കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല

കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല

ഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്‌ഐആര്‍ ) നടപടികള്‍ തടയാതെ സുപ്രീംകോടതി. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡിസംബര്‍ രണ്ടിന് ( ചൊവ്വാഴ്ച ) പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ജില്ലാ കലക്ടര്‍മാര്‍ അടക്കം എസ്‌ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തെരഞ്ഞെടുപ്പും എസ്‌ഐആറും ഒപ്പം വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മീഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 9 ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍, ഡിസംബര്‍ നാലിന് നടപടികള്‍ അവസാനിക്കുന്നതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡിസംബര്‍ 2 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി’

ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി’

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് ‘എട്ടിന്‍റെ പണിയും’. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ.

ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും.

ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാർത്ഥിയുടെ ചെലവിലാണ് ഉൾപ്പെടുത്തുക. പിഴയ്ക്ക് പുറമെ പൊലീസ് കേസും രജിസ്റ്റർ ചെയ്യും. അഞ്ച് ബോർഡ് എടുത്തുമാറ്റിയാൽ ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുകയായ 25,000 രൂപ മറികടക്കും. തെരഞ്ഞെടുത്താലും ഇതോടെ സ്ഥാനാർത്ഥിക്ക് അയോഗ്യതയുണ്ടാകും.

ബ്ലോക്കിലും നഗരസഭയിലും 75,000 രൂപയും ജില്ലയിലും കോർപറേഷനിലും 1,50,000 രൂപയുമാണ് സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക.
ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിൽ ജീവനക്കാരുടെ സ്‌ക്വാഡുകൾ രൂപവത്കരിച്ചാണ് ഇത്തരം ബോർഡുകൾ പിടിച്ചെടുക്കാനുള്ള പരിശോധന നടത്തുന്നത്.

പൊതുസ്ഥലത്ത് അനധികൃതമായി ബോർഡുകൾ, ഫ്‌ളക്‌സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പാടില്ലെന്നും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ എടുത്തുമാറ്റുന്നതിന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കൂടിയായ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.

രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കും

രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കും

ഡൽഹി: രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കുന്നു. ദിനത്തോട് അനുബന്ധിച്ച് രാവിലെ 11 മണിക്ക് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ പ്രത്യേക ആഘോഷ ചടങ്ങുകൾ നടക്കും.

രാഷ്ട്രപതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി. സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഇരുസഭകളിലെയും പാർലമെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.രാഷ്ട്രപതിയും സ്പീക്കറും ഉപരാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി, മലയാളമടക്കം ,ഒമ്പത് ഭാഷകളിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രകാശനം നടക്കും. സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ സ്മരണിക ലഘുലേഖയും പുറത്തിറക്കും. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും ഘടന ദിന ആചരണ പരിപാടികൾ ഇന്ന് നടക്കും.

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: ശംഖുമുഖത്ത് നാവികസേന പ്രകടനം നടക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം നവംബർ 27 മുതൽ ഡിസംബർ 3 വരെ വൈകിട്ട് നാലുമണി മുതൽ 6.15 വരെ വിമാന സർവീസുകൾ നിർത്തിവയ്ക്കും. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പാക്കണം.

നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