ഗുരുവായൂരില്‍ ഓഗസ്റ്റ് ആറിനും ഏഴിനും നാലമ്പല ദര്‍ശന നിയന്ത്രണം

ഗുരുവായൂരില്‍ ഓഗസ്റ്റ് ആറിനും ഏഴിനും നാലമ്പല ദര്‍ശന നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കര്‍ക്കടക മാസ ശുദ്ധി ചടങ്ങുകള്‍
ഓഗസ്റ്റ് 5 ,6,7,8 തീയതികളില്‍ നടക്കും. ഗുരുവായൂരപ്പന് ഓഗസ്റ്റ് 6 വ്യാഴാഴ്ച വൈകീട്ടും ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെയും ശുദ്ധി ചടങ്ങുകള്‍ നടക്കും. അയ്യപ്പസ്വാമിക്ക് ഓഗസ്റ്റ് 5 ബുധനാഴ്ചയും ഗണപതിക്ക് ഓഗസ്റ്റ് 6 വ്യാഴാഴ്ചയും ശുദ്ധി നടക്കും.

ഓഗസ്റ്റ് 8 ശനിയാഴ്ചയാണ് ഭഗവതിക്ക് ശുദ്ധി ചടങ്ങുകള്‍. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 6 (വ്യാഴം), ഓഗസ്റ്റ് 7 (വെള്ളി) ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം എന്നാണ് പറഞ്ഞത്. മക്കള്‍ എന്നാല്‍ ആണും പെണ്ണും ഇല്ലേയെന്നും ഇതില്‍ എന്താണ് സ്ത്രീ വിരുദ്ധതയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ ഇത്രയ്ക്കും താഴോട്ട് പോകരുത്. ഇല്ലാത്ത കാര്യം ഊതി വീര്‍പ്പിച്ചാല്‍ ക്രെഡിബിലിറ്റി നഷ്ടമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘നിങ്ങളെല്ലാം വാര്‍ത്ത കൊടുത്തു. ആരെങ്കിലും അതിന്റെ വിഷ്വല്‍ കണ്ടിട്ടുണ്ടോ?. പലരും പലരുടെയും ആളുകളായി പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പറയുന്നത്. ഞാന്‍ നടത്തിയ പ്രസംഗം ഇവിടെ വായിക്കാം. ഞാന്‍ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാര്‍ അവരുടെതായ പ്രത്യേകമായ ഭക്ഷണം ഉണ്ടാക്കും. അവര്‍ക്ക് മാത്രം ഉണ്ടാക്കാന്‍ പറ്റുന്നവയാണവ. പക്ഷെ അവരുടെ മക്കള്‍ക്ക് അത് പകര്‍ന്നുകൊടുക്കുന്നില്ല. ആ മക്കളെ കൊണ്ട് കൂടിയോ മകന്റെ ഭാര്യയായി വരുന്ന ഒരാള്‍ക്കെങ്കിലും ആ ഭക്ഷണത്തിന്റെ പ്രത്യേകത പകര്‍ന്നുകൊടുക്കാന്‍ കഴിയണമെന്നാണ്. മക്കള്‍ എന്നുപറഞ്ഞാല്‍ പെണ്‍മക്കള്‍ എന്ന് എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്’ സതീശന്‍ ചോദിച്ചു.

‘മക്കള്‍ക്ക് പകര്‍ന്നുകൊടുക്കണം, കൂടാതെ വീട്ടിലേക്ക് പുതുതായി കടന്നുവരുന്ന മകന്റെ ഭാര്യക്കും പകര്‍ന്നുകൊടുക്കണമെന്നാണ് പറഞ്ഞത്. അതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത്. മൈക്രോ സ്‌കോപ്പിക്കല്‍ ലെന്‍സ് വച്ചുനോക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍ നിന്ന് കൗശലത്തോട് കൂടി വാക്കുകള്‍ അടര്‍ത്തിമാറ്റരുത്. മക്കള്‍ക്ക് പകര്‍ന്നുകൊടുക്കണമെന്ന് പറയുന്നതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത്. മാധ്യമങ്ങള്‍ ഇത്രയ്ക്കും താഴോട്ട് പോകരുത്. നിങ്ങള്‍ക്ക് എന്നെ എന്തെല്ലാം കാര്യങ്ങളില്‍ വിമര്‍ശിക്കാം. ഇല്ലാത്ത കാര്യം ഊതി വീര്‍പ്പിച്ചാല്‍ നിങ്ങളുടെ ക്രെഡിബിലിറ്റി പോകും. എന്റെ ക്രെഡിബിലിറ്റി ഒന്നും പോകില്ല’- വിഡി സതീശന്‍ പറഞ്ഞു.

