സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും

സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക് ഷീറ്റുകളായിരിക്കും നല്‍കുക. ബാക്കിയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കും. ഏറെ നാൾക്ക് ശേഷമാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നത്. നേരത്തെ ഒന്‍പത് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുന്‍പേ മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

പരീക്ഷ നടത്തി സാധാരണ രീതിയില്‍ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് പദ്ധതി. വിഷു, റംസാന്‍, ഈസ്റ്റര്‍ എന്നിവ കൂടി കണക്കിലെടുത്താണ് പരീക്ഷകള്‍ പെട്ടന്ന് തീര്‍ക്കാന്‍ ആലോചിക്കുന്നത്. ഫെബ്രുവരി 27 നാണ് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നത്. കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായിരുന്നു.

എസ് എം എ മദ്രസാ ഫണ്ട്; ജില്ലാ തല ഉത്‌ഘാടനം നടന്നു

എസ് എം എ മദ്രസാ ഫണ്ട്; ജില്ലാ തല ഉത്‌ഘാടനം നടന്നു

തിരുവനന്തപുരം: എസ് എം എ മദ്റസാ ഫണ്ട് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മദ്റസകളിലും വിജയിപ്പിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ അഭ്യർത്ഥിച്ചു. ജില്ലാ തല ഉത്ഘാടനം വള്ളക്കടവ് ജവാഹിറുൽ ഉലൂം മദ്റസിയിൽ ജമാഅത്ത് പ്രസിഡണ്ട് കൂടിയായ എ സൈഫുദ്ദീൻ നിർവ്വഹിച്ചു. കേന്ദ്ര മുശാവറാഗം വിഴിഞ്ഞം അബ്ദുർറഹ്മാൻസഖാഫി ദുആ ചെയ്തു. എസ് എം എ ജില്ലാ പ്രസിഡണ്ട് ജാബിർ ഫാളിലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബുൽ ഹസൻ , ജമാഅത്ത് സെക്രട്ടറി എ ശംസീർ , ഡോ: അൻവർ , കേരള മുസ്ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി, എ എ സലാം മുസ്ലിയാർ, മുഹമ്മദ് റാഫി ആലംകോട് എന്നിവർ പങ്കെടുത്തു.

ഇന്ത്യക്കാരെ യുക്രൈന്‍ സൈന്യം ബന്ദികളാക്കി എന്ന വാദം തള്ളി ഇന്ത്യ

ഇന്ത്യക്കാരെ യുക്രൈന്‍ സൈന്യം ബന്ദികളാക്കി എന്ന വാദം തള്ളി ഇന്ത്യ

ഡൽഹി: യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ വാദം തള്ളി ഇന്ത്യന്‍ വിദശകാര്യ വക്താവ്. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അധികാരികളുടെ സഹായത്തോടെ കാര്‍കീവ് വിട്ടതായും വിദേശകാര്യ വക്താവ് അറിയിച്ചു. കാര്‍കീവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രൈന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ വിടാന്‍ സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ യുക്രൈന്‍ അധികാരികൾ നൽകിയ സഹായത്തെ അഭിനന്ദിക്കുന്നു. ഇന്ത്യക്കാരെ സ്വീകരിച്ച യുക്രൈന്‍റെ അയല്‍രാജ്യങ്ങളോടും നന്ദി അറിയിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ആറ്റിങ്ങൽ മുൻ ഡി.വൈ.എസ്.പി  പി. അനിൽകുമാർ അന്തരിച്ചു

ആറ്റിങ്ങൽ മുൻ ഡി.വൈ.എസ്.പി പി. അനിൽകുമാർ അന്തരിച്ചു

കൊല്ലം: പരവൂർ ഭൂതകുളം നന്ദനത്തിൽ പി. അനിൽകുമാർ (57) അന്തരിച്ചു. 2017 – 2019 കാലയളവിൽ ആറ്റിങ്ങലിൽ ഡി.വൈ.എസ്.പി യായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിക്കുകയായിരുന്നു. അദേഹം കുറച്ച് നാളുകളായി സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

ഭാര്യ : സുഗീത
മകൻ: നന്ദു
സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് സ്വവസതിയിൽ.

ഇന്ന് മഹാശിവരാത്രി; ക്ഷേത്രങ്ങൾ ബലിതർപ്പണത്തിനൊരുങ്ങി

ഇന്ന് മഹാശിവരാത്രി; ക്ഷേത്രങ്ങൾ ബലിതർപ്പണത്തിനൊരുങ്ങി

ആലുവ: ഇന്ന് ശിവരാത്രി. മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തർക്കായി ജില്ലയിലെ ശിവക്ഷേത്രങ്ങൾ ഒരുങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. പിതൃമോക്ഷ പ്രാപ്തിക്കായി ബലിതർപ്പണം നടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പതിനായിരങ്ങൾ ഇന്ന് മണപ്പുറത്തു സംഗമിക്കും.

കോവിഡ് മൂലം കഴിഞ്ഞ വർഷം നിയന്ത്രിത തോതിലേ ബലിതർപ്പണം ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. അതിനാൽ വൻ തിരക്ക് ഉണ്ടാകുമെന്നാണു പ്രതീക്ഷ.
പുഴയോരത്തു ദേവസ്വം ബോർഡ് 148 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്.

മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാവിലെ രാവിലെ 7ന് ആരംഭിച്ച ലക്ഷാർച്ചന രാത്രി 10 വരെ നീളും. 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകർമങ്ങൾക്ക് ഔപചാരിക തുടക്കമാകും. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. കുംഭത്തിലെ അമാവാസി ദിനമായ നാളെ ഉച്ച വരെ തർപ്പണത്തിനു തിരക്ക് ഉണ്ടാകും.

ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ 5നു സർവമത സമ്മേളനം, 10നു ബലിതർപ്പണം. കാലടി മണപ്പുറത്തും ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ബലിതർപ്പണത്തിന് ഒട്ടേറെപ്പേർ എത്തും. തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ ബലിതർപ്പണം നാളെ പുലർച്ചെ 4.45ന് ആരംഭിക്കും.