by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 49 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഡോളറിനെതിരെ 89.17ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.എണ്ണ വില കുറഞ്ഞതും ബാങ്കുകള്‍ കൈവശമുള്ള ഡോളര്‍ വിറ്റഴിച്ചതുമാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും രൂപയ്ക്ക് ഗുണമായി. റിസര്‍വ് ബാങ്കിന്റെ ഇടപെടലും രൂപ തിരിച്ചുവരാന്‍ സഹായകമായതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച 98 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് 89.66 എന്ന ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയത്. ഇതിന് മുന്‍പ് ഒറ്റ ദിവസം ഉണ്ടായ ഏറ്റവും വലിയ ഇടിവ് 99 പൈസയുടേതാണ്. 2022 ഫെബ്രുവരി 24നാണ് രൂപയുടെ മൂല്യം കുത്തനെ താഴ്ന്നത്.
ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വെള്ളിയാഴ്ച രൂപയ്ക്ക് വിനയായത്. ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ ഉണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിനിടെയാണ് ഡോളര്‍ ശക്തിയാര്‍ജിച്ചത്. കൂടാതെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
റാവല്‍പിണ്ടി: ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്വെയെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍. സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ഹാട്രിക് മികവില്‍ 69 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19 ഓവറില്‍ 126 റണ്‍സെടുത്ത് സിംബാബ്വെ പുറത്തായി. 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഉസ്മാന്‍ താരിഖ് മിന്നും പ്രകടനം കാഴ്ചവെച്ചു.
ടൂര്‍ണമെന്റില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. സിംബാബ്വെയുടെ റയാന്‍ ബള്‍ 49 പന്തില്‍ നിന്ന് പുറത്താകാതെ 67 റണ്‍സ് നേടി. റിച്ചാര്‍ഡ് നഗാരവയുമൊത്ത് അവസാന വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിചേര്‍ത്തു.
പാകിസ്ഥാന്‍ നിരയില്‍ ഫഖര്‍ സമാന്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. 10 പന്തില്‍ നിന്ന് പുറത്താകാതെ 27 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെയുടെ ടോപ്പ് ഓര്‍ഡര്‍ പാകിസ്ഥാന്റെ പേസിനെതിരെ തകര്‍ന്നു, പവര്‍ പ്ലേയില്‍ 25 ന് 3 എന്ന നിലയിലായരുന്നു ടീം. താരിഖിന്റെ പന്തുകള്‍ മധ്യനിരയെയും വീഴ്ത്തി.
ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ഉസ്മാന്‍ താരിഖ് തന്റെ രണ്ടാമത്തെ ടി20യില്‍ ഫഹീം അഷ്റഫ്, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് ശേഷം ടി20 ഹാട്രിക് നേടുന്ന നാലാമത്തെ പാകിസ്ഥാന്‍ ബൗളറായി. ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ശ്രീലങ്കയാണ് സിംബാബ്വെയുടെ അടുത്ത എതിരാളി.


by Midhun HP News | Nov 24, 2025 | Latest News, കേരളം
തിരുവല്ല: തിരുവല്ല പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാറിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ആണ് പുളിക്കീഴ് പൊലീസ് ആദ്യം കേസ് എടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്ന കണ്ടത്തൽ വന്നതോടെയാണ് സംഭവം കൊലപാതകം എന്ന് എഫ്ഐആറിൽ മാറ്റം വരുത്തിയത്. ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം.


by Midhun HP News | Nov 24, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍കൗണ്‍സിലര്‍ അനില്‍ കുമാറിനെയും മകന്‍ അഭിജിത്തിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അനില്‍ കുമാറിന്റെ വീടിന് മുന്‍വശത്ത് വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആദര്‍ശ് എന്തിനാണ് അനില്‍ കുമാറിന്റെ വീടിന്റെ മുന്‍വശത്ത് എത്തിയത് എന്നതടക്കം വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറാണ് അനില്‍ കുമാര്‍. ഈപ്രാവശ്യം കോണ്‍ഗ്രസില്‍ നിന്ന് മാറി എല്‍ഡിഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അനില്‍ കുമാര്‍ ചില നീക്കങ്ങള്‍ നടത്തിയതായാണ് വിവരം. സിപിഎം ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം വിജയിച്ചില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനില്‍ കുമാറിന്റെ മകന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
ധാക്ക: അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കി. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരിന് കത്തു നല്‍കിയതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേശകന്‍ തൗഹീദ് ഹുസൈന്‍ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കോടതി ശിക്ഷിച്ച ഷെയ്ഖ് ഹസീനയെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കുകയാണ്.
കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. 2024ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് നവംബര്‍ 17-നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.
കേസിലെ മൂന്നാം പ്രതിയായ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ നേരിട്ട് വിചാരണ നേരിട്ടതിനാല്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5-ന് ‘ജൂലൈ പ്രക്ഷോഭം’ എന്നറിയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധത്തിലാണ് 78 കാരിയായ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ നിലംപതിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ അരങ്ങേറിയ കലാപങ്ങളില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.


Recent Comments