‘സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും’: മന്ത്രി വീണാ ജോര്‍ജ്

‘സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും’: മന്ത്രി വീണാ ജോര്‍ജ്

യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും.

ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കർണാടക തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ/തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി, ജൂൺ 23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂൺ 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ

‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ

ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ഇടത് മുദ്രാവാക്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കണമെന്ന നിലപാട് ഒരുപരിധിവരെ വിജയിച്ചു. ഹിന്ദുത്വ അജണ്ട ഫാസിസ്റ്റ് രീതിയിൽ നടപ്പിലാക്കി വലിയ വിജയം നേടാനായിരുന്നു ശ്രമം. ബിജെപിക്ക് ഒരു സീറ്റ് നേടാനായി എന്നത് അപകടകരമായ കാര്യം. ജനവിഭാഗങ്ങളിലേക്ക് കടന്നു കയറുകയറാനുള്ള ബിജെപിയുടെ അജണ്ടയായിരുന്നു തുഷാറിന്റെ സ്ഥാനാർഥിത്വം

ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി സാധ്യതയാണ് ബിജെപിയെ എതിർത്തത്. കേരളത്തിൽ ഇടത് പക്ഷം നേരിട്ടത് യുഡിഎഫിനെ. ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിൽ വോട്ട് വിഹിതത്തിൽ ഉണ്ടായത് ചെറിയ വ്യത്യാസം. തൃശൂരിൽ വോട്ട് ചോർന്നത് ക്രൈസ്തവ വിഭാഗത്തിൽ നിന്നുമാണ്. പെൻഷനും ആനുകൂല്യങ്ങളും നൽകാതിരുന്നത് വോട്ടിങ്ങിൽ പ്രതിഫലിച്ചു.

വളരെ ഗൗരവത്തോടെ ഇടത് മുന്നണി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റിദ്ധാരണകൾ തിരുത്തി മുന്നോട്ട് പോകും. മുൻഗണന നിശ്ചയിച്ച് കാര്യങ്ങൾ നടപ്പിലാക്കും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.

വലത് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോൽവിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും.

ബൂത്ത് തലങ്ങൾ വരെ കാര്യങ്ങൾ പരിശോധിച്ച് തുടർ നടപടി. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ ദിശാബോധം നൽകാൻ മേഖല അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച; നല്‍കാനുള്ളത് 8000രൂപയെന്ന് കെഎന്‍ ബാലഗോപാല്‍

ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച; നല്‍കാനുള്ളത് 8000രൂപയെന്ന് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അഞ്ചുമാസത്തെ കുടിശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കെഎന്‍ ബാലഗോപാല്‍. അഞ്ച് മാസത്തെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയം അല്ലെന്നും കഴിഞ്ഞ ജനുവരിയില്‍ സഭ ചര്‍ച്ച ചെയ്തതാണന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സാമൂഹിക ക്ഷേമ പെന്‍ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനിടയില്‍ വിതരണം ചെയ്തുവെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. ജൂണ്‍ മാസത്തെ പെന്‍ഷന്‍ അടുത്തയാഴ്ച്ച മുതല്‍ വിതരണം ചെയ്യും. അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല ഇതെന്നും പ്രതിപക്ഷത്തിന്റെ മുതലകണ്ണീര്‍ ജനം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയുണ്ടായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സംയുക്ത സമരത്തിന് പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ബാലഗോപാല്‍ ചോദിച്ചു. കേരളത്തിന് കിട്ടാനുള്ള പണം കിട്ടിയില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന് അര്‍ഹമായ വികസനകാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പെന്‍ഷന്‍ അഞ്ച് മാസത്തേത് കൊടുക്കാനുണ്ട്. ഏപ്രില്‍ മുതല്‍ എണ്ണായിരം രൂപ ആളുകള്‍ക്ക് കിട്ടും. അത് കൃത്യമായി നല്‍കുമെന്ന് ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ പ്രശ്‌നം അടിയന്തരമായി ചര്‍ച്ച ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനമാണമെന്ന് പറഞ്ഞ് പ്രതിപക്ഷം വാക്കൗട്ട് നടത്തി.