‘പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റ്’; കേസെടുത്ത് പൊലീസ്, എക്‌സിന് നോട്ടീസ്

‘പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റ്’; കേസെടുത്ത് പൊലീസ്, എക്‌സിന് നോട്ടീസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. അധിക്ഷേപ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഉള്‍പ്പെടെ പൊലീസ് നോട്ടീസ് അയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളതില്‍ ഭൂരിഭാഗവുമെന്നാണ് വിവരം.

ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന് കീഴിലുള്ള ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. ജൂലൈ 20ന് നടന്ന ചലോ സംസദ് മാര്‍ച്ചിനിടെയും തുടര്‍ന്നുണ്ടായ പൊലീസ് നടപടികള്‍ക്ക് ശേഷവും പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. പരാതിക്കാര്‍ ചൂണ്ടിക്കാണിച്ച പോസ്റ്റുകളും വിഡിയോകളും ഉടനടി നീക്കം ചെയ്യാനും അക്കൗണ്ട് ഉടമകളുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാനും പൊലീസ് പ്ലോറ്റ്ഫോമുകളോട് നിര്‍ദ്ദേശിച്ചു.

അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തതിന്റെയും ലോഗ് ഔട്ട് ചെയ്തതിന്റെയും കൃത്യമായ സമയവും തീയതിയും, അന്വേഷണത്തിന് സഹായിക്കുന്ന മറ്റ് സാങ്കേതിക വിവരങ്ങള്‍ എന്നിവയാണ് പൊലീസ് നോട്ടീസില്‍ തേടിയത്. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചില പോസ്റ്റുകളും വിഡിയോകളും ഇതിനകം പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനിയും നിയമവിരുദ്ധ പോസ്റ്റുകള്‍ വരുന്നുണ്ടോ എന്ന് സൈബര്‍ സംഘം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

നടി അൻസിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല.

AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേതയുടെ സത്യവാങ്മൂലത്തിലുണ്ട്. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്.

ഐടി ഓഹരികളില്‍ റാലി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; നാലാം ദിവസവും രൂപയ്ക്ക് നേട്ടം

ഐടി ഓഹരികളില്‍ റാലി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; നാലാം ദിവസവും രൂപയ്ക്ക് നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. നിക്ഷേപകര്‍ ഐടി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് കരുത്തായത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 800 പോയിന്റ് ആണ് മുന്നേറിയത്. ഒരിടവേളയ്ക്ക് ശേഷം നിഫ്റ്റി 24000ന് മുകളില്‍ എത്തി.

ഐടി സൂചിക 2.8 ശതമാനമാണ് മുന്നേറിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റം 8.5 ശതമാനമായി ഉയര്‍ന്നു. ആഗോള ചിപ്പ് നിര്‍മ്മാതാക്കളെ മറികടന്ന് ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഓഹരികള്‍ മികച്ച പ്രതിമാസ നേട്ടത്തിലേക്ക് കുതിക്കുകയാണ്. നിക്ഷേപകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപാരങ്ങളില്‍ നിന്ന് മാറി ഐടി കമ്പനികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം മുതല്‍ ഐടി സൂചികയില്‍ ഉണ്ടായ മുന്നേറ്റമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 755 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെ തന്നെയാണ്. ഇതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. അഞ്ചു പൈസയുടെ നേട്ടത്തോടെ 95.77ലേക്കാണ് രൂപ ഉയര്‍ന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപയുടെ മുന്നേറ്റം. ഡോളര്‍ ദുര്‍ബലമായതും എണ്ണവില കുറഞ്ഞതും അടക്കമുള്ള വിഷയങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, എച്ച് യുഎല്‍, ലാര്‍സന്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.