by Midhun HP News | Oct 14, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ:ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സി.ജി വിഷ്ണു ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ആർ.പി നന്ദുരാജ്, മേഖലാ സെക്രട്ടറി എസ് സുഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അർജുൻ, പ്രമോദ്, നൈസ്ഖാൻ എന്നിവർ സംസാരിച്ചു.
മേഖലാ സെക്രട്ടറിയായി വിനീഷ് രവീന്ദ്രനേയും പ്രസിഡന്റായി എസ് സുജിനേയും ട്രഷററായി വി.എസ് നിതിനേയും 24 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.


by Midhun HP News | Oct 14, 2025 | Latest News
ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കിയെ നിയമിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്. ഇതുസംബന്ധിച്ച് അബിന്‍ വര്‍ക്കിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉദയ്ഭാനു ചിബ് മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ അബിന്‍ വര്‍ക്കി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചതായും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കിയെ നിയമിച്ച തീരുമാനം പുനഃ പരിശോധിക്കില്ലെന്ന് ഉദയ്ഭാനു ചിബ് പറഞ്ഞത്.
‘ഇത് സംഘടനയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യമാണ്. നിയമനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നമുള്ളതായി തോന്നുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്ന പ്രവര്‍ത്തകനാണ് അബിന്‍ വര്‍ക്കി. പാര്‍ട്ടി അബിന്‍ വര്‍ക്കിയെ ഏല്‍പ്പിച്ച ചുമതല അബിന്‍ വര്‍ക്കി ഉത്തരവാദിത്തതോടെ നിറവേറ്റണം. ദേശീയ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് അബിന്‍ വര്‍ക്കിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അബിന്‍ വര്‍ക്കി പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്’- ഉദയ്ഭാനു ചിബ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ട് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാണെന്നുമാണ് അബിന്‍ വര്‍ക്കിയുടെ വാദം. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറ്റവും അനുയോജ്യന്‍ താനാണെന്നും അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വാദവും ഉദയ്ഭാനു ചിബ് തള്ളി. വോട്ടു കിട്ടിയതും ഇത്തരത്തിലുള്ള നിയമനവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് ഉദയ്ഭാനു ചിബ് പ്രതികരിച്ചത്.


by Midhun HP News | Oct 14, 2025 | Latest News
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജില്ലാ കലക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തില്‍ മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് തൃശൂര്‍ ജില്ലാ കലക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി.
അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്‌നമെന്ന് കലക്ടര്‍ മറുപടി നല്‍കി. ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ പ്രശ്‌നങ്ങള്‍ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് മറുപടി നല്‍കി. ദേശീയപാത അതോറിറ്റി മനപ്പൂര്‍വം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എജി വാദിച്ചു. ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാന്‍ കോടതി കലക്ടറോട് നിര്‍ദേശം നല്‍കി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.


