പതിവ് തെറ്റിക്കാതെ ഇന്ധനവില വർധന; തലസ്ഥാനത്ത് പെട്രോളിന് 115 രൂപ

പതിവ് തെറ്റിക്കാതെ ഇന്ധനവില വർധന; തലസ്ഥാനത്ത് പെട്രോളിന് 115 രൂപ

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന പതിവ് ആവർത്തിച്ച് ഇന്ധന വില ഞായറാഴ്ചയും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 113.02 രൂപയും ഡീസൽ ലിറ്ററിന് 99.98 രൂപയുമായി.

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന്റെ വില 115.01 രൂപയും ഡീസലിന്റെ വില 101.83 രൂപയുമായി ഉയർന്നു. കോഴിക്കോട് പെട്രോളിന് 113.20 രൂപയും ഡീസലിന് 100,18 രൂപയുമാണ് പുതിയ വില. 10 ദിവസത്തിനിടയിൽ പെട്രോൾ ലിറ്ററിന് 8.71 രൂപയും ഡീസൽ ലിറ്ററിന് 8.42 രൂപയുമാണു വർധിച്ചത്.

 

 

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ഞായര്‍) റംസാൻ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായിരുന്നു. തുടർന്ന് നാളെ തെക്കൻ കേരളത്തിൽ റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതൽ റമദാൻ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്ട്രേലിയയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി.

അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് (നാളെ) വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.

 

 

മാസ്റ്റർ സയാൻ  മുഹമ്മദിനെ ആദരിച്ചു

മാസ്റ്റർ സയാൻ മുഹമ്മദിനെ ആദരിച്ചു

ചിറയിൻകീഴ്:ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ മാസ്റ്റർ സയാൻ മുഹമ്മദിനെ കിഴുവിലം ഗ്രാമപഞ്ചായത്ത്‌ ഏഴാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു. ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. വത്സല കുമാരി, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി മൻസി അയണിമൂട്, കിഴുവിലം സർവീസ് ഭരണ സമിതി അംഗം ഷാനവാസ്‌, വാർഡ് പ്രസിഡന്റ്‌ സുബൈർ കുഞ്ഞ്, സജി പറക്കാട്, മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.

മകരക്കൊയ്ത്തിന്റെ പൊൻ നിറവിൽ സി എൻ പി എസ് ഗവഃ എൽ പി എസ്

മകരക്കൊയ്ത്തിന്റെ പൊൻ നിറവിൽ സി എൻ പി എസ് ഗവഃ എൽ പി എസ്

തുമ്പോട്: സി എൻ പി എസ് ഗവൺമെന്റ് എൽ പി എസിൻറെ മകര കൊയ്ത്തുൽസവം മണ്ണിൽ പൊന്നുവിളയിച്ചവരെ ആദരിച്ച് നാടൻ പാട്ടിന്റെ അകമ്പടിയോടെ ആഘോഷമാക്കി.
കൊയ്ത്തുത്സവത്തിന് സി എൻ പി എസിലെ കുരുന്നുകൾ അണിനിരന്നതോടെ പുത്തനുണർവ്വും, പുതുതലമുറയുടെ ആശ്ചര്യവും, ആഘോഷങ്ങളും നേരിൽ ദർശിക്കാൻ കഴിഞ്ഞു. ശ്രീ എൻ കെ രാധാകൃഷ്ണൻ മടവൂരിന്റെ നാടൻപാട്ട് വരികൾക്ക് അദ്ദേഹം തന്നെ ഈണം നൽകിയതോടെ മറ്റൊരു ശ്രവ്യ വിസ്മയമായി തീർന്നു. നാടൻ പാട്ടിന്റെ വായ്ത്താരികൾ കുരുന്നുകൾ ഏറ്റെടുത്തതോടെ കൊയ്ത്തരിവാൾ താളത്തിൽ നിറകതിരുകൾ സംഗീതം പൊഴിച്ചു. മണ്ണിൽ പൊന്നുവിളയിച്ചും വിണ്ണിൽ സ്വപ്നം വിളയിച്ചും കാർഷികവൃത്തിയുടെ സപ്തസംവത്സരങ്ങൾ പൂർത്തിയാക്കിയ കർഷക മുത്തശ്ശിമാരായ കാർത്തിക അമ്മയെയും സുശീല അമ്മയെയും സ്കൂൾ എച്ച് എം സീന ബി എസും പി ടി എ പ്രസിഡന്റ് കെ അനിൽ കുമാറും കുട്ടികളും ചേർന്ന് ആദരിച്ചു.എം പി ടി എ പ്രസിഡന്റ് ശ്രീലത അധ്യാപകരായ അരുൺ,ലസിത,വിദ്യ എസ് നായർ,അരുൺ ദാസ്,സുകന്യ,ദീപ്തി, ശർമിത ചന്ദ്രൻ, ശുഭ, രാജി അധ്യാപക വിദ്യാർഥികളായ അഞ്ജു,ആവണി, ഗായത്രി,വിനിത എന്നിവരും പങ്കെടുത്തു.

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2021 ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്‌ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവര്‍ക്കാണ്. മാര്‍ച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.