പൊലീസ് സംഘടനകളെ അട്ടിമറിച്ച് പൊലീസിനെ രാഷ്ട്രീയവൽക്കരിക്കാൻ നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

പൊലീസ് സംഘടനകളെ അട്ടിമറിച്ച് പൊലീസിനെ രാഷ്ട്രീയവൽക്കരിക്കാൻ നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

പൊലീസ് ഉദ്യോഗസ്ഥരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 1979 മുതൽ സംസ്ഥാനത്ത് സുതാര്യമായി പ്രവർത്തിച്ചുവരുന്ന സംവിധാനമാണ് പൊലീസ് സംഘടനകൾ. ആ സംഘടനാ ചട്ടക്കൂടിനെ ബന്ധപ്പെട്ട പ്രതിനിധികളുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറാകാതെ ഏകാധിപത്യപരമായാണ് ഈ സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡല്‍ഹി: നീറ്റ് പേപ്പര്‍ ക്രമക്കേട് ആരോപിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജന്തര്‍മന്തറിലെ സമരം വിദ്യാര്‍ഥികളുടെ ആക്രമണമോ, വെറുപ്പോ ആയിരുന്നില്ലെന്നും രാജ്യത്തിന്റെ ഭാവി തലമുറയുടെ ആഴത്തിലുള്ള ആവിഷ്‌കാരമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

ആ സമരത്തെ ബിജെപിയടക്കമുള്ള എല്ലാ പാര്‍ട്ടികളും മാനിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഡല്‍ഹിയിലെ പ്രതിഷേധത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ വീട്ടിലെത്തി അവരുടെ കുട്ടികളോട് ചോദിച്ചാല്‍, ആ സമരത്തോട് യോജിപ്പുള്ള ഒട്ടേറെപ്പേരെ സ്വന്തം വീട്ടില്‍ത്തന്നെ കാണാനാകും. ആ പ്രതിഷേധത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ടതുണ്ട്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണം ആമുഖമാക്കിയാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ‘ഒരിക്കല്‍ ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണത്തില്‍ എന്താണ് ഒരു വിദ്യാര്‍ഥി എന്ന് ആ ഞാന്‍ ചോദിച്ചു. ആ പെണ്‍കുട്ടി തന്ന ഉത്തരം വളരെ മനോഹരമായിരുന്നു. തുറന്ന മനസ്സും തുറന്ന ഹൃദയവുമുള്ളയാളാണ് ഒരു വിദ്യാര്‍ഥിയെന്നായിരുന്നു ഉത്തരം.

തനിക്കെല്ലാം അറിയില്ലെന്ന് തുടക്കം മുതലെ മനസിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്നു. അറിവ് മാറിക്കൊണ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക് എല്ലാമറിയാമെന്നും ലോകം ചലനമില്ലാത്തതാണെന്നും വിചാരിക്കുന്ന മറ്റൊരു കൂട്ടരുണ്ടെന്നും അവര്‍ ആരെയും കേള്‍ക്കുകയോ ചെയ്യില്ലെന്നും അവള്‍ പറഞ്ഞു. ആരാണ് അക്കൂട്ടരെന്ന് ആ കുട്ടിയോടു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്. ഞങ്ങള്‍ അവരെ ‘വിഡ്ഢി’ എന്നു വിളിക്കുന്നു എന്നാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ഓരോ സര്‍വ്വകലാശാലയിലും ആര്‍എസ്എസ് പശ്ചാത്തലമുള്ള വ്യക്തികളെയാണ് വൈസ് ചാന്‍സലര്‍മാരായി നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രം വിദ്യാര്‍ഥികള്‍ക്കിടയിലുള്ള സ്വതന്ത്ര ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളെ ‘അന്ധഭക്തര്‍’ ആക്കി മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജിവച്ചൊഴിഞ്ഞ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരു തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത വ്യക്തിയാണെന്നും മന്ത്രാലയം യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പൊതുപരീക്ഷകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെറും പേപ്പര്‍ ചോര്‍ച്ചയില്‍ ഒതുങ്ങുന്നതല്ലെന്നും അത് സംവിധാനത്തിലെ ആഴത്തിലുള്ള പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും രാഹുല്‍ പറഞ്ഞു, പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ഭയന്നാണ് അമിത് ഷാ സഭയില്‍ എത്താതിരുന്നത്. അദ്ദേഹം 30 കാറുകളുടെ അകമ്പടിയിലാണെന്നും കാറിലിരുന്ന് മന്ത്രി വിറയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി വിരുദ്ധമായ പദപ്രയോഗങ്ങള്‍ നടത്തുകയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. എന്നാല്‍ താന്‍ ആരെയും വ്യക്തിപരമായി വിളിച്ചതല്ലെന്നും ഒരു വാക്കിന് അര്‍ത്ഥം നല്‍കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. സ്പീക്കര്‍ ഓം ബിര്‍ള വിഷയത്തില്‍ ഇടപെടുകയും വിഷയം വിട്ട് സംസാരിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. തന്റെ പ്രസംഗം ഭരണപക്ഷ അംഗങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയാണെന്നും ബിജെപിക്ക് മാത്രം സംസാരിക്കാനാണ് ആഗ്രഹമെങ്കില്‍ താന്‍ മിണ്ടാതിരിക്കാമെന്നും രാഹുല്‍ ഗാന്ധി പരിഹാസരൂപേണ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രസംഗം ഭരണകക്ഷി അംഗങ്ങള്‍ തടസപ്പെടുത്തിയതോടെ സഭ 2.30വരെ നിര്‍ത്തിവച്ചു.

സുരേഷ് ഗോപിയുടെ കത്ത് ലക്ഷ്യം കണ്ടു; പൈറസിയില്‍ വിട്ടുവീഴ്ചയ്ക്കില്ല; 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി

സുരേഷ് ഗോപിയുടെ കത്ത് ലക്ഷ്യം കണ്ടു; പൈറസിയില്‍ വിട്ടുവീഴ്ചയ്ക്കില്ല; 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി

ഡല്‍ഹി: വ്യാജ സിനിമാ പതിപ്പുകള്‍ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1,263 വെബ്സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പൈറസിക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായാണു തീരുമാനം. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ പതിപ്പുകള്‍ ഇന്ത്യന്‍ സിനിമാ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും നടപടി ശക്തമാക്കണമെന്ന ആവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്രത്തിന് കത്തയിച്ചിരുന്നു. ആ കത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പൈറസിയും പകര്‍പ്പവകാശ ലംഘനങ്ങളും തടയുന്നതിനുള്ള ‘സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ ലെ വ്യവസ്ഥകള്‍ പ്രകാരമാണ് കേന്ദ്ര നടപടി.

വ്യാജ പതിപ്പുകള്‍ സിനിമാ വ്യവസായത്തിന് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടെന്ന് അശ്വനി വൈഷ്ണവ് കത്തില്‍ പറയുന്നു. നിയമസംവിധാനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിയമം ഭേദഗതി ചെയ്തതു പകര്‍പ്പവകാശ ലംഘനം നടത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹായിക്കും.

പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിന്റെ കീഴില്‍ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കി. പരാതികള്‍ ഏകോപിപ്പിച്ചു വേഗം നടപടിയെടുക്കാന്‍ പ്രത്യേക ആന്റി പൈറസി പോര്‍ട്ടല്‍ വികസിപ്പിക്കുന്നുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സൗജന്യമായി മീന്‍ നല്‍കാത്തതിന് വയോധികന് ക്രൂരമര്‍ദ്ദനം; ‘തീക്കട്ട ബൈജു’ അറസ്റ്റില്‍

സൗജന്യമായി മീന്‍ നല്‍കാത്തതിന് വയോധികന് ക്രൂരമര്‍ദ്ദനം; ‘തീക്കട്ട ബൈജു’ അറസ്റ്റില്‍

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ സൗജന്യമായി മത്സ്യം നല്‍കാന്‍ വിസമ്മതിച്ച 66കാരനായ മത്സ്യക്കച്ചവടക്കാരന് ക്രൂര മര്‍ദ്ദനം. തുരുത്തി സ്വദേശിയായ ഹനീഫിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ ‘തീക്കട്ട ബൈജു’ എന്ന ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സൗജന്യമായി മത്സ്യം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ അക്രമി ഹനീഫിന്റെ മുഖത്തടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ വയോധികന്റെ തലയ്ക്ക് കരിങ്കല്ല് ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്കേറ്റു.

ഹനീഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. അക്രമി തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും അസഭ്യം പറഞ്ഞാണ് ആക്രമിച്ചതെന്നും ഹനീഫ് വ്യക്തമാക്കി. ബോട്ടിന്റെ മോട്ടര്‍ നശിപ്പിച്ചതടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ മുമ്പും പ്രതിയായ ആളാണ് ബൈജു.

മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ഏഴ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്നുമുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ഒരു ജില്ലയിലും തീവ്രമഴ പ്രവചിച്ചിരുന്നില്ല.

ഒഡിഷയ്ക്ക് സമീപമുള്ള അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. ഇന്ന് ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്. വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

യെല്ലോ അലര്‍ട്ട്

30/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട്്

31/07/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

01/08/2026: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്‌.