by Midhun HP News | Oct 14, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടന്‍: അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു യോഗ്യത നേടി ചരിത്ര നേട്ടവുമായി കേപ്പ് വെര്‍ദ്. ഇതോടെ ആഫ്രിക്കയില്‍ നിന്നു യോഗ്യത നേടുന്ന ആറാമത്തെ രാജ്യമായി കേപ്പ് വെര്‍ദ് മാറി. അള്‍ജീരിയ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ ടീമുകളാണ് ആഫ്രിക്കയില്‍ നിന്നു നേരത്തെ യോഗ്യത ഉറപ്പാക്കിയവര്‍. കേപ്പ് വെര്‍ദിന്റെ വരവോടെ ലോകകപ്പിനു യോഗ്യത നേടിയ ടീമുകളുടെ എണ്ണം 22 ആയി.
ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പാണ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്നത്. കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ച് 43 ടീമുകളും ആതിഥേയ ടീമുകള്‍ നേരിട്ടും യോഗ്യത ഉറപ്പിക്കും. ശേഷിക്കുന്ന രണ്ട് ടീമുകള്‍ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത ഉറപ്പിക്കുക. ആറ് ടീമുകള്‍ പങ്കെടുക്കുന്നതാണ് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ്.
യൂറോപ്പില്‍ നിന്നു 16 ടീമുകളാണ് ലോകകപ്പ് കളിക്കാനെത്തുക. ഏഷ്യയില്‍ നിന്നു 8 ടീമുകള്‍ നേരിട്ടും ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും. ആഫ്രിക്കയില്‍ നിന്നു 9 ടീമുകള്‍ നേരിട്ടെത്തും. ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും.
വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ മേഖലകളില്‍ നിന്നായി മൂന്ന് ടീമുകള്‍ക്കു നേരിട്ടു യോഗ്യത കിട്ടും. (മൂന്ന് ആതിഥേയ രാജ്യങ്ങള്‍ക്കും പുറമേ) ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലേക്ക് 2 ടീമുകള്‍ക്കും അവസരം കിട്ടും. തെക്കേ അമേരിക്കയ്ക്ക് ആറ് നേരിട്ടുള്ള സ്ഥാനങ്ങളുണ്ട്. മറ്റൊരു ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് കളിക്കണം. ഓഷ്യാനിയ മേഖലയില്‍ നിന്നു ന്യൂസിലന്‍ഡ് നേരത്തെ സ്ഥാനമുറപ്പിച്ചു.


ലോകകപ്പ് യോഗ്യത ഉറപ്പിച്ച ടീമുകള്‍
യുഎസ്എ, മെക്‌സിക്കോ, കാനഡ (ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ട്).
ആഫ്രിക്ക: അള്‍ജീരിയ, കേപ് വെര്‍ഡെ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ.
ഏഷ്യ: ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍.
ഓഷ്യാനിയ: ന്യൂസിലന്‍ഡ്.
തെക്കേ അമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, ഉറുഗ്വെ.
by Midhun HP News | Oct 14, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനും ആലോചനയുണ്ട്.
2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയെ വീട്ടില്‍ കയറി ചെന്താമര എന്ന ചെന്താമരാക്ഷന്‍ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.
സജിത വീട്ടില്‍ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കള്‍ സ്‌കൂളിലും ലോറി ഡ്രൈവറായ ഭര്‍ത്താവ് സുധാകരന്‍ തമിഴ്‌നാട്ടിലുമായിരുന്നു. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയല്‍വാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തില്‍ തുടരെ തുടരെ വെട്ടുകയായിരുന്നു. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്.
ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടുപോകുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടു വര്‍ഷത്തെയും ഒന്‍പതു മാസത്തേയും ജയില്‍വാസത്തിന് ശേഷം ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും കേരളത്തില്‍ നിന്ന് പുറത്ത് പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. 17 മാസങ്ങള്‍ക്കും ശേഷം ജാമ്യത്തില്‍ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ജോലി നോക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടില്‍ ഇടക്കിടെ ചെന്താമരയെത്തി. അതിനിടെ ഇക്കഴിഞ്ഞ ജനുവരി 27 നായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു.
ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചതോടെ ഓഗസ്റ്റ് നാലിന് വിചാരണ നടപടികള്‍ തുടങ്ങി. ആകെ 66 സാക്ഷികളില്‍ 16 പേരെ ഒഴിവാക്കി. ചെന്താമരയുടെ ഭാര്യയെ ആണ് ആദ്യം വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 52 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായി. സജിതയുടെ വീട്ടിലെ രക്തത്തില്‍ പ്രതി ചെന്താമരയുടെ കാല്‍പാടുകള്‍, ഷര്‍ട്ടിന്റെ കീശയുടെ ഭാഗം, സാഹചര്യ തെളിവുകള്‍, പ്രതി കൃത്യം നടത്തി പുറത്തിറങ്ങിയത് കണ്ട അയല്‍വാസി പുഷ്പയുടെ മൊഴി തുടങ്ങിയവയാണ് കേസില്‍ നിര്‍ണായകമായത്.


Recent Comments