വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും

വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും

ആറ്റിങ്ങൽ: പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കിയത്.

സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിപ്പറ്റിയാല്‍ മോശമായ പെരുമാറ്റം, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ പരാതി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ബസുകള്‍ക്ക് പിഴയും താക്കീതും നല്‍കി. ബസുകളുടെ ഫിറ്റ്‌നെസും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ മിക്ക ജീവനക്കാരും കൃത്യമായ രേഖകളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തി. കൃത്യമായ രേഖകളില്ലാത്ത 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തി. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി. ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവര്‍, ഹൈസ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഏഴുവരെ നീട്ടി

വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഏഴുവരെ നീട്ടി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഏഴുവരെ നീട്ടി. വിജയ് ബാബു ഇന്ത്യയിലേക്കു മടങ്ങിയെത്തി ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായെന്നു സർക്കാർ അറിയിച്ചു. പരാതിക്കു മറുപടി പറയാൻ ഹർജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥൻ അവസരം നൽകുന്നുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് അറിയിച്ചതിനെ തുടർന്നാണു കോടതി ഏഴുവരെ സമയം അനുവദിച്ചത്.

ഹർജി ഏഴിനു വീണ്ടും പരിഗണിക്കും. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയുമായി സമൂഹമാധ്യമങ്ങൾ വഴി ഉൾപ്പെടെ ആശയവിനിമയം നടത്താനോ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയുടെ രണ്ടു ഫോണുകൾ സൈബർ ഫൊറൻസിക് പരിശോധനകൾക്കു വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ പരാതി വ്യാജമാണെന്ന നിലപാടാണു വിജയ് ബാബു ഇന്നലെയും തുടർന്നത്. എന്നാൽ രണ്ടു ദിവസത്തെ മൊഴികളിൽ പൊരുത്തക്കേട് ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. നടിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ഉള്ളതാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഉപദ്രവിച്ചതിനുള്ള തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ വിജയ് ബാബു പതറി. വ്യാജ വാഗ്ദാനങ്ങൾ നൽകിയാണു നടിയെ വിജയ് ബാബു കബളിപ്പിച്ചു കൂടെ നിർത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

പ്രശസ്ത ചിത്രകാരന്‍ പി. ശരത് ചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ പി. ശരത് ചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചിത്രകാരനായ പി. ശരത് ചന്ദ്രന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടില്‍വെച്ച്‌ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയുടെ പരസ്യ ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ്.

ജലച്ചായം, ഓയില്‍ കളര്‍, അക്രിലിക്, ചാര്‍ക്കോള്‍ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗല്‍ഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രന്‍. തലശ്ശേരിയിലെ കേരള സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ സി.വി ബാലന്‍ നായര്‍ക്ക് കീഴിലാണ് ശരത് ചന്ദ്രന്‍ ചിത്രകലാഭ്യസനം നടത്തിയത്.

1964 ല്‍ ബോംബെയില്‍ എത്തിയ ശരത് ചന്ദ്രന്‍ ശാന്തിനികേതനില്‍ നിന്നുള്ള എന്‍. ആര്‍ ഡേയുടെ കീഴില്‍ ജോലിക്ക് ചേര്‍ന്നു. അതിനു ശേഷം ഗോള്‍ഡന്‍ ടുബാക്കോ കമ്പനി ലിമിറ്റഡില്‍ ആര്‍ട്ട് ഡയറക്ടർ ആയി. ലോകത്തെമ്പാടും വില്‍ക്കുന്ന 800 ല്‍ പരം സിഗരറ്റ്റ്റുകള്‍ ഡിസൈന്‍ ചെയ്തത് ശരത് ചന്ദ്രനാണ്.

തുടര്‍ന്ന് ഓര്‍ബിറ്റ് എന്ന പേരില്‍ സ്വന്തമായി ഒരു പരസ്യ ഏജന്‍സിയും അദ്ദേഹം നടത്തി. ഇപ്പോള്‍ കോഴിക്കോട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

അദാനിയുടെ വൈദ്യുതി പ്ലാന്റിന് 52 കോടി പിഴ

ബെംഗളൂരു: പരിസ്ഥിതിക്കു കോട്ടം വരുത്തുകയും നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്ത കേസിൽ അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ലാന്റിന് ദേശീയ ഹരിത ട്രൈബ്യൂണൽ 52 കോടി രൂപ പിഴ ചുമത്തി. ഇതിൽ പകുതി പ്ലാന്റിനു ചുറ്റുമുള്ള ശുദ്ധജല വിതരണം. മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ആരോഗ്യപരിപാലന സംവിധാനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്താനായി വിനിയോഗിക്കണം.

ഇടക്കാല വിധിയെ തുടർന്ന് നേരത്തേ കെട്ടിവച്ച 5 കോടിക്കു പുറമേയുള്ള തുക 3 മാസത്തിനകം അടയ്ക്കണം. 10 കിലോമീറ്റർ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ലാന്റിന്റെ പ്രവർത്തനം എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി പ്രത്യേക സമിതിയെയും ട്രൈബ്യൂണൽ നിയോഗിച്ചു. ഉഡുപ്പി യെല്ലൂരിലാണ് 600 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള 2 പ്ലാന്റുകൾ ഉള്ളത്.

റബറിന്റെ ഉപയോഗത്തിലും ഉൽപാദനത്തിലും വർധന; റബർ വില ഉയരാൻ സാധ്യത

റബറിന്റെ ഉപയോഗത്തിലും ഉൽപാദനത്തിലും വർധന; റബർ വില ഉയരാൻ സാധ്യത

കറുകച്ചാൽ: റബറിന്റെ ആഭ്യന്തര ഉപയോഗത്തിലും ഉൽപാദനത്തിലും വർധന. 2020–21 സാമ്പത്തിക വർഷം 7,15,000 മെട്രിക് ടണ്ണായിരുന്ന ഉപയോഗം 2021–22ൽ 7,75,000 മെട്രിക് ടണ്ണായി വർധിച്ചു.
ആഭ്യന്തര റബർ ഉൽപാദനത്തിലും വർധന ഉണ്ടായി. കഴിഞ്ഞ സീസണിൽ 10,96,000 ടൺ റബർ ഉൽപാദനം നടന്നപ്പോൾ ഇത്തവണ 12,38,000 ‍ടണ്ണായി വർധിച്ചു.

കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഇറക്കുമതിയിലും വർധനയുണ്ടായി. 2020–21ൽ 4,10,478 ടൺ റബർ ഇറക്കുമതി ചെയ്തപ്പോൾ 2021–22 സീസണിൽ 5,46,369 ടണ്ണാണ് ഇറക്കുമതി.

കഴിഞ്ഞ ഏപ്രിലിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതി കുറവായിരുന്നെങ്കിലും മേയ് മാസത്തിൽ ഇറക്കുമതി കൂടി. ഏപ്രിലിൽ 39,105 മെട്രിക് ടൺ ഇറക്കുമതി നടന്നപ്പോൾ മേയിൽ 34,000 ടണ്ണായി കൂടി. മുൻവർഷം ഇത് യഥാക്രമം 46,444 ടണ്ണും 29,153 ടണ്ണുമായിരുന്നു.

ഷീറ്റ് റബർ ആർഎസ്എസ് 4ന് 174 രൂപയാണു നിലവിലെ വില. ടയർ കമ്പനികൾ നാട്ടിൽനിന്നു റബർ വാങ്ങുന്നതുമൂലം വില ഉയരുമെന്നാണു പ്രതീക്ഷ.