ജര്‍മനിയില്‍ നഴ്സ്: നോര്‍ക്ക റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

ജര്‍മനിയില്‍ നഴ്സ്: നോര്‍ക്ക റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം: ജര്‍മനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.

ജര്‍മനിയില്‍ രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലവല്‍ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസന്‍സിംഗ് പരീക്ഷയും പാസ്സാകണം. നിലവില്‍ ബി1 യോഗ്യത നേടിയ നഴ്സുമാര്‍ക്ക് ബി2 ലവല്‍ യോഗ്യത നേടുന്നതിനും ലൈസന്‍സിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ കെയര്‍ഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അര്‍ഹതയുണ്ട്.

മേല്‍പ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ജര്‍മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്റര്‍വ്യു നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ണമായും ജര്‍മന്‍ തൊഴില്‍ദാതാവിന്റെ തീരൂമാനത്തിന് വിധേയമായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബര്‍ 24. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: rcrtment.norka@kerala.gov.in. വിശദാശംങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 1800 452 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ബി1 ലവല്‍ മുതല്‍ ജര്‍മന്‍ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

പോത്തൻകോട് എൽവിഎച്ച്എസിൽ ‘അപ്പുസാർ ഓർമദിനം’ ആചരിച്ചു

പോത്തൻകോട് എൽവിഎച്ച്എസിൽ ‘അപ്പുസാർ ഓർമദിനം’ ആചരിച്ചു

ആറ്റിങ്ങൽ: പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിനെ നാല് പതിറ്റാണ്ടിലേറെക്കാലം നയിച്ച പ്രഥമ അധ്യപകനായിരുന്ന പ്രഫുല്ല ചന്ദ്രന്റെ (അപ്പുസാർ) ഏഴാം ചരമ വാർഷിക ദിനം ആചരിച്ചു. ലക്ഷ്മി വിലാസം ഹൈസ്കൂളിൽ നടന്ന ഓർമ ദിനാചരണ ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം ആർ മായ, പിടിഎ പ്രസിഡന്റ് എം എ ഉറൂബ്, പോത്തൻകോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി ആർ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ വേണുഗോപാലിൻ നായർ, മറ്റ് പിടിഎ അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ഡി.ജി.പി ഓടിക്കയറിയത് ഇരുപത് റൗണ്ട്; അത്ഭുതത്തോടെ പോലീസ് ട്രെയിനിങ്

ഡി.ജി.പി ഓടിക്കയറിയത് ഇരുപത് റൗണ്ട്; അത്ഭുതത്തോടെ പോലീസ് ട്രെയിനിങ്

തിരുവനന്തപുരം: വലിയ പരേഡ് ഗ്രൌണ്ടിൽ ഇരുപത് റൗണ്ട് നിർത്താതെ വലം വെച്ചോടി സംസ്ഥാനപോലീസ് മേധാവി അനിൽകാന്ത് ഐ.പി.എസ് കായിക മികവ് തെളിയിച്ചു. ഒപ്പം പരിശീലനാർത്ഥികളും ഓടി. അഞ്ചുറൌണ്ട് പൂർത്തിയാക്കി ട്രയിനീസ് ഓട്ടം നിർത്തിയെങ്കിലും പോലീസ് മേധാവി നിർത്തിയില്ല. കേരളപോലീസ് അക്കാദമി പരേഡ് ഗ്രൌണ്ടിൽ ഏവരും വിസ്മയത്തോടെ ഡി.ജി.പിയുടെ കായിക ക്ഷമതയും ദീർഘ ദൂര ഓട്ടവും നോക്കി നിന്നു. ആദ്യമായി കേരളപോലീസ് അക്കാദമി സന്ദർശിയ്ക്കാനെത്തിയ പോലീസ് മേധാവി 6മണിയോടെ ഓട്ടം തുടങ്ങി 8 മണിയോടെയാണ് നിർത്തിയത്. തുടർന്ന് നടന്ന കായിക പരിശീലനത്തിലും ഡി.ജി.പി പങ്കെടുത്തു.

