ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ അമ്മാവന്‍മാര്‍ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ മാഞ്ജി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്.

കേസില്‍ ശങ്കറിന്റെ മാതൃസഹോദരന്മാരായ തൂഫാനി (35) രാജേഷ് ( 29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് കൊല്ലപ്പെട്ട ശങ്കറും പ്രതികളായ അമ്മാവന്മാരും. ബിഹാറിലെ ഷോഹര്‍ ജില്ലക്കാരായ മൂവരും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനായി രണ്ടു ദിവസം മുമ്പാണ് ഗുണയില്‍ എത്തിയത്. മൂന്നുപേരും ഒരു സ്ഥലത്താണ് താമസിച്ചിരുന്നത്.

ഞായറാഴ്ച രാത്രി മൂന്നുപേരും കൂടി ഭക്ഷണം പാചകം ചെയ്തു കഴിച്ച ശേഷം മദ്യപാനം ആരംഭിച്ചു. ഇതിനിടെ ചര്‍ച്ച ബിഹാര്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയും തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. മരിച്ച ശങ്കര്‍ ആര്‍ജെഡി അനുകൂലിയാണ്. പ്രതികളായ അമ്മാവന്മാര്‍ തൂഫാനിയും രാജേഷും ജെഡിയു പക്ഷക്കാരാണ്. സംസാരത്തിനിടെ ആര്‍ജെഡി നേതാവായ തേജസ്വി യാദവിനെതിരായ മോശം പരാമര്‍ശമാണ് ശങ്കറിനെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വാക്കുതര്‍ക്കം കയ്യാങ്കളിയായി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, അടുത്തുള്ള ഒരു ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മുഖം ചെളിയില്‍ മുക്കി. മുഖം ചെളിയില്‍ അമര്‍ത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശങ്കര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യുവാവിന്റെ വായിലും ശ്വാസകോശത്തിലും വരെ ചെളി എത്തിയിരുന്നു. മരിച്ചുവെന്ന് ബോധ്യമായതോടെ, ചെളിയില്‍ പുതഞ്ഞ ശങ്കറിനെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വിവരം അറിഞ്ഞെട്ടത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. ഒരു മണിക്കൂറിനകം പ്രതികളെ വലയിലാക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

പബ്ലിക് ഹെൽത്ത് പി ജി പ്രവേശനത്തിന് 24 വരെ അപേക്ഷ നൽകാം

പബ്ലിക് ഹെൽത്ത് പി ജി പ്രവേശനത്തിന് 24 വരെ അപേക്ഷ നൽകാം

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.

പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാഫീസ് 1,800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 900 രൂപയുമാണ്. അപേക്ഷാഫീസ് നവംബർ 22 വരെ ഓൺലൈൻ വഴിയോ, വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ അടയ്ക്കാം.

അപേക്ഷകർ www.lbscentre.kerala.gov.in വഴി വ്യക്തിഗത അക്കാദമിക് വിവരങ്ങൾ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യോഗ്യത സർട്ടിഫിക്കറ്റുകളും മറ്റു ആവശ്യപ്പെട്ട രേഖകളും അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫീസ് അടച്ചവർ നവംബർ 24 നകം അപേക്ഷകൾ സമർപ്പിക്കണം. പ്രവേശന പരീക്ഷ നവംബർ 29 ന് തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തപ്പെടും. പരീക്ഷയുടെ അടിസ്ഥാനത്തിൽ LBS ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ഒരു കേന്ദ്രികൃത അലോട്ട്‌മെന്റിലൂടെയാകും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560361, 2560362, 2560363, 2560364.

ഐടി ജീവനക്കാരിയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ഐടി ജീവനക്കാരിയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ബം​ഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ അജ്ഞാത സംഘം ബം​ഗളൂരുവിലെ ഐടി ജീവനക്കാരിയിൽ നിന്നു കൈക്കലാക്കിയത് 32 കോടി രൂപ! കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇവരിൽ നിന്നു തട്ടിപ്പ് സംഘം പണം അപഹരിച്ചത്. ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ ലഭിച്ചെന്ന പേരിൽ ഒരു വർഷം മുൻപ് വന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്കിന്റെ നടപടിയെന്നു ബോധ്യപ്പെടുത്തിയാണ് പണം തട്ടിയത്.

ബം​ഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന 57കാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ തിരിച്ചറിയിൽ രേഖ ഉപയോ​ഗിച്ചു ലഹരിക്കടത്ത് നടത്തിയെന്നാണ് സിബിഐ ഉദ്യോ​ഗസ്ഥർ എന്നു പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം പറഞ്ഞത്. മകന്റെ വിവാ​​ഹം അടുത്തു വന്നതിനാൽ അനാവശ്യം കേസും മറ്റു പൊല്ലാപ്പുകളും വേണ്ടെന്നു കരുതിയാണ് താൻ സംഘത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പണം നൽകിയത് എന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.

സ്വത്ത് വിവരങ്ങൾ ആർബിഐയ്ക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടാണ് ഈയടുത്ത് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. കുറച്ചു ദിവസത്തേക്ക് ഡിജിറ്റൽ അറസ്റ്റിലായിരിക്കുമെന്നും സംഘം 57കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിശോധനകൾ കഴിഞ്ഞാൽ മുഴുവൻ തുകയും തിരികെ നൽകുമെന്നും പറഞ്ഞു. 187 ബാങ്ക് ഇടപാടുകളിലൂടെ 31.83 കോടി രൂപയാണ് ഇത്തരത്തിൽ ജീവനക്കാരി കൈമാറിയത്.

ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ സമ്പാദ്യവും പരിശോധനയ്ക്കാണെന്നു വിശ്വസിച്ചു ഇവർ കൈമാറുകയായിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരി സൈബർ പൊലീസിൽ പരാതി നൽകിയത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ രാജ്യത്തു തന്നെ ഒരു വ്യക്തിക്ക് ഇത്രയും വലിയ തുക നഷ്ടമാകുന്നത് ഇതാദ്യമാണ്.

ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മോഡല്‍ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും ഷഹീന്‍ പോയി

ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മോഡല്‍ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും ഷഹീന്‍ പോയി

ഡല്‍ഹി: ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരരുടെ വൈറ്റ് കോളര്‍ മൊഡ്യൂള്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ആക്രമണം എന്ന് റിപ്പോര്‍ട്ട്. അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളാണ് ലക്ഷ്യമിട്ടത്. പരമാവധി നാശം വരുത്തുക ലക്ഷ്യമിട്ട് തിരക്കേറിയ സ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു പദ്ധതി. ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കുന്നു.

2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലിനെതിരെ ഇത്തരത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇന്നലെ അറസ്റ്റിലായ കശ്മീര്‍ സ്വദേശി ജസീര്‍ ബീലാല്‍ വാണി ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. വൈറ്റ് കോളര്‍ മൊഡ്യൂള്‍ നടത്തിയ ആക്രമണ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കാളിത്തമുണ്ടെന്നും എന്‍ഐഎ സൂചിപ്പിച്ചു.

ചാവേറായ ഉമര്‍ നബി ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നോ എന്നും എന്‍ഐഎ സംശയിക്കുന്നുണ്ട്. അതിനിടെ, അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ഭീകര സംഘടനയായ ലഷ്‌കര്‍ എ തയ്ബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഷഹീന്‍ രണ്ടു കൊല്ലം സൗദി അറേബ്യയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തുര്‍ക്കിക്ക് പുറമെ മാലദ്വീപിലേക്കും ഷഹീന്‍ യാത്ര ചെയ്തിട്ടുണ്ട് എന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു