വല നിറയെ പ്രതീക്ഷ; വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം നാളെ അവസാനിക്കും

വല നിറയെ പ്രതീക്ഷ; വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം നാളെ അവസാനിക്കും

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ചപുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.

ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി. ബോട്ടുകള്‍ എന്‍ജിന്‍ പണിയും മറ്റും കഴിച്ച് പെയിന്റടിച്ച് ഒരുങ്ങി. പുതിയ വലകളും തയ്യാറായി. ഐസും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്തിയും ചെമ്മീനും ലഭിച്ചിരുന്നു. കിളിമീന്‍, കൂന്തള്‍, ചെമ്മീന്‍ എന്നിവയിലാണ് ബോട്ടുകാര്‍ക്ക് പ്രതീക്ഷയുള്ളത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവിലുള്ളത്.

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാര്‍: ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍ പറഞ്ഞു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന അര ലിറ്ററില്‍ താഴെയുള്ള ശുദ്ധജലക്കുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, സ്‌ട്രോ, ക്യാരി ബാഗുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇത്തരം സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ക്കു കനത്ത പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ 10,000 രൂപയാണു പിഴ, രണ്ടാം തവണയും പിടികൂടിയാല്‍ 25,000, മൂന്നാം തവണ 2.5 ലക്ഷം രൂപ. മാലിന്യം വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതും 5000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ പൊതു ഇടങ്ങളില്‍ തള്ളുന്നതിന് 1000 മുതല്‍ 10,000 രൂപ വരെ പിഴയീടാക്കും.

തുലഭാര ത്രാസ് പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എക്ക് പരിക്ക്

തുലഭാര ത്രാസ് പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എക്ക് പരിക്ക്

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ തുലാഭാരച്ചടങ്ങിനിടയില്‍ ത്രാസ് പൊട്ടിവീണ് വി മുരളീധരന്‍ എംഎല്‍എയുടെ കാലിന് ചതവ് പറ്റി. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധനയില്‍ കാലിന് പൊട്ടലുകള്‍ ഇല്ലെന്നും ചതവ് മാത്രമാണ് ഉണ്ടായതെന്നും തെളിഞ്ഞു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നില്‍ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടിയത്. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്. ത്രാസ് താഴേക്ക് പതിച്ച് അദ്ദേഹത്തിന്റെ വലതുകാലില്‍ സാരമായ ചതവേല്‍ക്കുകയായിരുന്നു. മറ്റ് ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും അറിയിച്ചു.

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഓഗസ്റ്റ് 3ന് കോടതി പരിഗണിക്കും. റൗസ് അവന്യു അതിവേഗ കോടതിയില്‍ ചൊവ്വാഴ്ചയാണ് 20,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി, സാക്ഷി മൊഴികള്‍, തെളിവുരേഖകള്‍, അനുബന്ധ വിശദാംശങ്ങള്‍ എന്നിവ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. സിബിഐയ്ക്കു വേണ്ടി ഹാജരായ സീനിയര്‍ പബ്ലി്ക പ്രോസിക്യൂട്ടര്‍ വികെ പാഠക് മൂന്നുദിവസം കൂടി തേടിയത് കോടതി അനുവദിച്ചു.

മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടന്ന ചോര്‍ച്ചയ്ക്ക് ശേഷം ചോദ്യപേപ്പറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച രണ്ട് പ്രധാന റൂട്ടുകള്‍ സിബിഐ അന്വേഷണസംഘം കണ്ടെത്തി. കോച്ചിങ് സെന്റര്‍ ഉടമകള്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സ്, ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന വന്‍ ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ചോദ്യപേപ്പര്‍ പ്രധാനമായും രണ്ട് വഴികളിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിച്ചത്. മഹാരാഷ്ട്ര – രാജസ്ഥാന്‍ – ഹരിയാന എന്നിങ്ങനെ ആദ്യത്തേതും മഹാരാഷ്ട്ര – രാജസ്ഥാന്‍ – കേരളം എന്നിങ്ങനെ രണ്ടാമത്തെ വഴിയും. രാജസ്ഥാനിലെ സികറിലുള്ള കെമിസ്ട്രി അധ്യാപകനായ ശശികാന്ത് സുതാര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് ഈ കേരള ബന്ധം വ്യക്തമാക്കുന്നത്.

പരീക്ഷ കഴിഞ്ഞതിന് തൊട്ടുപിന്നാലെ മെയ് 3 വൈകുന്നേരം ശശികാന്ത് സുതാറിന്റെ വീട്ടുടമസ്ഥന്‍ രണ്ട് പിഡിഎഫ് ഫയലുകളുമായി അദ്ദേഹത്തെ സമീപിച്ചു. ഈ ഫയലുകള്‍ വീട്ടുടമസ്ഥന് ലഭിച്ചത് കേരളത്തില്‍ ഒന്നാം വര്‍ഷ എംബിബിഎസ് പഠിക്കുന്ന തന്റെ മകന്റെ വാട്‌സാപ്പ് സന്ദേശത്തിലൂടെയായിരുന്നു. കേരളത്തിലെ ഈ എംബിബിഎസ് വിദ്യാര്‍ഥിക്ക് തന്റെ റൂംമേറ്റില്‍ നിന്നാണ് മെയ് 2ന് (പരീക്ഷയുടെ തലേന്ന്) ഈ ചോദ്യങ്ങള്‍ ലഭിച്ചത്. ഫോണ്‍പേ വഴി 30,000 രൂപ നല്‍കിയാണ് ഈ റൂംമേറ്റ് ചോദ്യപേപ്പര്‍ കൈപ്പറ്റിയതെന്ന് വ്യക്തമായി. പരീക്ഷയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ 450ഓളം ചോദ്യങ്ങള്‍ ഈ രീതിയില്‍ പ്രചരിച്ചിരുന്നു.

