കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 527 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PO 478754 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PU 876285 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ ഏൽപ്പിക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

വീട്ടുവളപ്പിൽ പോളിത്തീൻ കവറിൽ കഞ്ചാവ് കൃഷി; നെടുമങ്ങാട് യുവാവ് അറസ്റ്റിൽ

വീട്ടുവളപ്പിൽ പോളിത്തീൻ കവറിൽ കഞ്ചാവ് കൃഷി; നെടുമങ്ങാട് യുവാവ് അറസ്റ്റിൽ

നെടുമങ്ങാട് പനവൂരിൽ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ് ഷെഹീനാണ്(23) അറസ്റ്റിലായത്. വീട്ടിൽ പോളീത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രണ്ട് മാസമായി ഷഹീൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.

അയൽവാസികളുമായി ഇയാൾക്ക് ബന്ധമൊന്നുമില്ലായിരുന്നു. രാത്രികാലങ്ങളിൽ യുവാക്കൾ ഈ വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏറെ നാൾ ഇയാളെ നിരീക്ഷിച്ച ശേഷമാണ് പോലീസും ഡാൻസാഫ് ടീമും എക്‌സൈസും വീട്ടിൽ പരിശോധന നടത്തിയത്.

ഡൽഹി ചുട്ടുപൊള്ളുന്നു; രണ്ട് ദിവസത്തിനിടെ 34 മരണം

ഡൽഹി ചുട്ടുപൊള്ളുന്നു; രണ്ട് ദിവസത്തിനിടെ 34 മരണം

ഡൽഹിയിൽ അത്യുഷ്ണ തരംഗം. രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം 34 പേർ മരിച്ചു. ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ രേഖപ്പെടുത്തിയത്. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു. രണ്ട് ദിവസത്തിനിടെ മാത്രം 34 മരണം രേഖപ്പെടുത്തി. 51 പേരെ പാർക്കുകൾ ഉൾപ്പടെ പല സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഗുരുതര സാഹചര്യമെന്ന് ആരോഗ്യവകുപ്പ്.ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാരിൻറെ നിർദേശം.

മരണസംഖ്യ കുത്തനെ ഉയർന്നതോടെയാണ് കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജെപി നദ്ദ നടത്തിയ ചർച്ചയിൽ ഉഷ്ണതരംഗകേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാൻ നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും, ഉപകരണങ്ങളും, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദേശവും യോഗം മുന്നോട്ട് വെച്ചു.

കോട്ടയത്ത് മെഡിക്കൽ കോളജ് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയത്ത് മെഡിക്കൽ കോളജ് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിൽ വെച്ച് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നായയുടെ കടിയേറ്റത്. മെഡിക്കൽ കോളജിലെ ആറ് വിദ്യാര്‍ത്ഥികൾക്കാണ് കടിയേറ്റത്.

കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലും വെച്ചായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകി. നായയുടെ കടിയേറ്റ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരാണ് മരിച്ചത്. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ(14) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസില്‍ ഡ്രൈവര്‍മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. . മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.