പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി

കണ്ണൂര്‍: കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങി. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയച്ചു. കാത് ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാൻ കാരണമായത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കൽ കോളേജിൽ രണ്ട് തിയറ്ററുകളാണുള്ളത്. ഇത് രണ്ടും അടച്ചിട്ടിട്ട് ആറു മാസമായി. ഇതിനുപുറമേയാണിപ്പോൾ കാത്ത് ലാബ് പണിമുടക്കിയത്. ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതാണ് കാരണം. മാസങ്ങളായി ശസ്ത്രക്രിയയ്ക്കുള്ള തീയതികൾ നീട്ടിവെയ്ക്കാറാണ് പതിവ്. എന്നാൽ, കാത് ലാബ് പ്രവർത്തനരഹിതമായതോടെ ചികിത്സ തേടിയെത്തിയ 26 പേരെയും തിരിച്ചയച്ചു.

കാർഡിയോളജി വിഭാഗത്തിലെ 3 കാത്ത് ലാബുകളിലൊന്ന് കാലപ്പഴക്കത്താൽ മുൻപേ ഉപയോഗശൂന്യമായിരുന്നു. രണ്ടാമത്തെ ലാബാകട്ടെ എസി പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ പൂട്ടി. രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പുതിയ കാത്ത് ലാബാണിപ്പോൾ പ്രവർത്തനരഹിതമായത്. ഇതോടെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങിയവയൊക്കെ മുടങ്ങി. ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതി എന്നിവയുള്ളതിനാൽ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുക മെഡിക്കൽ കോളേജുകളെയാണ്. എന്നാലിവിടെയും രക്ഷയില്ലാക്ക അവസ്ഥയാണിപ്പോള്‍.

കേടായ ട്യൂബ് വിദേശത്ത് നിന്ന് കൊണ്ടുവരാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ഈമാസം മുപ്പതോടെ കാത്ത് ലാബ് പ്രവർത്തിപ്പിക്കുമെന്നും തിയറ്ററുകൾ നവീകരണത്തിന്‍റെ ഭാഗമായാണ് അടച്ചിട്ടതെന്നും ഒരു മാസത്തിനുള്ളിൽ തുറക്കുമെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. എന്നാൽ, അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടവർക്ക് കാത്തു നിൽക്കാൻ സാധിക്കില്ല. വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയേ നിവർത്തിയുള്ളു.

കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ

കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ

ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും.

നീറ്റ്, നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

നീറ്റ്, നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ഡൽഹി: നീറ്റ് നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പാര്‍ലമെന്‍റ് വളയല്‍ സമരത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്‍റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വിവിധസംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പാട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.

ഇതിനിടെ, എൻഎസ് യു നേതൃത്വത്തിൽ സർവകലാശാല, ജില്ലാ തലങ്ങളിലും പ്രതിഷേധം ആരംഭിച്ചു. കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധ സമരം നടന്നു. നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പരീക്ഷ റദ്ദാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

ഇതിനിടെ നെറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലേക്ക് കടക്കും. എൻടിഎ അധികൃതരിൽ നിന്നടക്കം വിവരങ്ങൾ തേടും.ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച് എബിവിപിയും പ്രതിഷേധം കടുപ്പിക്കുകയാണ്. ജനങ്ങൾ ചോദ്യം ഉന്നയിക്കുമെന്പോൾ സർക്കാർ മറുപടി പറയണമെന്ന് എബിവിപി പ്രതികരിച്ചു. എൻടിഎയുടെ കോലം കത്തിച്ച് രാത്രി പ്രവർത്തകർ പ്രതിഷേധിച്ചു.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേട് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വിപി സാനു ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷ എഴുതിയവർക്ക് എൻ ടി എ യും കേന്ദ്ര സർക്കാരും നഷ്ട്ട പരിഹാരം നൽകണം. എൻ.ടി.എ പിരിച്ചുവിടണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവക്കണമെന്നും വിപി സാനു ആവശ്യപ്പെട്ടു.

എന്‍ടിഎ അക്കാദമി ബോഡിയല്ല. അത്തരം ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിലെ ചോദ്യങ്ങളിൽ ഭരണഘടനയെ കുറിച്ച് ഇല്ല. എന്നാൽ, പുരാണങ്ങളെ കുറിച്ചും രാമക്ഷേത്രത്തെ കുറിച്ചും ഉള്ള ചോദ്യങ്ങൾ ഉണ്ടെന്നും വിപി സാനു ആരോപിച്ചു.

തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ

തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ

  • മെയിൽ വാർഡൻ, ആയ ഒഴിവ്:
    തിരുവനന്തപുരം വെളളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ മെയിൽ വാർഡൻ, ആയ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെയിൽ വാർഡൻ, സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് 3 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യവും

 

  • ആയ: ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. വെളള പേപ്പറിൽ തയാറാക്കിയ അപേക്ഷ , വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളയമ്പലം കനക നഗറിലുള്ള അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ– 0471 2314238.

 

  • കുക്ക് ഒഴിവ്:

തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പിന്റെ പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ കുക്ക് തസ്തികയിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യയോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്‌ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 24ന് രാവിലെ 11ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ–0471 2314238.

  • ലാബ് ടെക്നിഷ്യൻ:
    കുളത്തൂർ കുളത്തൂർ പഞ്ചായത്ത് ഗവ ആയുർവേദ ആശുപത്രി ലബോറട്ടറിയിലേക്ക് താൽക്കാലിക ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം ‍‍ജൂ‍ലൈ ഒന്നിനു രാവിലെ 11ന് പഞ്ചായത്ത് ഒ‍ാഫിസിൽ.

 

  • ഡോക്ടർ, ഫാർമസിസ്റ്റ്:
    പോത്തൻകോട് അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും താൽക്കാലിക ഒഴിവുകളിലേക്ക് 26ന് രാവിലെ 11ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടത്തും.

 

  • ഇൻസ്ട്രക്ടർ:
    തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ ബ്രെയിൽ സാക്ഷരതാ ക്ലാസുകൾ എടുക്കുന്നതിന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം 25ന് 10.30ന് ജില്ലാ പഞ്ചായത്ത് ഓഫിസിൽ നടക്കും. ചാക്ക ഗവ. ഐടിഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്(ടിഎംഇ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ, തീയ, ബെല്ല എന്നീ വിഭാഗങ്ങളിലെ(പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 22ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.

 

  • സോണോളജിസ്റ്റ്:
    തിരുവനന്തപുരം സർക്കാർ ആയുർവേദ മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതി മുഖേന താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺകോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ.

 

    • ഇഗ്നോ റീ റജിസ്ട്രേഷൻ:
      തിരുവനന്തപുരം ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) അടുത്ത മാസം ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ ഒഡിഎൽ, ഓൺലൈൻ മോഡ് വഴി ലഭ്യമായ അക്കാദമിക് പ്രോഗ്രാമുകളിലേക്ക് റീ റജിസ്ട്രേഷൻ ആരംഭിച്ചു. 30ന് മുൻപ് ഓൺലൈൻ ആയി അപേക്ഷിക്കാം. https://onlinerr.ignou.ac.in ഫോൺ:0471 2344113, 9447044132. ഇമെയിൽ: rctrivandrum@ignou.ac.in.

 

  • കിറ്റ്സിൽ കോഴ്സ്:
    തിരുവനന്തപുരം കിറ്റ്സിൽ ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ:9567869722

 

  • സൗജന്യ ചികിത്സ:
    തിരുവനന്തപുരം ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ, വിളർച്ച (രക്തക്കുറവ്) മൂലമുള്ള കിതപ്പ്, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാണ്.15 മുതൽ 50 വയസ്സ് വരെയുള്ളവർക്കാണ് സൗജന്യ ചികിത്സ. ഫോൺ: 8281250035

 

  • എംബിഎ അഭിമുഖം:
    കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ(ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം 22 രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളജ് ക്യാംപസിൽ നടക്കും. 9188001600, www.kicma.ac.in
ടി20 ഹീറോ ! കോഹ്‌ലിയുടെ നേട്ടം സുര്യകുമാര്‍ സ്വന്തമാക്കിയത് പകുതി ഇന്നിങ്‌സില്‍

ടി20 ഹീറോ ! കോഹ്‌ലിയുടെ നേട്ടം സുര്യകുമാര്‍ സ്വന്തമാക്കിയത് പകുതി ഇന്നിങ്‌സില്‍

ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ജയത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 26 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ 28 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്തായത്.

മൂന്നാം ഓവറില്‍ രോഹിത്തും പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ പന്തും മടങ്ങിയതിന് പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്. കോഹ്‌ലി കൂടി പുറത്തായതോടെ ഓമ്പതാം ഓവറില്‍ 63-3 എന്ന നിലയില്‍ ഇന്ത്യ പതറി.

വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് സൂര്യകുമാറിന്റെ ഇന്നിങ്‌സായിരുന്നു. ശിവം ദുബെ പുറത്തായതിന് ശേഷം ഹര്‍ദിക്കുമായി ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു.