ജൂലൈയില്‍ 12 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പട്ടിക ഇങ്ങനെ

ജൂലൈയില്‍ 12 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പട്ടിക ഇങ്ങനെ

ഡല്‍ഹി: ജൂലൈ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂലൈ മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ജൂലൈ 03: ബെഹ് ഡീന്‍ഖ്ലാം (മേഘാലയ)

ജൂലൈ 06: MHIP ദിനം (മിസോറാം)

ജൂലൈ 07: ഞായറാഴ്ച

ജൂലൈ 08: കാങ് രഥജാത്ര ( മണിപ്പൂര്‍)

ജൂലൈ 09: ദ്രുക്പ ത്‌ഷെ-സി (സിക്കിം)

ജൂലൈ 13: രണ്ടാം ശനിയാഴ്ച

ജൂലൈ 14: ഞായറാഴ്ച

ജൂലൈ 16: ഹരേല ( ഉത്തരാഖണ്ഡ്)

ജൂലൈ 17: മുഹറം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ക്ക് അവധി

ജൂലൈ 21: ഞായറാഴ്ച

ജൂലൈ 27: നാലാം ശനിയാഴ്ച

ജൂലൈ 28: ഞായറാഴ്ച

വില്‍പന കരാര്‍ ലംഘിച്ചു; ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭുമിയുടെ ക്രയവിക്രയം തടഞ്ഞ് കോടതി

വില്‍പന കരാര്‍ ലംഘിച്ചു; ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭുമിയുടെ ക്രയവിക്രയം തടഞ്ഞ് കോടതി

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഉമര്‍ ഷരീഫിന്റെ പരാതിയിലാണ് കോടതി നടപടി.

അതേസമയം, ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് നല്‍കിയ ശേഷം കരാറുകാരന്‍ സ്ഥലത്ത് മതില്‍ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറഞ്ഞു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്നായിരുന്നു ധാരണ. ഇടപാടില്‍ തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പറഞ്ഞു.

ഇടപാടുകളെല്ലാം ഡിജിപിയുമായി ബന്ധപ്പെട്ടായിരുന്നെന്ന് ഉമര്‍ ഷരീഫ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നല്‍കിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം കാണണമെന്ന് താന്‍ ആവശ്യപ്പെട്ടു. പ്രോപ്പര്‍ട്ടിയില്‍ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നു. 2023 ജൂണ്‍ 23ന് കരാര്‍ വെച്ചിരുന്നു. രണ്ട് മാസമായിരുന്നു കാലാവധി. ആദ്യഘട്ടത്തില്‍ 15 ലക്ഷമാണ് കൊടുത്തത്. രണ്ടു തവണയായി 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 5 ലക്ഷം പണമായി വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഡിജിപിയുടെ ചേമ്പറില്‍ പോയി കൊടുത്തു. വീണ്ടും പണമാവശ്യപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചില്‍ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുകയുമായിരുന്നെന്ന് ഷരീഫ് പറഞ്ഞു.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി തന്നില്ല. പണംലഭിക്കാത്തതിനാലാണ് നിയമപരമായി നീങ്ങിയതെന്നു ഉമര്‍ ഷരീഫ് പറഞ്ഞു.

75 ലക്ഷം രൂപ ഒന്നാം സമ്മാനം; വിൻ വിൻ ഫലം പ്രഖ്യാപിച്ചു

75 ലക്ഷം രൂപ ഒന്നാം സമ്മാനം; വിൻ വിൻ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 776 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. WE 554372 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WH 490664 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി, വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി, വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ.

ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്‌ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്‌ക്കെത്തിച്ചത്.

പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും: ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും: ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.