകൾ ഈ ഉപകരണങ്ങളിൽ നിന്നും കണ്ടെത്താനായില്ല. ഇക്കാര്യം റിപ്പോർട്ടായി ഫോറൻസിക് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഉപകരണങ്ങൾ വിട്ട് കിട്ടാൻ സായ് ശങ്കർ കോടതിയെ സമീപിച്ചത്.

കോവിഡ്;കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര നിർദ്ദേശം

കോവിഡ്;കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര നിർദ്ദേശം

ഡൽഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളോട് കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇതോടെ കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗത്തിലേക്കാണോ രാജ്യം പോകുന്നതെന്ന ഭീതിയും ഉടലെടുക്കുന്നു. 84 ദിവസങ്ങൾക്കുശേഷം ആദ്യമായി രാജ്യത്തെ കോവിഡ് കേസുകൾ വെള്ളിയാഴ്ച 4000 കടന്നിരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 3,962 പേർ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം ഇത് 4,141 ആയിരുന്നു. ഇന്നലെ 26 പേർ മരിച്ചു.

കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ വർധിക്കുന്നതെന്നും കർശന നടപടിയെടുക്കേണ്ടതെന്നും കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ അറിയിച്ചു. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ കേസുകൾ.

നാലാം തരംഗത്തെ നേരിടാൻ കോവിഡ് പരിശോധനകള്‍ വർധിപ്പിക്കാൻ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വെള്ളിയാഴ്ച നഗരത്തിന്റെ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൗസിങ് സൊസൈറ്റികളിൽ പരിശോധനാ ക്യാംപുകൾ സജ്ജീകരിക്കാനും ജംബോ സെന്ററുകളിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനും വാർ റൂമുകൾ തുറക്കാനും നിർദേശം നൽകി.

ജൂലൈ മാസത്തോടെ മുംബൈ നഗരത്തെ നാലാം തരംഗം ബാധിക്കുമെന്നാണ് ഐഐടി കാൻപുരിൽനിന്നുള്ള വിദഗ്ധരുടെ അനുമാനം. അതിനാൽ അതീവ കരുതലെടുത്തുവേണം കാര്യങ്ങൾ ചെയ്യാനെന്ന് ബിഎംസി വ്യക്തമാക്കി. നിലവിൽ ദിവസവും 8000 പരിശോധനകളാണ് നടക്കുന്നത്. ഇത് ദിവസം 30,000 – 40,000 ആക്കി വർധിപ്പിക്കും. സംസ്ഥാന സർക്കാരും പരിശോധന വർധിപ്പിക്കണമെന്ന് വെള്ളിയാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.