by Midhun HP News | Dec 1, 2025 | Latest News, കേരളം
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്‌നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. തട്ടിപ്പ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) പിടിച്ചെടുത്ത വസ്തുവകകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് പണം തിരികെ കിട്ടാനായിട്ടുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് നീണ്ടുപോകാന്‍ ഇടയാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തില്‍ ബാങ്കാണ് പ്രാഥമിക പരാതിക്കാരെന്ന്, പിഎംഎല്‍എ (പണമിടപാട് തടയല്‍ നിയമം) കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. പിടിച്ചെടുത്ത സ്വത്തുക്കള്‍ ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിയമപരമായി അവകാശമുണ്ടെന്നും ഇഡി അറിയിച്ചു.
പണം, ജംഗമ ആസ്തികള്‍, സ്ഥാവര സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആസ്തികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്. പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം 128.82 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. ഇത് ബാങ്കിന് കൈമാറാന്‍ തയ്യാറാണെന്നും അതുവഴി സ്ഥിര നിക്ഷേപം ശരിയായ അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയുമെന്നും ഇഡി അറിയിച്ചു.

2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (കണ്ടുകെട്ടിയ സ്വത്ത് പുനഃസ്ഥാപിക്കല്‍) നിയമ പ്രകാരം, കോടതിയെ സമീപിക്കാനും, സ്വത്തുക്കള്‍ ഔപചാരികമായി പുനഃസ്ഥാപിക്കാനോ വിട്ടുകൊടുക്കാനോ ആവശ്യപ്പെടാനും ബാങ്കിന് അവസരമുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നടപടിയും ബാങ്ക് സ്വീകരിച്ചിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആസ്തികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ബാങ്കിന്റെ ‘മനസ്സില്ലായ്മ’ പരിഹാര പ്രക്രിയയില്‍ പ്രധാന തടസ്സമായി മാറിയിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്നാല്‍ സമാനമായ നിക്ഷേപ തട്ടിപ്പു നടന്ന കണ്ട്‌ല സഹകരണ ബാങ്കില്‍, നിക്ഷേപകരുടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ജപ്തി ചെയ്ത എല്ലാ ആസ്തികളും പുനഃസ്ഥാപിച്ചാല്‍ ബാങ്കിന് നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്നും ഇഡി വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, ഇഡിയുടെ സത്യവാങ്മൂലത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചതായും കരുവന്നൂര്‍ ബാങ്ക് വ്യക്തമാക്കുന്നു.


സത്യവാങ്മൂലത്തില്‍ പേരുള്ള വ്യക്തികള്‍ മറുപടി നല്‍കുന്നതിനായി ബാങ്ക് കാത്തിരിക്കുകയാണ്. പരാതിയില്‍ നിരവധി പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതി അവര്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും ബാങ്കിന്റെ അഭിഭാഷകന്‍ അനില്‍ നായര്‍ പറഞ്ഞു. ഏകദേശം 120 കോടി രൂപയുടെ സ്വത്തുക്കള്‍ പുനഃസ്ഥാപിക്കാന്‍ ഇഡി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ ഈ ആസ്തികളില്‍ പലതിനും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കരുവന്നൂര്‍ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീലാല്‍ ആര്‍ എല്‍ പറഞ്ഞു. കേസുകളില്ലാത്ത വസ്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഇഡി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
by Midhun HP News | Dec 1, 2025 | Latest News, കേരളം
കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? ഇപ്പോള്‍ കടകളില്‍ സാമ്പാറില്‍ മുങ്ങിത്തപ്പിയാല്‍ പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ്. രുചി അല്‍പ്പം കുറഞ്ഞാലും തല്‍ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 135-150 രൂപ ഉണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി നില്‍ക്കുകയാണ്. വലിയ കടകളില്‍ പോലും ഏതാനും കിലോ മുരിങ്ങക്കായ മാത്രമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാധനം എടുക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.മണ്ഡലകാലത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതിനാല്‍ വില ഉയരുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം 500 രൂപ വരെ വില ഉയര്‍ന്നിരുന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായതോടെ ഉല്‍പ്പാദനവും കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് പ്രധാനമായി തമിഴ്‌നാട്ടില്‍ നിന്നാണ് മുരിങ്ങക്കായ എത്തുന്നത്.



by Midhun HP News | Dec 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്. 11,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുകയാണ് ഇപ്പോള്‍ സ്വര്‍ണവില. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.



by Midhun HP News | Dec 1, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്‌ഐആര്‍) ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, എസ്ഐആർ നടപടികളുടെ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിനും പൂരിപ്പിച്ച് അപ് ലോഡ് ചെയ്യാനുമുള്ള സമയം ഡിസംബർ നാലു വരെ ആയിരുന്നത് ഡിസംബർ 11 വരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒമ്പതിനു പകരം, 16 ലേക്കും മാറ്റിയിട്ടുണ്ട്.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിസെപ് ഇന്‍ഷൂറന്‍സ് കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ആശ്രിതരെ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും ഡിസംബര്‍ 10വരെ സമയം അനുവദിച്ചു. സെപ്റ്റംബര്‍ പതിനഞ്ചുവരെയായിരുന്നു നേരത്ത ഉണ്ടായിരുന്നത്.
മെഡി സെപ് രണ്ടാംഘട്ടം 2026 ജനുവരി ഒന്നിന് തുടങ്ങും.പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് പങ്കാളികളെയും നവജാത ശിശുക്കളെയും ചേര്‍ക്കാന്‍ മാത്രമേ പിന്നീട് അനുമതി ഉണ്ടാകൂ. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മെഡിസെപ് അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് ഒരുവര്‍ഷത്തെ പ്രീമിയം ഒറ്റത്തവണയായി അടച്ച് ആവശ്യമെങ്കില്‍ പദ്ധതിയില്‍ തുടരാം.
മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep. kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്റ്റേറ്റസ് മെനുവില്‍ പെന്‍ നമ്പര്‍/ എംപ്ലോയീ ഐഡി/ പിപിഒ നമ്പര്‍/ പെന്‍ഷന്‍ ഐഡി, ജനനത്തീയതി, വകുപ്പിന്റെ/ ട്രഷറിയുടെ പേര് എന്നിവ നല്‍കി സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.



Recent Comments