by Midhun HP News | Nov 10, 2025 | Latest News, കേരളം
കൊച്ചി: പരിഷ്‌കരിച്ച ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി. ചോദ്യാവലിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത് കൂട്ടത്തോല്‍വിക്കു കാരണമായിരുന്നു. പരിഷ്‌കാരത്തിനെതിരേ വലിയ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാന്‍ ശ്രമിച്ചത്.
മുന്‍പ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ പരിഷ്‌കരിച്ചപ്പോള്‍ ചോദ്യങ്ങളുടെ എണ്ണം 30 ആയി. ഇതില്‍ 18 എണ്ണത്തിന് ഉത്തരം നല്‍കിയാല്‍ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തില്‍ നല്‍കേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. ചോദ്യാവലിയില്‍ മൂന്ന് സാധാരണ ചോദ്യങ്ങള്‍ക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കേണ്ടത് കാപ്ച അടിച്ചുനല്‍കിയാണ്. ഓരോ മൂന്നു ചോദ്യത്തിനുശേഷവും കാപ്ച നല്‍കേണ്ട ഉത്തരം വരും.
അതിനാല്‍ കംപ്യൂട്ടര്‍ ടൈപ്പിങ്ങില്‍ വലിയ വേഗത ഇല്ലാത്തവര്‍ക്കും പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ധാരാളം സമയം വേണ്ടിവരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കന്‍ഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കന്‍ഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. അതിനാല്‍ പരീക്ഷ എഴുതുന്ന 80 ശതമാനം പേര്‍ക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്പരുകളും അടങ്ങുന്നതാണ് കാപ്ച.
30 ചോദ്യത്തിനും ഉത്തരം നല്‍കുന്നവര്‍ക്ക് ഒന്‍പത് കാപ്ച ഉത്തരം നല്‍കേണ്ടിവരും. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ത്തന്നെ പരീക്ഷയില്‍നിന്നു സമയം പൂര്‍ത്തിയായി പുറത്താകുന്ന അവസ്ഥയാണ്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൊത്തം കാപ്ച ചോദ്യം മൂന്നായി ചുരുക്കി. ഇതോടെ പരീക്ഷ എഴുന്നവര്‍ക്ക് ആശ്വാസമായെങ്കിലും പരീക്ഷയെ പേടിച്ച് പലരും എഴുതാന്‍ മടിക്കുന്നുണ്ട്.


by Midhun HP News | Nov 10, 2025 | Latest News
തൊടുപുഴ: ഇടുക്കിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കും. മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനാലാണിത്. വൈദ്യുതിയിലുണ്ടാകുന്ന കുറവ് പുറമേ നിന്ന് വൈദ്യുതി എത്തിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.
ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.ഡാമില്‍നിന്ന് വെള്ളമെത്തുന്ന പവര്‍ഹൗസിലെ രണ്ടാം പെന്‍സ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകളെന്നതിനാല്‍ നാലാം ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടിവരും.
ഇടുക്കിയിലെ ആകെ വൈദ്യുതോത്പാദനം 780 മെഗാവാട്ടാണ്. മൂന്നു ജനറേറ്ററുകള്‍ നിര്‍ത്തുന്നതോടെ ഇത് പ്രതിദിനം 390 മെഗാവാട്ടായി കുറയും. മാസം 24 കോടി യൂണിറ്റിന്റെ കുറവുണ്ടാകും. എല്ലാവര്‍ഷവും ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഓരോ ജനറേറ്റര്‍ വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യുന്നതാണ് പതിവ്. ഇത്തവണ സീലുകള്‍ തേഞ്ഞുപോയത് കണ്ടെത്തിയതുകൊണ്ടാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരുമിച്ചുനടത്തുന്നത്.


by Midhun HP News | Nov 10, 2025 | Latest News, കേരളം
പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം. ഇതുവരെ 1124 പോയിന്റുമായി മലപ്പുറം മുന്നിട്ട് നില്‍ക്കുകയാണ്. കണ്ണൂര്‍ (1095) രണ്ടും കോഴിക്കോട് (1066) മൂന്നും സ്ഥാനത്തുണ്ട്. മേള ഇന്ന് സമാപിക്കും.
സ്‌കൂളുകളില്‍ 108 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്എസ്എസാണ് മുന്നില്‍. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടും (99) കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് (97) മൂന്നും സ്ഥാനത്തുണ്ട്. നവംബര്‍ ഏഴിാണ് ശാസ്ത്രോത്സവം ആരംഭിച്ചത്. നാലുദിവസം നീണ്ട മേളയില്‍ കുട്ടികള്‍ക്ക് അവരുടെ ശാസ്ത്ര ലോകത്തെ അറിവും മികവും പ്രകടിപ്പിക്കാന്‍ സാധിച്ചു. കുട്ടികളുടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങള്‍ക്കാണ് ശാസ്ത്രോത്സവം വേദിയായത്.


by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.
തുടക്കത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത
കേരള ഫയർ ആൻ്റ് റെസ്ക്യു ഉദ്യോഗസ്ഥനും ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശിയുമായ സജിത് ലാൽ നന്ദനത്തിൻ്റെ മാൻകൈൻ്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച ബുദ്ധനും യൂദാസും കുറെ ചാവേറുകളും എന്ന നോവൽ പ്രശസ്ത യുവ നോവലിസ്റ്റുകളായ വിഷ്ണു എം.സി (കാന്തമല ചരിതം ട്രിലോജി), ഷിനു എം.എസ് (ജഹന്ന) എന്നിവർ ഗ്രന്ഥകാരൻ്റെ പിതാവ് കെ.ദിവാകരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.
അജിത് ലാൽ എസ് ഡി അദ്ധ്യക്ഷത വഹിച്ച പ്രകാശന വേളയിൽ പ്രശസ്ത നോവലിസ്റ്റ് ജഗദീഷ് കോവളം സ്വാഗത പ്രസംഗം നടത്തി. കുളത്തൂർ.എൻ ദിലീപ് പുസ്തക പരിചയം നടത്തുകയും എസ് വേണുഗോപാൽ (ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്) പവനൻ.എ, വിജി വട്ടപ്പാറ (കവി) ഹരീഷ് വെള്ളല്ലൂർ (സാഹിത്യകാരൻ) അജിത് കുമാർ. ജി എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഗ്രന്ഥകാരനായ സജിത് ലാൽ നന്ദനം മറുമൊഴിയും കൃതജ്ഞതയും നടത്തി.


Recent Comments