by liji HP News | Dec 4, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അഡ്വ. അടൂർ പ്രകാശ് എം.പി നേരിൽ കണ്ട് കത്തുനൽകി. കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളും പൂർവസ്ഥിതിയിൽ ഓടി തുടങ്ങിയെങ്കിലും മണ്ഡലത്തിലെ പല സ്റ്റേഷനുകളിലും പല ട്രെയിനുകൾക്കും സ്റ്റോപ്പുകൾ അനുവദിച്ച് നൽകിയിട്ടില്ല. ട്രെയിൻ നമ്പർ 16 381 / 16 382 മുംബൈ കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്യുന്ന ട്രെയിൻ ആണെന്നിരിക്കെ ഈ ട്രെയിൻ ഇതുവരെയും ഓടി തുടങ്ങിയിട്ടില്ല.

മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾ ആയ വർക്കല, കടയ്ക്കാവൂർ ചിറയിൻകീഴ് സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉള്ള ജയന്തി ജനത എക്സ്പ്രസ് ഓടി തുടങ്ങാത്തത് മൂലം യാത്രക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആയതിനാൽ ഈ ട്രെയിൻ എത്രയും വേഗം ഓടുന്ന അതിനുള്ള നടപടികൾ സ്വീകരിക്കുവാൻ എം.പി കത്തിൽ ആവശ്യപ്പെട്ടു. ട്രെയിൻ നമ്പർ 06729 / 06730 നമ്പർ പുനലൂർ – മധുര ട്രെയിൻ സ്പെഷ്യൽ ട്രെയിൻ ആയി ഓടുന്നതിനാൽ സാധാരണ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പുനലൂർ – മധുര ട്രെയിൻ പഴയരീതിയിൽ പാസഞ്ചർ ട്രെയിൻ ആയി ഓടുന്നതിനുള്ള നടപടികൾ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ട്രെയിൻ നമ്പർ 06639 / 06640 നമ്പർ പുനലൂർ – കന്യാകുമാരി പാസഞ്ചർ ട്രെയിൻ പുനലൂർ മുതൽ തിരുവനന്തപുരം വരെ ഓടുന്നെങ്കിലും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾ ആയ കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഇല്ലാത്തതിനാൽ സാധാരണക്കാരായ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. പുനലൂർ – കന്യാകുമാരി പാസഞ്ചർ ട്രെയിൻ ഉദ്യോഗസ്ഥരും തൊഴിലാളികളും സാധാരണ ജനങ്ങളും യാത്ര ചെയ്യുവാൻ ആശ്രയിക്കുന്ന ട്രെയിൻ ആണെന്നിരിക്കെ മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് അനുവദിക്കണമെന്നും അടൂർപ്രകാശ് കേന്ദ്രമന്ത്രിയെ നേരിൽകണ്ട് ആവശ്യം അറിയിച്ചു.
by liji HP News | Dec 4, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള സംസ്ഥാന സാക്ഷരത മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടത്തുന്ന പദ്ധതിയായ ‘പഠ്ന ലിഖ്ന അഭിയാൻ’ ആറ്റിങ്ങൽ നഗരസഭാതല സമിതി രൂപീകരണ യോഗം തിങ്കളാഴ്ച (06.12.21) ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.

by liji HP News | Dec 4, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് 2021 – 22 പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യാവസായിക ആടുവളർത്തൽ പരിശീലന പരിപാടി 2021 ഡിസംബർ 6 മുതൽ 9 വരെ ആറ്റിങ്ങൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്റെ കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച ( 06/12/2021) രാവിലെ 10 മണിക്ക് കൊല്ലമ്പുഴ, എ.കെ പാലസ് ആഡിറ്റോറിയത്തിൽ വച്ച് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബികയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും.
by liji HP News | Dec 4, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
വർക്കല: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സഹായവുമായി യുവാക്കൾ. നെടുങ്ങണ്ട കോട്ടയ്ക്കഴികം വീട്ടിൽ താമസിക്കുന്ന വസന്തക്കാണ് സഹായവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവാക്കൾ എത്തിയത്. രോഗം മൂലം അവശയായ ഇവർ ഒറ്റമുറി കെട്ടിടത്തിലാണ് താമസിക്കുന്നത്. കോൺക്രീറ്റ് മേൽകൂര ആണെങ്കിലും സൺഷേഡ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം ഒലിച്ചിറങ്ങി വീടിന്റെ അകം മുഴുവൻ വെള്ളത്തിൽ ആകുന്ന അവസ്ഥയാണുള്ളത്. മീറ്റർ, സ്വിച്ച് ബോർഡിലുമൊക്കെ വെള്ളം ഇറങ്ങുന്നതിന്റെ ഭാഗമായി എർത്ത് അടിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു.

വിവരം അറിഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു, പഞ്ചായത്തംഗം സരിത, സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ എന്നിവർ സ്ഥലത്തെത്തി. ഇവരുടെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി വീടിന്റെ മുകളിൽ ടാർപ്പ കെട്ടി ചോർച്ച ഒഴിവാക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അജയദേവൻ , അനന്തു, ആദിത്യൻ, അൻസിഫ്,അജീഷ്, അബിൻ എന്നിവർ നേതൃത്വം നൽകി.
by liji HP News | Dec 4, 2021 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. മുതലപ്പൊഴി ഹാര്‍ബറിലെ പുലിമുട്ടില്‍ കുരുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മത്സ്യ ബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളാണ് പാറയിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്‍ന്മാരുടെയും നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചക്കിടെ രണ്ടാമത്തെ അജ്ഞാത മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപത്തുനിന്നും മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. കഠിനംകുളം, അഞ്ചുതെങ്ങ് പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Recent Comments