സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടുത്ത വയറുവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഈ സമയത്ത് ഗൈനക്കോളജിസ്റ്റ് ലഭ്യമായിരുന്നില്ല. തുടർന്ന് ഇവരെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഇതിനിടയിൽ ആശുപത്രിയിലെ ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും, നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം ആരുമറിയാതെ കടന്നു കളയുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രി വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പൊലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ഫോറൻസിക് സംഘവും പൊലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവന്‍ സമയവും വിന്യസിച്ച് നിയമലംഘനങ്ങള്‍ തടയുന്നതിനൊപ്പം അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

ദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവര്‍ത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ രണ്ട് ദക്ഷിണ മേഖലകളും, തൃശൂര്‍, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓരോ മധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തില്‍ രണ്ട് വടക്കന്‍ മേഖലകളും പ്രവര്‍ത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റര്‍ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ പ്രത്യേകം നിശ്ചയിക്കും.

ഓരോ മേഖലയിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫിസുകള്‍, ആര്‍ടിഒ ഓഫിസുകള്‍, സബ് ആര്‍ടിഒ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ രൂപീകരിക്കും. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, ആവശ്യമായ പരിശോധനാ ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങള്‍ എന്നിവ സംഘത്തിന്റെ ഭാഗമാകും. വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ മാറിമാറി നിയോഗിക്കുകയും പകല്‍, വൈകിട്ട്, രാത്രി ഡ്യൂട്ടികള്‍ തുല്യമായി വിതരണം ചെയ്യുകയും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സി പി ജോണ്‍ പറഞ്ഞു.

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്‌നസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, നികുതി ലംഘനങ്ങള്‍, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുന്‍ഗണന. വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുകയും അപകടത്തില്‍പ്പെട്ടതോ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങള്‍ പൊലീസിന്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മൊബൈല്‍ പട്രോളിങ്; മിന്നല്‍ പരിശോധന

ഒരിടത്ത് ദീര്‍ഘസമയം പരിശോധന നടത്തുന്നതിനുപകരം ദേശീയപാതയിലൂടെ തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണ് സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന, ആവശ്യമെങ്കില്‍ പൊലീസുമായി സംയുക്ത പരിശോധന, കാമറകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം, ദേശീയപാത അതോറിറ്റിയുടെ കാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള നിയമനടപടി, അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക നിരീക്ഷണം എന്നിവയും നടപ്പാക്കും.

ഓരോ മേഖലയിലെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. മിന്നല്‍ പരിശോധനകള്‍ നടത്തുക, ജിപിഎസ് വിവരങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വിന്യാസം പരിശോധിക്കുക, പ്രതിദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, അപകടസാധ്യതയേറിയ ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന ഉറപ്പാക്കുക, ആര്‍ടിഒമാരുമായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായും പ്രതിവാര അവലോകന യോഗം ചേരുക, ജില്ലാ പൊലീസ് മേധാവിമാര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ഏകോപനം ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും നിര്‍ദേശിച്ചിട്ടുണ്ട്.

രാത്രി പരിശോധനയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന

ഉദ്യോഗസ്ഥര്‍ യൂണിഫോമും പ്രതിഫലന സുരക്ഷാ ജാക്കറ്റും നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ലഭ്യമായിടത്ത് ബോഡി കാമറ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങള്‍, ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പരമ പ്രാധാന്യം നല്‍കണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളുടെ രൂപീകരണം, ഡ്യൂട്ടി പട്ടിക, തുടര്‍ച്ചയായ വിന്യാസം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ചയുണ്ടായാല്‍ അത് ഗൗരവമായി കാണുമെന്നും മന്ത്രി സി പി ജോണ്‍ മുന്നറിയിപ്പ് നല്‍കി.

ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 3.28 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കടലിനടിത്തട്ടിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി (JMA) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ പ്രദേശത്തുള്ള ക്യുഷു ദ്വീപിലാണ് കുമാമോട്ടോ സ്ഥിതി ചെയ്യുന്നത്.

കുമാമോട്ടോയ്ക്ക് പുറമേ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ ജപ്പാന്റെ തെക്കൻ ക്യൂഷു ദ്വീപിലെ പ്രവിശ്യകളിൽ അടിയന്തര ഭൂചലന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 25ന് ജപ്പാന്റെ വടക്കൻ പ്രദേശത്ത് 7.2 തീവ്രതയിൽ ഭൂചലനം അനുഭപ്പെട്ടിരുന്നു. എന്നാൽ മരണമോ വൻനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. 125മില്യൺ ജനങ്ങൾ അതിവസിക്കുന്ന ജപ്പാനിൽ ഓരോ വർഷവും വലുതും ചെറുതുമായ നൂറിലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തുന്നത്. ഇത് ലോകത്താകമാനം ഉണ്ടാകുന്ന ഭൂചലനത്തിന്റെ 18 ശതമാനമാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു.

നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കുടവൂർക്കോണം ഗവ: ഹൈസ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം നടന്നു

കുടവൂർക്കോണം ഗവ: ഹൈസ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ പഞ്ചായത്തായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിന് അനുവദിച്ച
സയൻസ് ലാബിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഷീല. എസ് അധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ സജികുമാർ.എസ് സ്വാഗതം പറഞ്ഞു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, വാർഡ് മെമ്പർ ആശ.എം.എസ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് മുബാറക് ഹുസൈൻ നന്ദി രേഖപ്പെടുത്തി. പ്രതിഭകളായ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിശിഷ്ടാതിഥികൾ ആദരവ് നൽകി.