“തിങ്ക്” ഓഡിറ്റോറിയത്തിൽ പരിശീലനാർത്ഥികളുമായി സംവദിയ്ക്കവെ അദ്ദേഹം തന്റെ 60 വയസ്സിലെ കായിക ക്ഷമതയുടെ വിജയരഹസ്യം പങ്കുവെച്ചു. “സ്പോർട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂർ കൂടുതൽ ഓടും. മനകരുത്തും, ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിർത്തണമെന്നും” അദ്ദേഹം കൂട്ടിചേർത്തു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തും, എസ്.ഐ കേഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്ലാസ്സുകൾ കൂടുതൽ നൽകും, പോലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും, അവബോധവും കൂടുതൽ ലഭ്യമാക്കാൻ പോലീസ് പരിശീലന സിലബസ് പരിഷ്കരിയ്ക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

പോലീസ് ഭാഷ മോശമാകരുത്. ഇന്ത്യയിലെ മികച്ച പോലീസ് എന്ന ഖ്യാതിയുള്ള കേരള പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡി.ജി.പി അനിൽ കാന്ത് ഐ.പി.എസ്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും, ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. “തരംതാണ ഭാഷാപ്രയോഗം അരുത്.” കേരളപോലീസ് അക്കാദമിയിലെ പരിശീലനാർത്ഥികളുമായി സംസാരിയ്ക്കവെയാണ് ഡി.ജി.പി ഇത് എടുത്ത് പറഞ്ഞത്. നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിയ്ക്കുന്നത് അതേ പോലെ നമ്മളും പെരുമാറണം.

ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളപോലീസ് അക്കാദമി ഡയറക്ടർ ഐ.ജി പി വിജയൻ ചടങ്ങിൽ അധ്യക്ഷനായി. ട്രയിനീസിന്റെ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും ഡി.ജി.പി മറുപടി നൽകി.

ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഡി.ജി.പി കേരളപോലീസ് അക്കാദമിയിലെ പരിശീല സംവിധാനവും, സൌകര്യങ്ങളും സന്ദർശിച്ചു. നവീകരിച്ച ബാരക്ക്, ട്രാഫിക് പരിശീല കേന്ദ്രം, ഡോഗ് സ്ക്വാഡ്, വിശ്രാന്തി, ഡിജിറ്റൽ നോളേജ് മാനേജ് മെന്റ് സിസ്റ്റം, കമ്പ്യൂട്ടർ ലാബ്, വെജിറ്റബിൾ ഗാർഡൻ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഡി.ജി.പി കണ്ടു വിലയിരുത്തി. സന്ദർശക ഡയറിയിൽ അക്കാദമിയിലെ പരിശീലന മികവിനെയും, സ്റ്റാഫിനെയും, സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചെഴുതി. അക്കാദമിയുടെ വികസനത്തിനായി പരിശ്രമിക്കുന്ന ഏവരേയും അഭിനന്ദിച്ചു.

സിദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു

സിദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു

ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ.സിദ്ധ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ആറ്റിങ്ങൽ നഗരസഭാതല ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ‘രോഗ പ്രതിരോധത്തിനായി സിദ്ധ ചികിത്സ’ എന്ന വിഷയത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി.വിജയകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ഗിരിജ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ രമ്യ സുധീർ, ജി.എസ്. ബിനു, സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്മൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, എസ്.ശാരിക എന്നിവർ സംബന്ധിച്ചു. കേഡറ്റുകൾക്കായി യോഗ പരിശീലനവും നടന്നു.

കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി  ആർ രാമുവിനെ തെരെഞ്ഞെടുത്തു

കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി ആർ രാമുവിനെ തെരെഞ്ഞെടുത്തു

ആറ്റിങ്ങൽ: ആർ രാമു ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി നാളെ ചുമതലയേൽക്കും. സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റംഗമായ ആർ രാമു നിലവിൽ സി ഐ ടി യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.