വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

മോട്ടോര്‍ വാഹന വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരളാ പി എസ് സി പുറത്തിറക്കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 1.

1. വകുപ്പ്‌: മോട്ടോര്‍ വാഹന വകുപ്പ്

2. ഉദ്യോഗപ്പേര്‌: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

3. ശമ്പളം : ₹ 45,600-95,600/- 4.

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

4. നിയമനരീതി : നേരിട്ടുള്ള നിയമനം

5. പ്രായപരിധി : 21-40.

6. യോഗ്യതകള്‍ : I) വിദ്യാഭ്യാസ യോഗ്യത:- A) എസ്.എസ്.എല്‍.സി-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

B) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ലഭിച്ച ഡിപ്ലോമ (3 വര്‍ഷ കോഴ്സ്).

അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മുകളില്‍ പറഞ്ഞിട്ടുള്ള വിജ്ഞാന ശാഖകളിലെ ഡിപ്ലോമയ്ക്ക് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.

C) മോട്ടോര്‍ സൈക്കിള്‍, ഹെവി ഗൂഡ്സ് വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിന് അധികാരപ്പെടുത്തിയ സാധുവായ, നിലവിലുള്ള (current) ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 01.07.2026.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-26-26.pdf

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടാൻ സർക്കാർ; വിജ്ഞാപനം ഉടൻ

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടാൻ സർക്കാർ; വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ.ക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ്.സർക്കാരിന്റെ ഈ നിർണ്ണായക നടപടി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന അടിയന്തിര ആവശ്യം ഉന്നയിച്ച് നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ കുടുംബം തങ്ങളുടെ ശക്തമായ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. യുഡിഎഫ്.സർക്കാർ അധികാരമേറ്റ ശേഷം സിബിഐ.ക്ക് വിടുന്ന ആദ്യത്തെ പ്രധാന കേസാണിത് എന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ പിപി ദിവ്യയാണ് ഏക പ്രതിയായിട്ടുള്ളത്. സർക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്തുവരുന്നതോടെ ഇനി സിബിഐ ആയിരിക്കും കേസിന്റെ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.അതേസമയം, 13 പുതിയ സാക്ഷികളെക്കൂടി ഉൾപ്പെടുത്തി നവീൻ ബാബു കേസിൽ പൊലീസ് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ നൽകിയ പ്രത്യേക ഹർജിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് വിശദമായ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, കേസ് മനഃപൂർവ്വം നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം ഇപ്പോൾ നടത്തുന്നതെന്ന് പ്രതിഭാഗം കോടതിയിൽ കുറ്റപ്പെടുത്തി. മുൻപ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പ്രധാന പിഴവുകൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്ന ആവശ്യവുമായി മഞ്ജുഷ വിചാരണ കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ മെയ് 16-നാണ് ഹർജിയിൽ വ്യക്തമാക്കിയ നാല് പ്രധാന കാര്യങ്ങളിൽ അടിയന്തിരമായി തുടരന്വേഷണം നടത്താൻ കോടതി പൊലീസിന് ഉത്തരവ് നൽകിയത്.

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

മുംബൈ: ഐപിഎല്ലിൽ ഫൈനലിലെത്താൻ സാധിച്ചില്ലെങ്കിലും ഈ സീസണിലെ താരം രാജസ്ഥാൻ റോയൽസിന്റെ 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയാണെന്നു നിസംശയം പറയാം. വെടിക്കെട്ട് ബാറ്റിങുമായി കളം വാണ താരം നിലവിൽ 776 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നു. വിസ്മയ പ്രകടനത്തിനു പിന്നാലെ വൈഭവിനെ തേടി നിരവധി ബിസിനസ് ​ഗ്രൂപ്പുകളുടെ ഓഫറുകളും വരുന്നു. താരത്തിന്റെ ബാറ്റിൽ പരസ്യം നൽകാൻ ഒരു പ്രമുഖ വ്യവസായ സ്ഥാപനം ബ്ലാങ്ക് ചെക്കാണ് വൈഭവിനു ഓഫർ ചെയ്തിരിക്കുന്നത്.

നിലവിൽ എസ്എസ് സ്പോർട്സാണ് വൈഭവിന്റെ ബാറ്റ് സ്പോൺസർമാർ. 50 ലക്ഷം രൂപയാണ് ഒരു വർഷത്തേക്ക് താരത്തിനു സ്പോൺസർഷിപ്പിലൂടെ മാത്രം കിട്ടുന്നത്. വൈഭവുമായുള്ള കരാറിനു വേണ്ടി ആരെങ്കിലും മുന്നോട്ടു വന്നാൽ 3 വർഷത്തെ ഡീൽ വിൽക്കാൻ ഒരുക്കമാണെന്നു എസ്എസ് സ്പോർട്സ് വ്യക്തമാക്കി.

വൈഭവിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ എലിമിനേറ്റർ 2 വരെ എത്തിയത്. സ്ഫോടനാത്മക തുടക്കമാണ് കൗമാരക്കാരൻ ടൂർണമെന്റിൽ ഉടനീളം രാജസ്ഥാനു നൽകിയത്. ഇതോടെ താരത്തിനു യൂനിവേഴ്സൽ ബേബി ബോസ് എന്ന പേരും കിട്ടി. നിരവധി ആരാധകരെ സമ്പാദിക്കാനും കൗമാര താരത്തിനു സാധിച്ചു. ഇതോടെയാണ് കമ്പനികൾ കുഞ്ഞു താരത്തിനു വമ്പൻ ഓഫറുകളുമായി എത്തിയത്.

ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ ഒരു വർഷത്തെ കരാറിനു മൂന്ന് മുതൽ എട്ട് കോടി രൂപ വരെയാണ് വാങ്ങുന്നത്. നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ പോലും ഇടമില്ലാത്ത ഋഷഭ് പന്ത് ഒരു വർഷത്തെ ബാറ്റ് ‍ഡീലിനു 8 കോടി വരെ ആവശ്യപ്പെടുന്നുണ്ട്. സൂര്യവംശിക്ക് ഒരു കമ്പനി ബാറ്റ് സ്പോൺസർഷിപ്പായി മാത്രം 12 കോടി രൂപയാണ് ഓഫർ ചെയ്തത്. താരത്തിന്റെ നിലവിലെ കരാറിനേക്കാൾ 24 ഇരട്ടി വരും ഈ തുക.

2025ൽ 14ാം വയസിലാണ് വൈഭവ് ഐപിഎല്ലിൽ അരങ്ങേറിയത്. 1.10 കോടി രൂപയാണ് താരത്തിനു നിലവിൽ രാജസ്ഥാൻ നൽകുന്ന പ്രതിഫലം. അതിനു പുറമേ മാച്ച് ഫീ ഇനത്തിൽ 7.5 ലക്ഷം രൂപ വീതം വേറെയും ലഭിക്കും. വൈഭവിന്റെ കുടുംബം മുംബൈ ന​ഗരത്തിൽ 3 കോടി രൂപയ്ക്കു ഫ്ലാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് താരം. ഏഷ്യൻ ​ഗെയിംസിനുള്ള 30 അം​ഗ സാധ്യതാ പട്ടികയിൽ വൈഭവും ഇടംപിടിച്ചിട്ടുണ്ട്. ഏഷ്യൻ ​ഗെയിംസ് അല്ലെങ്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര രണ്ടിൽ ഒരു പോരാട്ടത്തിൽ താരത്തിനും ഇടം ലഭിക്കാൻ സാധ്യതയുണ്ട്.

ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന കൂൾ മേറ്റ് എന്ന സ്ഥാപനം കത്തി നശിച്ചു

ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന കൂൾ മേറ്റ് എന്ന സ്ഥാപനം കത്തി നശിച്ചു

ആറ്റിങ്ങൽ നിലയപരിധിയിലെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സമീപം കൂൾമേറ്റ് ഗ്രാഫിക്സ് എന്ന സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. ആറ്റിങ്ങൽ അഗ്നിരഷാ സേന യുടെ ഒരു യൂണിറ്റ് വാഹനം സംഭവ സ്ഥലത്തെത്തി തീ പൂർണ്ണമായും കെടുത്തി. മറ്റു കടകളിലേക്കും സമീപത്തുള്ള വീടിലേക്കും തീ വ്യാപിച്ചില്ല.

കെട്ടിടത്തിനുള്ളിലെ ഫ്ലെക്സ് പ്രിന്റിംഗ്, ബോർഡ്‌മേക്കിങ് യൂണിറ്റ് കൾ, യു പി എസ്, കമ്പ്യൂട്ടർ, സ്റ്റിക്കർ കട്ടിങ് ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റ്, ഇൻവെർട്ടർ യൂണിറ്റ് എന്നിവ കത്തി നശിച്ചു. കെട്ടിടത്തിനുള്ളിൽ പാർക്ക്‌ ചെയ്തിരുന്ന മാരുതി ഈക്കോ വാഹനത്തിൽ ചൂട് അടിച്ചു നാശ നഷ്ടങ്ങൾ ഉണ്ടായി. തീപിടിച്ചവയിൽ ഏകദേശം 1 കോടിയോളം രൂപയുടെ ഉപകരണങ്ങളും സാധനങ്ങളും ഉണ്ടായിരുന്നു എന്ന് ഉടമ അറിയിച്ചു.

ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്

ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: നടൻ അജിത് കുമാറിന്റെ അമ്മ മോഹിനിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. യുഎഇയിൽ ആയിരുന്ന അജിത് ഇന്നലെ വൈകീട്ടാണ് ചെന്നൈയിലെ വീട്ടിൽ എത്തിയത്. നടിയും സുഹൃത്തുമായ തൃഷക്കൊപ്പമാണ് വിജയ് എത്തിയത്. അജിത് വീടിന് പുറത്തിറങ്ങി വന്ന് മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു.

വിജയ് മുഖ്യമന്ത്രിയായ ശേഷം ആ​ദ്യമായാണ് ഇരുവരും കാണുന്നത്. ഇന്നലെ വിജയ് എക്സിലും വൈകാരിക കുറിപ്പ് പങ്കുവച്ചിരുന്നു. “പ്രിയ സുഹൃത്ത് അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് അങ്ങേയറ്റം ദുഃഖിക്കുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ അജിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു”.- എന്നാണ് വിജയ് കുറിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അജിത്തിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചത്. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചത്. അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.