ആശുപത്രിക്കു കൈത്താങ്ങായി ബോണ്ട്‌ സർവീസ് വാർഷികം

ആശുപത്രിക്കു കൈത്താങ്ങായി ബോണ്ട്‌ സർവീസ് വാർഷികം

കിളിമാനൂർ: സർവീസ് തുടങ്ങിയിട്ട് ഡിസംബർ 10 നു ഒരു വർഷം പൂർത്തിയാക്കിയ കിളിമാനൂർ കെഎസ്ആർടിസിയുടെ പോങ്ങനാട് -തിരുവനന്തപുരം ബോണ്ട്‌ സർവീസ്ന്റെ ഒന്നാം വാർഷികം യാത്രക്കാരുടെയും ജീവനക്കാരുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോ അങ്കണത്തിൽ നടന്നു. ആഘോഷം കേക്ക് മുറിക്കൽ ചടങ്ങിൽ ഒതുക്കി ആശുപത്രികൾക്ക് സഹായമൊരുക്കാനുള്ള കൂട്ടായ്മയുടെ ശ്രമം വേറിട്ട കാഴ്ചയായി. വാർഷികത്തിന്റെ ഭാഗമായി വാമനപുരം സർക്കാർ സി എച്ച് സി യിലെ പാലിയേറ്റീവ് കെയറിലേക്ക് അത്യാവശ്യമായിരുന്ന വാഷിങ് മെഷീൻ സംഭാവന ആയി നൽകിയതിനൊപ്പം കൂട്ടായ്മയിലെ സന്നദ്ധരായ അംഗങ്ങൾക്കു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്തുവാനുള്ള ക്രമീകരണവും ഏർപ്പെടുത്തുകയുണ്ടായി. കിളിമാനൂർ ഡിപ്പോയിലെ ജീവനക്കാരുടെ ജോലിഭാരം ലഘുകരിക്കുന്നതിലേക്കായി 10 ടിക്കറ്റ് മെഷീൻ ചാർജറുകളും സംഭാവന യായി നൽകി.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച വാർഷിക ആഘോഷം രാവിലെ 8 മണിക്ക് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ യുടെ സംഭാവന ആയ വാഷിങ് മെഷീൻ വാമനപുരം സി എച്ച് സി സൂപ്രണ്ട് ഡോ.സജികുമാർ ഏറ്റുവാങ്ങി. കിളിമാനൂർ കെഎസ്ആർടിസി ഡി റ്റി ഓ സുരേഷ് കുമാർ, യാത്രക്കാരുടെ പ്രതിനിധി അഡ്വ ജയരാജ്‌ ജീവനക്കാരുടെ പ്രതിനിധി പ്രഭുൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന്റെ ഭാഗമായി ബസിലെ മുൻ ജീവനക്കാരെയും നിലവിലെ ജീവനക്കാരെയും ആദരിച്ചു. കൂട്ടായ്മ ക്കു വേണ്ടി ബിൻസി ബി എസ്‌ സ്വാഗതവും ബിജുലാൽ നന്ദിയും പറഞ്ഞു.

ഒന്നാം ജില്ലാ ഗെയിംസ് കരാട്ടെ മത്സരം സംഘാടക സമിതി രൂപീകരണം 12ന്

ഒന്നാം ജില്ലാ ഗെയിംസ് കരാട്ടെ മത്സരം സംഘാടക സമിതി രൂപീകരണം 12ന്

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലയിലെ അംഗീകൃത കരാട്ടെ അസ്സോസിയേഷനായ സ്പോർട്സ് കരാട്ടെ അസ്സോസിയേഷൻ ഓഫ് തിരുവനന്തപുരവും (SKAT) തിരുവനന്തപുരം ജില്ലാ ഒളിംപിക് അസ്സോസിയേഷനും (TDOA) സംയുക്തമായി 2022 ജനുവരി 5 ന് കരാട്ടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 മുതൽ 24 വരെ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിലേയ്ക്കുള്ള കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം ആണ് വേദിയാകുന്നത്.

ഈ മത്സരത്തിന്റെ സംഘാടക സമിതി രൂപീകരണം 2021 ഡിസംബർ 12 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ വച്ച് നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേയ്ക്കുള്ള ജില്ലയിലെ കരാട്ടെ കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കൂടുന്ന ഈ സംഘാടക സമിതി രൂപീകരണ യോഗത്തിൽ കായിക പ്രേമികളായ നാട്ടുകാർക്ക് പങ്കെടുക്കാം.

സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസിന്റെ മുന്‍ചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ സ്വദേശി നിതിന്‍ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന്‍ നിതിന്‍ മമ്പാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ എട്ടരയോടെ വണ്ടൂര്‍ മണലിമ്മല്‍ പാടം ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്.

കാളികാവ്- കോഴിക്കോട് റൂട്ടിലോടുന്ന കെ.പി. ബ്രദേഴ്‌സ് ബസ് സ്റ്റാന്റിലെ ട്രാക്കില്‍നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. നിതിന് പെട്ടെന്ന് ട്രാക്കില്‍നിന്ന് മാറാന്‍ കഴിഞ്ഞില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. നിതിന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആലംകോട് മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങളേറെ; ദുരിതത്തിലായി നാട്ടുകാർ

ആലംകോട് മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങളേറെ; ദുരിതത്തിലായി നാട്ടുകാർ

ആറ്റിങ്ങൽ: ആലംകോട് മേഖലയിൽ കഴിഞ്ഞ 5 ദിവസമായി കുടിവെള്ള വിതരണം നിലച്ചതായി പരാതി. വാട്ടർ അതോറിറ്റി അധികൃതർക്ക് പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വിവരം തിരക്കുമ്പോഴെല്ലാം മുടന്തൻ ന്യായങ്ങൾ പറഞ്ഞു അധികൃതർ ഒഴിയുകയാണെന്ന ആക്ഷേപവുമുണ്ട്.

പൂവൻപാറ പാലത്തിലെ നടപ്പാതയിലുള്ള സ്ലാബിനടിയിൽ നിന്നും പൈപ്പുപൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ഇത് നന്നാക്കുന്ന പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്. കുടിവെള്ള വിതരണം തടസപ്പെടാൻ കാരണം പൈപ്പ് പൊട്ടിയതാണെങ്കിൽ അത് ഏതാര്യമ വേഗം നന്നാക്കി ജലവിതരണം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികൾ.

ജീവനക്കാര്‍ക്ക് കോവിഡ്; ആറ്റിങ്ങല്‍ സബ് ‍ട്രഷറി താല്‍ക്കാലികമായി അടച്ചു

ജീവനക്കാര്‍ക്ക് കോവിഡ്; ആറ്റിങ്ങല്‍ സബ് ‍ട്രഷറി താല്‍ക്കാലികമായി അടച്ചു

ആറ്റിങ്ങല്‍: ട്രഷറി ഓഫീസര്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സബ്ട്രഷറി താല്‍ക്കാലികമായി അടച്ചു. കോവിഡ് പോസിറ്റീവ് അല്ലാത്തകുറച്ചു ജീവനക്കാരെ വച്ചു ട്രഷറിയുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇവര്‍ക്കുകൂടി രോഗലക്ഷണം കണ്ടതോടെ ട്രഷറി പൂര്‍ണ്ണമായും അടയ്ക്കേണ്ടിവന്നു.

കോവിഡിന്‍റെ രൂക്ഷമായ വ്യപനത്തിനുശേഷം ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്അടച്ചിടേണ്ടിവരുന്നത്. ട്രഷറി അടച്ചതോടെ പെന്‍ഷന്‍ വാങ്ങുവാന്‍ വന്നവരും മറ്റു പണമിടപാടിനു വന്നവരും തിരികെ പോകേണ്ടിവന്നു. അടിയന്തര പണമിടപാട് നടത്തേണ്ടവര്‍ അടുത്തുളള ട്രഷറിയുമായി ബന്ധപ്പെടണമെന്ന് ട്രഷറിയുടെ മുന്നില്‍ നോട്ടീസ് സ്ഥാപിച്ചിട്ടുണ്ട്.