എന്‍ടിഎയുടെ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് വിഷയവിദഗ്ദ്ധരും, കോച്ചിങ് സെന്റര്‍ ഉടമകളും, ഇടനിലക്കാരും ഉള്‍പ്പെടെ 13 പേരെ സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ലാതൂരിലെ ‘റേണുകായ് കരിയര്‍ സെന്റര്‍’ ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവോങ്കറിന്റെ ഫോണില്‍ നിന്ന് കൈയക്ഷരത്തിലുള്ള 132 കെമിസ്ട്രി ചോദ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ഏപ്രില്‍ 23ന് (പരീക്ഷയ്ക്ക് 10 ദിവസം മുന്‍പ്) എടുത്ത ഈ ചിത്രങ്ങളിലെ 111 ചോദ്യങ്ങളും എന്‍ടിഎയുടെ പ്രധാന ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോവുന്നവയായിരുന്നു.

5 ലക്ഷം രൂപയോളം നല്‍കിയാണ് കെമിസ്ട്രി ചോദ്യങ്ങള്‍ സംഘടിപ്പിച്ചതെന്നും, ലാതൂരിലെ ഒരു സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പറുകള്‍ കൈമാറിയതെന്നും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മെയ് 3ന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മെയ് 12നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ചോര്‍ച്ചയുടെ ഉറവിടം മുതല്‍ ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ വരെയുള്ള ശൃംഖല പൂര്‍ണമായും കണ്ടെത്താന്‍ ഏജന്‍സിക്ക് സാധിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പരീക്ഷാ ഏജന്‍സിയായ എന്‍ടിഎയുടെ സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകളായ പിവി കുല്‍ക്കര്‍ണി (കെമിസ്ട്രി), മനീഷ ഗുരുനാഥ് മന്ധാരെ (ബയോളജി), മനീഷ സഞ്ജയ് ഹവാല്‍ദാര്‍ (ഫിസിക്‌സ്) എന്നിവരടക്കം 13 പേരാണ് കേസിലെ പ്രതികള്‍. കോച്ചിങ് സെന്ററുകളുമായി ബന്ധമുള്ള അധ്യാപകരും ലാതൂര്‍ സ്വദേശിയായ ഡോക്ടറും ഇടനിലക്കാരും കുറ്റപത്രത്തിലുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍, കൂടാതെ 2024-ലെ പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

360 സാക്ഷികള്‍, 422 രേഖകള്‍, 43 ഭൗതിക തെളിവുകള്‍ എന്നിവ സിബിഐ കോടതിയില്‍ ഹാജരാക്കി. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമാക്കുന്ന ഡിജിറ്റല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കയ്യക്ഷര വിദഗ്ദ്ധരുടെ പരിശോധനാ ഫലങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തില്‍ പേരുള്ള 13 പേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 92 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബറെ കണ്ടെത്തി; ദില്‍ഷാദ് മേഘാലയയില്‍ ആശുപത്രിയില്‍

മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബറെ കണ്ടെത്തി; ദില്‍ഷാദ് മേഘാലയയില്‍ ആശുപത്രിയില്‍

മലപ്പുറം: കാണാതായ യൂട്യൂബറെ മേഘാലയയില്‍ നിന്ന് കണ്ടെത്തി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മേഘാലയയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വച്ച് അപകടത്തിപ്പെടുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുകയാണ്. ദില്‍ഷാദിനെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

‘യാത്ര ടുഡേ’ എന്ന യുട്യൂബ് ചാനല്‍ വഴി യാത്രാ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ദില്‍ഷാദിന് 9.33 ലക്ഷം ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ ജൂലായ് ആറിന് വീട്ടില്‍ നിന്ന് വ്‌ളോഗ് ചെയ്യാനായി പുറപ്പെട്ടതാണ്. കൊല്‍ക്കത്തയിലെത്തി നഗരത്തിന്റെ പിന്നാമ്പുറ കഥകള്‍ എന്ന പേരില്‍ വ്‌ളോഗ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ 22ന് മൊബൈല്‍ ഫോണില്‍ ദില്‍ഷാദുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അതിനുശേഷം അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറയുന്നു. ഇതോടെ ബന്ധുക്കള്‍ തേഞ്ഞിപ്പാലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മറ്റു യൂട്യൂബര്‍മാരും വ്‌ളോഗര്‍മാരും ദില്‍ഷാദിനെ കണ്ടെത്തുന്നതിനായി സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തിയിരുന്നു.