പാങ്ങപ്പാറ അഭിറാം വധം: രണ്ടാം പ്രതി ഉമര്‍ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയില്‍

പാങ്ങപ്പാറ അഭിറാം വധം: രണ്ടാം പ്രതി ഉമര്‍ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയില്‍

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ 17കാരനായ അഭിറാമിനെ കൊന്ന് ചാക്കില്‍ കെട്ടി വിജനമായ പറമ്പില്‍ തള്ളിയ കേസില്‍ ഒരു യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ രണ്ടാം പ്രതിയായ പങ്ങപ്പാറ സ്വദേശി ഉമര്‍ മുഫ്താറുമായി (22) അടുത്ത ബന്ധമുള്ള യുവതിയെയാണ് ബുധനാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് വേണ്ടി അഭിറാമിനെയും മറ്റൊരു സുഹൃത്തിനെയും ലക്ഷ്യമിടാന്‍ പദ്ധതിയുള്ളതായി ഉമര്‍ മുഫ്താര്‍ തന്നോട് പറഞ്ഞിരുന്നതായി ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനുള്ള പ്രതികളുടെ നീക്കങ്ങളെക്കുറിച്ചും യുവതിക്ക് അറിവുണ്ടായിരുന്നെന്നാണ് വിവരം.

വിശദമായ ചോദ്യം ചെയ്യലിനും വസ്തുതാപരിശോധനയ്ക്കും ശേഷമായിരിക്കും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 17കാരനായ മുഖ്യപ്രതി, ഉമര്‍ മുഫ്താര്‍, മണക്കാട് സ്വദേശി ആനന്ദ ബി.എ (18) എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറയിലെ വിജനമായ പറമ്പിലെ വാഴക്കൂട്ടത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായതിനെ തുടര്‍ന്ന് അഭിറാമിന്റെ മാതാപിതാക്കള്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അഭിറാമിന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി മുഖ്യപ്രതി മുന്‍പ് അടുപ്പത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച വൈരാഗ്യത്തിന് കാരണം. അഭിറാമിന്റെ സുഹൃത്തായ ആനന്ദ എന്ന പെണ്‍കുട്ടിയെ ഉപയോഗിച്ചാണ് പ്രതികള്‍ അഭിറാമിനെ പങ്ങപ്പാറയിലെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. അഭിറാം വഴി സുഹൃത്തിനെ ഇവിടെയെത്തിക്കാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ പ്രതികള്‍ അഭിറാമിനെ ആക്രമിക്കുകയും ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

പാല്‍ ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി അമൂല്‍; നെയ്ക്ക് 50 രൂപയും വെണ്ണയ്ക്ക് 30 രൂപയുടെയും വര്‍ധന

പാല്‍ ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി അമൂല്‍; നെയ്ക്ക് 50 രൂപയും വെണ്ണയ്ക്ക് 30 രൂപയുടെയും വര്‍ധന

അഹമ്മദാബാദ്: ഉത്പാദന ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് അമൂല്‍. ഒരുലിറ്റര്‍ നെയ്യിന് 50 രൂപയും 500 ഗ്രാം ബട്ടറിന്റെ പാക്കിന് 15 രൂപയുമാണ് വര്‍ധിപ്പിച്ചത്. ’36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയില്‍, ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ദ്ധനവ് കാരണം വെണ്ണയുടെയും നെയ്യിന്റെയും വില വര്‍ധിപ്പിക്കാന്‍ അമൂല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്’- കമ്പനി പറഞ്ഞു.

പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. നേരത്തെ 500 ഗ്രാം വെണ്ണയുടെ വില 310 രൂപയായിരുന്നു. 325 രൂപയാണ് പുതിയ വില. അമൂല്‍ നെയ് ലിറ്റര്‍ പാക്കിന് 630 രൂപയ്ക്ക് പകരം 680 രൂപയായി; പശുവിന്‍ നെയ് ലിറ്ററിന് 695 രൂപയില്‍ നിന്ന് 735 രൂപയായും വര്‍ധിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍; 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

ഓപ്പറേഷന്‍ തൂഫാന്‍; 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ദൗത്യത്തിന്റെ ഭാഗമായി, ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ലഹരിക്കടത്തുമായി ബന്ധമുള്ള 148 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും കേസുകളില്‍ ഉള്‍പ്പെട്ട 186 വാഹനങ്ങളും 801 മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തതായും നോഡല്‍ ഓഫീസര്‍ ഐജി പുട്ട വിമലാദിത്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓപ്പറേഷന്‍ തുടങ്ങിയശേഷം 8125 പരാതി ഫോണ്‍ വഴിയും 5668 പരാതികള്‍ വാട്ട്‌സ്ആപ്പ് വഴി ലഭിച്ചതായും അവര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും പരാതികള്‍ ലഭിക്കുന്നുണ്ടെന്നും വന്‍ ജനകീയ പങ്കാളിത്തമാണ് ദൗത്യത്തിന് ലഭിക്കുന്നതെന്നും ഐജി വ്യക്തമാക്കി.

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും ഒരാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പത്തു പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും നല്‍കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2500ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷിച്ചുവരികയാണെന്നും ഐജി അറിയിച്ചു. ഇതുവരെ 15,515 പേര്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റിലായിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല; വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം

ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല; വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം

ശബരിമല: ചെങ്ങന്നൂര്‍ താലൂക്കിലെ ഇടത്താവളങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രദേശത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍/ ഹോട്ടലുകള്‍/ റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം. ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബേക്കറികളിലെയും റസ്റ്റോറന്റ് അനുബന്ധ സ്ഥാപനങ്ങളിലെ വ്യാപരികളുമായി റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല. നിശ്ചിത അളവ് മൂല്യത്തേക്കാള്‍ കുറച്ചു നല്‍കുവാനോ നിശ്ചയിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാനോ പാടില്ല. വില നിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കും നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.