തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

കൽപ്പറ്റ: സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. 41വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.

വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ സുരേഷ് പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായിരുന്നു. അനുരൂപയാണ് ഭാര്യ.

പാണ്ടിമേളവും കൊടിയേറ്റവും; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍

പാണ്ടിമേളവും കൊടിയേറ്റവും; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഇന്ന് അരങ്ങുണരും. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ 10നു എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും.

പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍എസ്‌കെ. ഉമേഷ് പതാക ഉയര്‍ത്തും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി കെ രാജന്‍ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

സുരക്ഷയ്ക്കായി10 എസ്ഐ മാരുടെ കീഴില്‍ 1200 ഓളം പൊലീസുകാരെയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ത്രീ സൗഹൃദ ടാക്സികളും സര്‍വീസ് നടത്തും. ഇപ്രാവശ്യവും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കുന്നത്.

മകരവിളക്ക്: പത്തനംതിട്ട ജില്ലയിലെയും ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെയും എരുമേലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മകരവിളക്ക്: പത്തനംതിട്ട ജില്ലയിലെയും ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെയും എരുമേലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാര്‍ഥവും വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കുമായി മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമല്ല.

മകരവിളക്ക് ദര്‍ശനത്തിന്റെ ഭാഗമായി ജനുവരി 14-ന് കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ദര്‍ശനത്തിന്റെ പോകുന്ന സ്വാമിമാരുടെ വാഹനങ്ങളുടെ തിരക്കുമൂലം ഈ പഞ്ചായത്തുകളിലെ കട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ അസൗകര്യമുള്ളതും, വാഹനങ്ങളുടെ തിരക്ക് മൂലം അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. ഈ അവധി മൂലം നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു.

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച് ബുധനാഴ്ച (ജനുവരി14) എരുമേലി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

ഒറ്റയടിക്ക് 800 രൂപ കൂടി; റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില

ഒറ്റയടിക്ക് 800 രൂപ കൂടി; റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 800 രൂപയാണ് വര്‍ധിച്ചത്. 1,05,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 100 രൂപയാണ് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ പവന് ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.