by Midhun HP News | Nov 25, 2025 | Latest News, ദേശീയ വാർത്ത
ഭാരത് ഡൈനാമിക്സിൽ (BDL) അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. 156 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. 14 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 8.
ട്രേഡുകളും ഒഴിവുകളുടെ എണ്ണവും
ഫിറ്റർ – 70
ഇലക്ട്രീഷ്യൻ – 10
ഇലക്ട്രോണിക്സ് മെക്കാനിക് – 30
മെഷിനിസ്റ്റ് – 15
മെഷിനിസ്റ്റ് ഗ്രൈൻഡർ – 02
മെക്കാനിക് ഡീസൽ – 05
മെക്കാനിക് R & AC (റിഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്) – 05
ടർണർ – 15
വെൽഡർ – 04
വിവിധ ട്രേഡുകൾക്കായി അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. ഓരോ ട്രേഡിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു പൊതു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://bdl-india.in/ സന്ദർശിക്കുക.
by Midhun HP News | Nov 25, 2025 | Latest News
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം. ട്രിസ്റ്റന്‍ സ്റ്റബ്സ് 94 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സില്‍ നില്‍ക്കെയാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിന് അയച്ചത്. 190 പന്തില്‍ 94 റണ്‍സടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
സ്റ്റബ്‌സിന്റെ സെഞ്ചറിക്കായി കാത്തുനിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ താരം പുറത്തായതോടെ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റര്‍മാരെ തിരികെ വിളിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രവീന്ദ്ര ജഡേജ (4/62), വാഷിംഗ്ടണ്‍ സുന്ദര്‍ (1/67) എന്നിവരുടെ മികവില്‍ 77/3 എന്ന നിലയിലായ ദക്ഷിണാഫ്രിക്കയെ സ്റ്റബ്സും (180 പന്തില്‍ 94 റണ്‍സ്) ഡി സോര്‍സിയും (68 പന്തില്‍ 49) ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കരകയറ്റിയത്. റയാന്‍ റിക്കിള്‍ട്ടന്‍ (64 പന്തില്‍ 35), എയ്ഡന്‍ മാര്‍ക്രം (84 പന്തില്‍ 29), ടെംബ ബാവുമ (3), ടോണി ഡെ സോര്‍സി (68 പന്തില്‍ 49) എന്നിവരാണ് മത്സരത്തിന്റെ നാലാം ദിവസം പുറത്തായ ദക്ഷിണാഫ്രിക്കയുടെ മറ്റു ബാറ്റര്‍മാര്‍.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 എന്ന നിലയിലായിരുന്നു. നേരത്തേ, വിക്കറ്റ് നഷ്ടമില്ലാതെ 9 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയെ 201ല്‍ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. പേസര്‍ മാര്‍ക്കോ യാന്‍സന്റെ 6 വിക്കറ്റ് പ്രകടനമാണ്. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും 48 റണ്‍സ് നേടിയ വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. 2 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്.


by Midhun HP News | Nov 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ഔറംഗാബാദിലെ ഒരു അഭിഭാഷകനെതിരെ ഫയല്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
വിയോജിപ്പിലോ നിരാശയിലോ അവസാനിച്ചു എന്നതുകൊണ്ട് മാത്രം പരസ്പര സമ്മതത്തോടെയുള്ള ഒരു ബന്ധത്തില്‍ സംഭവിച്ച ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റാന്‍ കഴിയില്ലെന്നും വിവാഹ വാഗ്ദാനം നല്‍കിയുള്ള ബലാത്സംഗ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സമ്മതത്തോടെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതിലേയ്ക്ക് നയിക്കില്ല. പ്രാരംഭ ഘട്ടത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധം ദാമ്പത്യ ബന്ധമായി മാറുന്നില്ലെങ്കില്‍ അതിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും തുടക്കം മുതല്‍ തന്നെ സ്ത്രീയെ വഞ്ചിക്കുകയായിരുന്നെന്നും തെറ്റായ വാഗ്ദാനം വിശ്വസിച്ചാണ് സ്ത്രീ സമ്മതം നല്‍കിയതെന്നും തെളിയിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

“ബലാത്സംഗത്തിനും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനും ഇടയില്‍ വ്യക്തമായ വ്യത്യാസമുണ്ട്. പ്രതി യഥാര്‍ത്ഥത്തില്‍ ഇരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നോ അതോ ലൈംഗികതൃപ്തിക്ക് വേണ്ടി മാത്രം തെറ്റായ വാഗ്ദാനം നല്‍കിയിരുന്നോ എന്ന് കോടതി ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്,” ബെഞ്ച് പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷകന്‍ ഒരു സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഈ എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇരുവരും തമ്മിലുള്ള ബന്ധം സ്വമേധയാ ഉള്ളതും മൂന്ന് വര്‍ഷത്തിലേറെ നീണ്ടുനിന്നതാണെന്നും ആ കാലയളവില്‍ സ്ത്രീ ഒരിക്കലും സമ്മതമില്ലായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ചില്ലെന്നും കോടതി കണ്ടെത്തി.
ഛത്രപതി സംഭാജിനഗറില്‍ 2024ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജീവനാംശം ലഭിക്കുന്നതിനായുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി 2022ല്‍ അഭിഭാഷകനെ കണ്ടുമുട്ടുന്നത്. കാലക്രമേണ, ഇരുവരും അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അഭിഭാഷകന്‍ തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയാണുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. പലതവണ ഗര്‍ഭം ധരിച്ചതായും അയാളുടെ സമ്മതത്തോടെ ഗര്‍ഭധാരണം അവസാനിപ്പിച്ചതായും സ്ത്രീ ആരോപിച്ചു. ഒടുവില്‍ അയാള്‍ തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഭിഭാഷകന്‍ വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും പിന്നീട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 528 പ്രകാരം കേസ് റദ്ദാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹൈക്കോടതി കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കില്‍ ഇനി പഠിക്കാന്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പാര്‍ട്ടി അടിയന്തരമായി രാഹുല്‍ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുല്‍ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്‌നം. ‘ഞരമ്പന്‍’എന്ന നാടന്‍ ഭാഷ സിപിഎം സൈബര്‍ സഖാക്കള്‍ പ്രയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല. പാര്‍ട്ടി നടപടി എടുത്താല്‍ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാര്‍ഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആര്‍ക്കാണ് ഇദ്ദേഹത്തെ ഇപ്പോള്‍ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. ‘പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട്’ എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകള്‍ക്കുള്ളതാണ്. ഗര്‍ഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേര്‍ക്കും മനസ്സിലായിട്ടും ആ കുട്ടികള്‍ പരാതി നല്‍കിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവര്‍ പരാതി നല്‍കിയാല്‍ പാര്‍ട്ടിയ്ക്ക് എന്ത് ചെയ്യാനാകും…?
എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങള്‍ മാന്യതയോര്‍ത്ത് ഇപ്പോള്‍ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുല്‍ ഈശ്വര്‍ മാരും വരും. അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തന്‍വിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളില്‍ ഗസ്റ്റ് ആയി പോകുന്നത് പോലെയല്ല പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതില്‍ നില്‍ക്കുന്നത്. പോലീസ് ലാത്തിചാര്‍ജ്ജും ജയില്‍ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോള്‍ റീല്‍സ് ആക്കി അത് പോസ്റ്റ് ചെയ്യാന്‍ പി ആര്‍ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങള്‍ ആയവരുമൊക്കെ ഈ പാര്‍ട്ടിയില്‍ ഉണ്ട്. അതില്‍ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.


by Midhun HP News | Nov 25, 2025 | Latest News, ദേശീയ വാർത്ത
റിട്ടയര്‍ ആയാല്‍ സ്ഥിരം വരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മാസംതോറും നിക്ഷേപിക്കുന്നതിന് പകരം ഒറ്റത്തവണയായി വലിയ തുക നിക്ഷേപിച്ച് മാസംതോറും പെന്‍ഷന്‍ പോലെ സ്ഥിരമായി വരുമാനം ലഭിക്കുന്ന പദ്ധതികളോടാണ് മിക്കവര്‍ക്കും പ്രിയം. റിട്ടയര്‍ കാലത്ത് സ്ഥിര വരുമാനത്തിന് മുടക്കം സംഭവിക്കാതിരിക്കാന്‍ റിസ്‌ക് കുറഞ്ഞ സുരക്ഷിത നിക്ഷേപങ്ങളാണ് കൂടുതലായി പരിഗണിക്കാറ്.
ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ തുക മാസ വരുമാനമായി ഉണ്ടാക്കാന്‍ പറ്റുന്ന റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളില്‍ ചിലതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയും മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനും. ഇവ ഓരോന്നും പരിശോധിക്കും.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും.
5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.
മാസം തോറുമുള്ള വരുമാന പദ്ധതി
കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.
നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.
നിക്ഷേപം
അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം
ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം
15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം
സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP)
നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്‍കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. ഇത് സ്ഥിരമായ പണത്തിന്റെ ഒഴുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ഡബ്ല്യൂപി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും തെരഞ്ഞെടുത്ത ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ എന്ന കാര്യം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. വിരമിച്ചവര്‍ക്കോ നിക്ഷേപങ്ങളില്‍ നിന്ന് ആനുകാലിക വരുമാനം തേടുന്ന വ്യക്തികള്‍ക്കോ എസ്ഡബ്ല്യൂപി പ്രയോജനകരമാണ്.
50 ലക്ഷം രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചൊരാള്‍ക്ക് എട്ടു ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ വര്‍ഷത്തില്‍ 1.75 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ലഭിക്കും. ഇത് മാസത്തിലേക്ക് കണക്കാക്കിയാല്‍ 14,600 രൂപ മുതല്‍ 16700 രൂപ വരെയാണ്. നികുതി, പണപ്പെരുപ്പം എന്നിവ പരിഗണിക്കാതെയുള്ള കണക്കാണിത്.


Recent Comments