വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു

വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു

ആറ്റിങ്ങൽ: കോരാണി കുറക്കട ഭാവന ജംഗ്ഷൻ സജിത്ത് ഭവനിൽ ഷീജ (49) യാണ് മരിച്ചത്. ദിവസങ്ങൾക്കു മുൻപ് വീട്ടിലേക്കുള്ള വഴിയരികിൽ വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

മക്കൾ: സജിത്ത്, സിജിമോൻ.
മരുമകൾ: വിനിത
ചെറുമകൾ: നിധി.
മരണാനന്തര ചടങ്ങുകൾ തിങ്കൾ (05.01.26) രാവിലെ 8.30 ന്

ചിറയിൽകീഴിൽ വൻ മദ്യ വേട്ട

ചിറയിൽകീഴിൽ വൻ മദ്യ വേട്ട

ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചിറയിൻകീഴ് റേഞ്ച് ഇൻസ്‌പെക്ടർ വി എസ് ദീപുക്കുട്ടന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തികൊണ്ടിരിക്കുന്ന ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇരട്ടകലുങ് ഡ്രീം ലാൻഡ് വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിന്റെ കാർ പോർച്ചിന്റെ കോണിൽ പ്രത്യേകമായി സ്റ്റോർ റൂം സജ്ജീകരിച്ച് അതിനുള്ളിൽ 99 കെയ്സുകളിലായി 891 ലിറ്റർ ഗോവ നിർമ്മിത അനധികൃത വിദേശ മദ്യം കണ്ടെത്തി.

തുടർന്ന് ഡ്രീം ലാൻഡ് വീട്ടിൽ താമസക്കാരനായ 53 വയസ്സുള്ള ബിനു ജി യെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. കേസ് ചിറയിൻകീഴ് റേഞ്ചിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേഷ് കെ ആർ, പ്രിവന്റീവ് ഓഫീസർ എ ജസീം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷംനാദ്, പ്രവീൺ, അജാസ്, അഖിൽ, വൈശാഖ്,വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ പങ്കെടുത്തു.

മാർഷ് നയിക്കും; ഇന്ത്യൻ മണ്ണിൽ കപ്പടിക്കാൻ സ്പിന്നർമാരെ ഇറക്കി ഓസ്ട്രേലിയ

മാർഷ് നയിക്കും; ഇന്ത്യൻ മണ്ണിൽ കപ്പടിക്കാൻ സ്പിന്നർമാരെ ഇറക്കി ഓസ്ട്രേലിയ

സിഡ്നി: ടി20 ലോകകപ്പിനുള്ള 15 അം​ഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരിയിൽ നടക്കുന്ന പോരാട്ടത്തിൽ സ്പിന്നർമാർക്ക് വലിയ പ്രാധാന്യം നൽകിയാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചത്. ടി20യിൽ നിന്നു വിരമിച്ച സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പകരക്കാരനായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.

പരിക്കിനെ തുടർന്നു ടീമിൽ നിന്നു പുറത്തായ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, പേസർ ജോഷ് ഹെയ്സൽവുഡ് എന്നിവർ ലോകകപ്പ് ടീമിലുണ്ട്. ആഷസ് പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാറ്റ് കമ്മിൻസ് കളിച്ചത്. ജനുവരി അവസാനം നടക്കുന്ന അന്തിമ പരിശോധനകൾക്കു ശേഷമാകും കമ്മിൻസ് ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തത വരുക. ആഷസ് പരമ്പര പൂർണമായും നഷ്ടപ്പെട്ട ജോഷ് ഹെയ്‍സൽവുഡിനെയും ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വിധേയനാക്കും. പരിക്കേറ്റ് പുറത്തായ ഹാർഡ് ഹിറ്റർ ടിം ഡേവിഡും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. താരവും ലോകകപ്പ് ആകുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, ടിം ഡേവിഡ് എന്നിവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ലോകകപ്പിന് അവർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെലക്ടർ ജോർജ് ബെയ്‌ലി പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചത് പ്രാഥമിക ടീം മാത്രമാണെന്നും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടം കൈ സ്പിന്നർമാരായ മാറ്റ് കുനെമാൻ, കൂപ്പർ കോണോളി എന്നിവരെ 15 അംഗ ടീമിലേക്ക് ഉൾപ്പെടുത്തി. ആദം സാംപ, പാർട്ട് ടൈം സ്പിന്നർ ഗ്ലെൻ മാക്സ്‌വെൽ എന്നിവരും ടീമിലുണ്ട്. ഓസ്ട്രേലിയയുടെ ഗ്രൂപ്പ് ഘട്ട മത്സങ്ങൾ മുഴുവൻ ശ്രീലങ്കയിലാണ് നടക്കുന്നത്. കമ്മിൻസിനും ഹെയ്‌സൽവുഡിനും പുറമേ നതാൻ എല്ലിസ്, സേവ്യർ ബാർട്‌ലെറ്റ്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് ടീമിലെ പേസർമാർ. എല്ലാവരും വലം കൈയൻ ബൗളർമാരാണ്.

2026ലെ ഐപിഎലിന് മുന്നോടിയായി പഞ്ചാബ് കിങ്സ് നിലനിർത്തിയ ഓൾറൗണ്ടർ മിച്ചൽ ഓവനെ ടീമിലേക്ക് പരി​ഗണിച്ചില്ല. ഫെബ്രുവരി ഏഴ് മുതലാണ് ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി 11ന് കൊളംബോയിൽ അയർലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് മത്സരം. ടൂർണമെന്റിനു മുന്നോടിയായി പാകിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ഓസ്‌ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, കൂപ്പര്‍ കോണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ.

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേര്‍ന്നു നിന്നത്. 2026ലേക്ക് കടക്കുമ്പോള്‍ ആ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.

11.4 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക്, ഫുട്ബാള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ്, അംഗന്‍വാടി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയല്‍, ഓരോ വീട്ടിലും സൗരോര്‍ജ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ ഷിപ്പിലുണ്ടാകും.

207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോണ്‍ക്രീറ്റ് ഭിത്തി, തേപ്പ്, ടൈല്‍ പാകല്‍, പെയിന്റിംഗ് എന്നീ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ പ്രാരംഭ പണി പൂര്‍ത്തിയായി. കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാര്‍ക്കല്‍ കഴിഞ്ഞു. 1600ഓളം ജീവനക്കാര്‍ രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്നുണ്ട്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നല്‍കുന്നത്.

20 വര്‍ഷത്തോളം വാറന്റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. സിമന്റ്, മണല്‍, മെറ്റല്‍, കമ്പി മുതലായവ നിര്‍മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ നിര്‍മാണങ്ങള്‍ക്കും 5 വര്‍ഷത്തേയ്ക്ക് കേടുപാടുകളില്‍ നിന്നും കരാറുകാര്‍ സംരക്ഷണം നല്‍കും. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.’ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വർക്കലയിൽ പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു

വർക്കലയിൽ പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു

പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു. വർക്കല വെട്ടൂർ പഞ്ചായത്ത് വിളഭാഗം ഒമ്പതാം വാർഡിൽ ഗായത്രി 29 വയസ്സാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രസവിക്കുകയുംഅമിത രക്തസമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവതിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മരണത്തിൽ അസ്വഭാവികഥ ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു. സ്വന്തം വീട്ടിലേക്ക് ശവസംസ്കാര ചടങ്ങുകൾക്കായി യുവതിയെ വിതുരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.