by Midhun HP News | Jan 14, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആയൂര്‍ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിലാണ് രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിരീക്ഷണം 16 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ പഞ്ചായത്തുകള്‍ കൂടാതെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ മടവൂരും പള്ളിക്കലും നിരീക്ഷണം ശക്തമാക്കും.

കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു.
by Midhun HP News | Jan 14, 2026 | Latest News
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം. ലക്ഷദീപത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാലുമുതല്‍ കിഴക്കേകോട്ട, അട്ടക്കുളങ്ങര, ശ്രീകണ്‌ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നിവിടങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
തിരക്കുണ്ടായാല്‍ പടിഞ്ഞാറേക്കോട്ട, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, ഗണപതികോവില്‍, വെട്ടിമുറിച്ചകോട്ട, നോര്‍ത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളില്‍നിന്ന് ക്ഷേത്രത്തിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതിക്കോവില്‍, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട – ഈഞ്ചയ്ക്കല്‍ റോഡിലും ഈഞ്ചയ്ക്കല്‍- കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
ഈഞ്ചയ്ക്കലില്‍നിന്ന് കിഴക്കേകോട്ട ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ -കൊത്തളം -അട്ടക്കുളങ്ങര വഴി പോകണം. ലക്ഷദീപം കാണാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കല്‍, വാഴപ്പള്ളി ഭാഗങ്ങളില്‍ ആള്‍ക്കാരെയിറക്കി ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
ചെറിയ വാഹനങ്ങള്‍ ഈസ്റ്റ് ഫോര്‍ട്ട്, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം ഭാഗങ്ങളില്‍ ആള്‍ക്കാരെയിറക്കി മാഞ്ഞാലിക്കുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്‌കൂള്‍, ചാല ഗേള്‍സ് ഹൈസ്‌കൂള്‍, അട്ടക്കുളങ്ങര ഹൈസ്‌കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യണം. ക്ഷേത്ര ട്രസ്റ്റ് പാസുള്ള വാഹനങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
by Midhun HP News | Jan 14, 2026 | Latest News, കേരളം
ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.
വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും.
ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35,000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. മകരവിളക്ക് ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് ആയിരം കെഎസ്ആര്‍ടിസി ബസ് അടക്കം വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.
മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്ളൈ ഓവറുകളില്‍നിന്നും മകരജ്യോതി ദര്‍ശിക്കുന്നതിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിനു തിരക്കു കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ചുചേര്‍ത്തു ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
by Midhun HP News | Jan 14, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിന് പുറപ്പെട്ടു. യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും.
കനത്ത പൊലീസ് ബന്തവസ്സോടെയാണ് പൊലീസ് സംഘം പുറപ്പെട്ടത്. തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. രാഹുലിന്റെ വീട്ടിലും, പാലക്കാട് എത്തിച്ചും തെളിവെടുപ്പു നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി കോടതിയില്‍ അറിയിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ നിഗമനം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ശനി രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jan 14, 2026 | Latest News, ജില്ലാ വാർത്ത
വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് ദിവസമായ 14-01-2026 ബുധനാഴ്ച രാവിലെ മുതൽ അഖണ്ഡനാമജപം, ശാസ്താവിന് സമൂഹ നെയ്യഭിഷേകം , ഉച്ചക്ക് 11 മണിക്ക് കഞ്ഞിസദ്യ , വൈകിട്ട് 06 മണിക്ക് 12 മത് സഹസ്രനീരാഞ്ജനം എന്നിവ വളരെ ഭക്തിസാന്ദ്രമായി നടക്കുകയാണ്.
Recent Comments