രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,306 പുതിയ കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,306 പുതിയ കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ ആശ്വാസമായി പുതിയ കൊവിഡ് കണക്കുകള്‍. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 98,416 ആയി കുറഞ്ഞു. 552 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,306 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ പത്താം ദിവസമാണ് പ്രതിദിന നിരക്ക് പതിനായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,46,41,561 ആണ്.കഴിഞ്ഞ ദിവസം 211 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 4,73,537 ആയി. ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌ത സംസ്ഥാനം മഹാരാഷ്‌ട്രയാണ്.

കൊവിഡ് മൂലം 1,41,170 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്‌ടമായത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.8,834 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് 0.94 ശതമാനവും പ്രതിവാര നിരക്ക് 0.78 ശതമാനവുമാണ്. ഇതുവരെ 3,40,69,608 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. 127.93 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്‌തത്.

പെരുമാതുറ സിറ്റി മസ്ജിദ് ഭണ്ടാരപ്പെട്ടി മോഷണം ;  അന്വേഷണം ഇഴയുന്നതായി പരാതി

പെരുമാതുറ സിറ്റി മസ്ജിദ് ഭണ്ടാരപ്പെട്ടി മോഷണം ; അന്വേഷണം ഇഴയുന്നതായി പരാതി

പെരുമാതുറ : പെരുമാതുറ സിറ്റി മസ്ജിദിലെ ഭണ്ടാരപ്പെട്ടി മോഷണം നടന്നിട്ട് മാസങ്ങളായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ആക്ഷേപം. ലോക്കൽ പോലീസിന് പിറകെ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ച കേസിൽ ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല.

പെരുമാതുറ മേഖലയിൽ പന്ത്രണ്ടിലധികം മസ്ജിദുകളും ഒരു ക്ഷേത്രവും നിലവിലുണ്ട്. ഇവിടെയെല്ലാം ഭണ്ടാരപ്പെട്ടികളുമുണ്ട്. മോഷ്ടാവിനെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നില്ലായെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും അത് മറ്റ് കുറ്റവാളികൾക്ക് കൂടുതൽ ധൈര്യവും പ്രചോദനവും നൽകുമെന്നും സിറ്റി മസ്ജിദ് കമ്മിറ്റി സെക്രട്ടറി സുനിൽ സലാം പറഞ്ഞു.

പെരുമാതുറയുടെ ഹൃദയ ഭാഗത്ത്‌ നിലകൊള്ളുന്ന മസ്ജിദിന് ഇതാണാവസ്ഥയെങ്കിൽ മറ്റ് പ്രദേശങ്ങളിൽ ഉള്ള ആരാധനാലയങ്ങളുടെ സുരക്ഷ എത്രയായിരുമെന്ന് ഊഹിക്കാമല്ലോയെന്നും, കുറച്ച് നാൾ മൂൻപ് സമീപത്തെ രണ്ട് മസ്ജിദുകളിൽ സമാന മോഷണം ഉണ്ടായെന്നും അതിലെ പ്രതികളെ പിടിക്കാത്തത് കാരണമാണ് ഈ സംഭവവും ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം ശരിയായ ദിശയിൽ നീങ്ങുകയാണെന്ന പോലീസ് നിലപാട് വിശ്വസിച്ചിരിക്കുകയായിരുന്നു പള്ളി കമ്മിറ്റി ഭാരവാഹികളും പൊതുജനങ്ങളും, എന്നാൽ ഇത്രയും നാൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതിരിക്കുന്നത് വീഴ്ച തന്നെയാണ്.

ഇതിലെ പ്രതികളെ പിടികൂടാത്ത പക്ഷം മേഖലയിൽ മോഷണം പെരുകുവാനുള്ള സാധ്യത കൂടുതലാണ്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും വേണ്ടി വന്നാൽ ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 7ന് പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഡിസംബർ ഏഴിന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ ആറ്, ഏഴ് തിയതികളിലും വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ എട്ടിനും പ്രാദേശിക അവധി ആയിരിക്കും.

ഒമിക്രോൺ ഗുജറാത്തിലും; രാജ്യത്തെ മൂന്നാമത്തെ കേസ്

ഒമിക്രോൺ ഗുജറാത്തിലും; രാജ്യത്തെ മൂന്നാമത്തെ കേസ്

ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനിലാണ് കോവിഡിന്റെ അതിവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം മൂന്നായി. കർണാകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും ഒരു ഡോക്ടർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.

അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഒരാഴ്ചയ്ക്കിടെ കരയ്ക്കടിഞ്ഞത് രണ്ട് അജ്ഞാത മൃതദേഹങ്ങൾ

അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഒരാഴ്ചയ്ക്കിടെ കരയ്ക്കടിഞ്ഞത് രണ്ട് അജ്ഞാത മൃതദേഹങ്ങൾ

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഒരാഴ്ചയ്ക്കിടെ കരയ്ക്കടിഞ്ഞത് രണ്ട് അജ്ഞാത മൃതദേഹങ്ങൾ. മുതലപ്പൊഴി ഹാര്‍ബറിലെ പുലിമുട്ടില്‍ കുരുങ്ങി കിടക്കുന്ന നിലയിൽ ഇന്നും മറ്റൊരു മൃതദേഹം കണ്ടെത്തിയതോടെയാണ് അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം രണ്ടായത്.

മത്സ്യ ബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളാണ് പാറയിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്‍ന്മാരുടെയും നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ച മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ടെന്നാണ് പറയുന്നത്. ഒരാഴ്ചക്കിടെ രണ്ടാമത്തെ അജ്ഞാത മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെത്തുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപത്ത് നിന്നും മറ്റൊരു മൃതദ്ദേഹം കണ്ടെത്തിയിരുന്നു.
ഇതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ മറ്റൊരു മൃതദ്ദേഹം കൂടി കണ്ടെത്തിയത്.

അഞ്ചുതെങ്ങ് പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിടുണ്ട്. രണ്ട് മൃതദേഹങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലാണ് പൊലീസ്. മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്.