അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്

ആറ്റിങ്ങൽ: അയിലം ഗവണ്മെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ബയോളജി എന്നീ വിഷയങ്ങളിലേയ്ക്ക് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 03/07/2024 (ബുധനാഴ്ച) രാവിലെ 10.00 മണിക്ക് നടത്തുന്നു.

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല.സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു.

കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂ.

സിം കാര്‍ഡ് മാറ്റുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു

സിം കാര്‍ഡ് മാറ്റുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു

ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നിലവില്‍ വന്നു. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ തടയിടാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തത്.

സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഏഴു ദിവസം കഴിഞ്ഞേ മൊബൈല്‍ നമ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയൂ എന്നതാണ് പുതിയ മാറ്റം.

നമ്പര്‍ മാറാതെ തന്നെ ടെലികോം കണക്ഷന്‍ മാറാന്‍ സഹായിക്കുന്ന സംവിധാനമാണ് പോര്‍ട്ടബിലിറ്റി. സിം നഷ്ടപ്പെടുകയോ നിലവിലുള്ളത് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സിം മാറുന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ ഇരയുടെ സിം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി അവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് സിം മാറിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിം പ്രവര്‍ത്തനരഹിതമായാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകാന്‍ ഉപയോക്താവിന് പെട്ടെന്ന് സാധിക്കില്ല. ഈ സൗകര്യവും തട്ടിപ്പുകാര്‍ മുതലെടുക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രായ് നടപടികള്‍ കടുപ്പിച്ചത്.

3 മിനിറ്റില്‍ ഓട്ടോയില്‍ നിന്ന് സ്‌കൂട്ടര്‍ ഇറങ്ങിവരും; എല്‍25ന് നിരത്തിലിറങ്ങാന്‍ അനുമതി

3 മിനിറ്റില്‍ ഓട്ടോയില്‍ നിന്ന് സ്‌കൂട്ടര്‍ ഇറങ്ങിവരും; എല്‍25ന് നിരത്തിലിറങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂടിച്ചേര്‍ന്ന വാഹന കാറ്റഗറിക്ക് നിരത്തിലിറങ്ങാന്‍ അനുമതി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മോട്ടര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി. ‘എല്‍25’ എന്ന പുതിയ വിഭാഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരിഗണിക്കുക.

ഒരേ വാഹനം സ്‌കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ മോട്ടോകോര്‍പിന്റെ കീഴിലുള്ള ‘സര്‍ജ്’ എന്ന സ്റ്റാര്‍ട്ടപ് അവതരിപ്പിച്ചിരുന്നു. 2020ലാണ് ഹീറോ ക്വാര്‍ക്ക് 1 എന്ന പേരില്‍ ഈ ആശയം പുറത്തിറക്കിയത്.

ലോകത്തിലെ ‘ഫസ്റ്റ് ക്ലാസ് കണ്‍വേര്‍ട്ടിബിള്‍ വാഹനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ജ് എസ് 32 ഹീറോ വേള്‍ഡ് 2024 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇലക്ട്രിക് ഓട്ടോയില്‍ ഒരു സ്വിച്ച് ഞെക്കിയാല്‍ ഓട്ടോയില്‍ നിന്നൊരു സ്‌കൂട്ടര്‍ ഇറങ്ങിവരും. ഒരു രൂപത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റാന്‍ 3 മിനിറ്റു മതി.

വാഹനത്തിന്റെ ഒരു ഭാഗം ചാര്‍ജിങ്ങിനു കുത്തിയിട്ടിട്ട് സ്‌കൂട്ടര്‍ ഓടിച്ചുപോകാം. സ്‌കൂട്ടറിനും പ്രത്യേകം ബാറ്ററി പാക്കുണ്ട്. ഈ വാഹനത്തിന് പാസഞ്ചര്‍, പിക്കപ് അടക്കം 4 മോഡലുകളുണ്ട്. സ്‌കൂട്ടറിനും ഓട്ടോയ്ക്കും ഒരേ റജിസ്‌ട്രേഷന്‍ നമ്പറാണ് ഉണ്ടാവുക. സ്‌കൂട്ടറിന് 60 കിലോമീറ്ററാണു പരമാവധി വേഗം. ഓട്ടോയായാണ് ഓടുന്നതെങ്കില്‍ ഇത് 45 കിലോമീറ്ററാണ്.

വെള്ളച്ചാട്ടത്തിൽ ഏഴംഗ കുടുംബം ഒലിച്ചുപോയി; 4 പേർ മരിച്ചു

വെള്ളച്ചാട്ടത്തിൽ ഏഴംഗ കുടുംബം ഒലിച്ചുപോയി; 4 പേർ മരിച്ചു

മുംബൈ: ലോണാവാലയിൽ കനത്തമഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ഏഴംഗ കുടുംബം ഒലിച്ചുപോയി. അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി വിനോദസഞ്ചാരികൾ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവർ ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ഡാമിൽ പെട്ടെന്ന് നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിക്കുകയായിരുന്നു.

രക്ഷപ്പെടാനായി വെള്ളച്ചാട്ടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വർധിച്ചതോടെ പാറ മുങ്ങിപ്പോവുകയും എല്ലാവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. കാണാതായ കുട്ടികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.